മൂന്നാംമോദി സര്‍ക്കാരിന്‍റെ രണ്ടാംബജറ്റ് ഇന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍ അവതരിപ്പിക്കും. നിര്‍മല സീതാരാമന്‍റെ തുടര്‍ച്ചയായ എട്ടാംബജറ്റ് കൂടിയാണിത്. എന്തെല്ലാമാണ് ബജറ്റില്‍ കാത്തുവച്ചതെന്ന് അറിയാനുള്ള ആകാംഷയിലാണ് രാജ്യം.
വളര്‍ച്ചാനിരക്ക് നാലുവര്‍ഷത്തിനിടയിലെ താഴ്ന്ന നിലയില്‍ ആയിരിക്കുമെന്ന പ്രവചനം. ഉയരുന്ന പണപ്പെരുപ്പവും വിലക്കയറ്റവും. സാമ്പത്തിക സര്‍വെ ചിലപ്രതീക്ഷകള്‍ പങ്കുവയ്ക്കുന്നുണ്ടെങ്കിലും വെല്ലുവിളികള്‍ക്കു നടുവില്‍ നിന്നാണ് നിര്‍മലാ സീതാരാമന്‍ എട്ടാമത് ബജറ്റ് അവതരിപ്പിക്കുന്നത്. അതുകൊണ്ടുതന്നെ ജനപ്രിയ പ്രഖ്യാപനങ്ങള്‍ക്ക് സാധ്യത കുറവായിരിക്കും എന്നാണ് സൂചന. ഡല്‍ഹിയും ബിഹാറും മാറ്റിനിര്‍ത്തിയാല്‍ വലിയ തിരഞ്ഞെടുപ്പുകള്‍ വരാനില്ല എന്നതും കടുത്ത നടപടികള്‍ക്ക് ധനമന്ത്രിയെ പ്രേരിപ്പിച്ചേക്കാം. കേരളം 24000 കോടി രൂപയുടെ പ്രത്യേക പാക്കേജും വയനാടിനു മാത്രമായി 2000 കോടി രൂപയും ചോദിച്ചിട്ടുണ്ട്.
ധനമന്ത്രി കനിയുമോ എന്ന് കണ്ടറിയണം. റെയില്‍വെക്കുള്ള നീക്കിയിരിപ്പിലും കേരളത്തിന് വലിയ പ്രാധാന്യം ലഭിക്കാനിടയില്ല. പാതയിരട്ടിപ്പിക്കലിനും നവീകരണത്തിനും തന്നെയായിരിക്കും പ്രാധാന്യം. ആദായനികുതിയില്‍ മാറ്റമുണ്ടാകുമോ എന്നാണ് ഇടത്തരം വരുമാനക്കാര്‍ ഉറ്റുനോക്കുന്നത്. പുതിയ സ്കീമില്‍ സ്ലാബുകള്‍ മാറ്റം വരുത്താന്‍ സാധ്യതയുണ്ട്. കൂടുതല്‍ പണം ജനങ്ങളിലെത്താനും വാങ്ങല്‍ ശേഷി വര്‍ധിപ്പിക്കാനും ഇത് ഉപകരിക്കും. അതേസമയം പഴയ സ്കീമില്‍ വലിയ മാറ്റങ്ങളുണ്ടാവില്ല