നാളെ പുലരുമ്പോള്‍ രാജ്യം കാത്തിരിക്കുന്നത് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്പേസ് സെന്‍ററില്‍ നിന്നുള്ള നൂറാം വിക്ഷേപണത്തിന്‍റെ വിജയം ആഘോഷിക്കാനാണ്. ലോകരാഷ്ട്രങ്ങള്‍ക്കിടയിലും ശ്രീഹരിക്കോട്ട വിശ്വസ്ത വിക്ഷേപണ കേന്ദ്രമാണ്. റോക്കറ്റുകളുടെ ഘടകങ്ങള്‍ വേഗത്തില്‍ കൂട്ടിച്ചേര്‍ക്കാനും ദൗത്യം നിയന്ത്രിക്കാനും ശാസ്ത്രീയ പരീക്ഷണങ്ങള്‍ക്കുമെല്ലാം പര്യാപ്തമാണ് ശ്രീഹരിക്കോട്ടയെന്ന് പലകുറി തെളിഞ്ഞുകഴിഞ്ഞു.
ഐഎസ്ആര്‍ഒയുടെ നാവിക് ഉപഗ്രഹങ്ങളുടെ ശ്രേണിയില്‍ രണ്ടാമത്തേതാണ് എന്‍വിഎസ്–02. ഭൂസ്ഥിര ഭ്രമണപഥത്തിലാണ് ഉപഗ്രഹത്തെ എത്തിക്കുന്നത്. എന്‍വിഎസ്–01 മേയില്‍ വിക്ഷേപിച്ചിരുന്നു. ജിപിഎസിന് സമാനമായി സ്റ്റാന്‍ഡേര്‍ഡ് പൊസിഷന്‍ സര്‍വീസ് എന്ന ദിശ നിര്‍ണയ സേവനം നല്‍കുന്നത് നാവിക് ഉപയോഗിച്ചാണ്.
ഇന്ത്യയും അതിര്‍ത്തിയില്‍ നിന്ന് 1500 കി.മീ. ചുറ്റളവിലുള്ള പ്രദേശങ്ങളും നാവികിന്‍റെ പരിധിയില്‍ വരും. കൃത്യമായ സ്ഥാനം, വേഗം, സമയസേവനങ്ങള്‍ എന്നിവ നല്‍കാൻ നാവികിന് കഴിയും. എല്ലാത്തരം ഗതാഗത സേവനങ്ങള്‍ക്കും ലൊക്കേഷന്‍ അധിഷ്ഠിത സേവനങ്ങള്‍ക്കും സര്‍വേകള്‍ക്കും നാവിക് ഗുണം ചെയ്യും. സ്റ്റാന്‍ഡേര്‍ഡ് പൊസിഷനിങ് സേവനവും നിയന്ത്രിത സേവനവും നല്‍കും.
1971–ലാണ് ശ്രീഹരിക്കോട്ടയില്‍ വിക്ഷേപണ കേന്ദ്രം പ്രവര്‍ത്തനം തുടങ്ങിയത്. ശ്രീഹരിക്കോട്ട റെയ്ഞ്ച് എന്നായിരുന്നു ആദ്യപേര്. ആദ്യവിക്ഷേപണം നടന്നത് 1979 ഓഗസ്റ്റിലാണ്.