എസ്ബിഐയില്‍ 600 പ്രബേഷനറി ഓഫിസര്‍മാരുടെ ഒഴിവ് റിപ്പോര്‍ട്ട് ചെയ്തു. ജനുവരി 16-ാണ് ഓണ്‍ലൈന്‍ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി. 2025 ഏപ്രില്‍ 30ന് ബിരുദമോ തത്തുല്യവും, അവസാന വര്‍ഷ ബിരുദ വിദ്യാര്‍ഥികള്‍ക്കും അപേക്ഷിക്കാം. മെഡിക്കല്‍, എന്‍ജിനീയറിങ്/ ചാര്‍ട്ടേഡ്/ കോസ്റ്റ് അക്കൗണ്ടന്‍റ് യോഗ്യതയുള്ളവരെയും പരിഗണിക്കും. 48450 രൂപ മുതല്‍ 85920 രൂപ വരെയാണ്  ശമ്പളം.

പ്രായപരിധി: 21–30. പട്ടിക വിഭാഗക്കാര്‍ക്കും വിമുക്തഭടന്‍മാര്‍ക്കും അ‍‍ഞ്ച് വര്‍ഷത്തെ ഇളവ് ലഭിക്കും. മറ്റ് പിന്നാക്ക വിഭാഗക്കാര്‍ക്ക് മൂന്നും അംഗപരിമിതര്‍ക്ക് പത്തും വര്‍ഷത്തെ ഇളവ്. 

തിരഞ്ഞെടുക്കുന്ന രീതി: ഒരു മണിക്കൂര്‍ ഓണ്‍ലൈന്‍ പ്രിലിമിനറി പരീക്ഷയില്‍ ഇംഗ്ലിഷ്, ക്വാണ്ടിറ്റേറ്റീവ് ആപ്റ്റിറ്റ്യൂഡ്, റീസണിങ് എബിലിറ്റി വിഭാഗങ്ങളില്‍ നിന്നുള്ള 100 ഒബ്ജക്ടീവ് ചോദ്യങ്ങളുണ്ടാകും. മെയില്‍ പരീക്ഷയില്‍ 200 മാര്‍ക്കിന്‍റെ ഒബ്ജക്റ്റീവ് ചോദ്യങ്ങളും (3 മണിക്കൂര്‍) 50 മാര്‍ക്കിന്‍റെ (അരമണിക്കൂര്‍) ഡിസ്ക്രിപ്റ്റീവ് ചോദ്യങ്ങളും ഉണ്ട്. ഇതിന് ശേഷം സൈക്കോമെട്രിക് ടെസ്റ്റും,ഗ്രൂപ്പ് എക്സര്‍സൈസും (20 മാര്‍ക്ക്) അവസാനമായി അഭിമുഖവും (30മാര്‍ക്ക്)നടത്തും. 

തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് രണ്ട് വര്‍ഷം പ്രബേഷന്‍. പ്രബേഷനറി ഓഫിസറായി നാല് തവണ മുന്‍പ് പരീക്ഷ എഴുതിയിട്ടുള്ള ജനറല്‍ വിഭാഗത്തില്‍ നിന്നുള്ള ഉദ്യോഗാര്‍ഥികള്‍ അപേക്ഷിക്കേണ്ടതില്ല. ഒബിസി, ഭിന്നശേഷിക്കാര്‍ക്ക് ഏഴുതവണയാണ് പരിധി. പട്ടിക വിഭാഗത്തിന് ഈ വ്യവസ്ഥ ബാധകമല്ല.  750 രൂപയാണ് അപേക്ഷാ ഫീസ്. പട്ടികവിഭാഗം, ഭിന്നശേഷി അപേക്ഷകര്‍ക്ക് ഫീസില്ല. 

പ്രിലിമിനറി പരീക്ഷയ്ക്ക് കേരളത്തില്‍ കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശൂര്‍, കൊച്ചി, കോട്ടയം, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം എന്നിവിടങ്ങളിലും മെയിന്‍ പരീക്ഷയ്ക്ക് കൊച്ചിയിലും തിരുവനന്തപുരത്തുമാണ് കേന്ദ്രങ്ങള്‍. റജിസ്ട്രേഷനും വിജ്ഞാപനത്തിനും https://bank.sbi/careers, https://sbi.co.in/careers എന്നീ സൈറ്റുകള്‍ സന്ദര്‍ശിക്കാം. 

ബാങ്ക് ഓഫ് ബറോഡയിലും ഒഴിവുകള്‍

ബാങ്ക് ഓഫ് ബറോഡയില്‍ 1267 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്രഫഷനല്‍, സ്പെഷലിസ്റ്റ് ഓഫിസര്‍ വിഭാഗങ്ങളില്‍ ജോലി പരിചയം ആവശ്യമാണ്. ജനുവരി 17ാണ് അപേക്ഷിക്കേണ്ട അവസാന തീയതി. 

റീട്ടെയ്​ല്‍ ലയബിലിറ്റീസ് (450ഒഴിവ്), എംഎസ്എംഇ ബാങ്കിങ് (341 ഒഴിവ്), റൂറല്‍ ആന്‍റ് അഗ്രി ബാങ്കിങ് (200 ഒഴിവ്, ഐടി (177 ഒഴിവ്, കോര്‍പറേറ്റ് ആന്‍ഡ് ഇന്‍സ്റ്റിറ്റ്യൂഷനല്‍ ക്രെഡിറ്റ് (30 ഒഴിവ്), എന്‍റര്‍പ്രൈസ് ഡേറ്റ മാനേജ്മെന്‍റ് ഓഫിസ് (25 ഒഴിവ്) ഫെസിലിറ്റി മാനേജ്മെന്‍റ് (22 ഒഴിവ്) ഫിനാന്‍സ് (13 ഒഴിവ് ) ഇന്‍ഫര്‍മേഷന്‍ സെക്യൂരിറ്റി (9 ഒഴിവ്). 

ENGLISH SUMMARY:

Applications are invited for the post of Probationary Officers in various branches of the State Bank of India. Candidates can check the eligibility criteria, selection process, important dates, and other details here