tamilnadu-rain

തമിഴ്നാട്ടില്‍ വീണ്ടും റെഡ് അലര്‍ട്ട്. തിരുവണ്ണാമലൈ, കള്ളക്കുറിച്ചി, വിഴുപുരം ജില്ലകളിലാണ് മുന്നറിയിപ്പ്. ചെന്നൈ അടക്കം ഏഴ് ജില്ലകളിലും പുതുച്ചേരിയിലും കാരയ്ക്കലും ഓറഞ്ച് അലര്‍ട്ട്.  ഫെയ്ഞ്ചല്‍ കൂടുതല്‍ ദുര്‍ബലമായി, അടുത്ത 12 മണിക്കൂറില്‍ ന്യൂനമര്‍ദമാകും. അതേസമയം ചുഴലിക്കാറ്റിനെത്തുടര്‍ന്നുണ്ടായ മഴക്കെടുതികളില്‍ തമിഴ്നാട്ടിലും പുതുച്ചേരിയിലുമായി എട്ടുപേര്‍ മരിച്ചു  

Read Also: പുതുച്ചേരിയില്‍ പ്രളയസമാന സാഹചര്യം; നൂറ് കണക്കിന് വീടുകളില്‍ വെള്ളം കയറി

‍റെക്കോര്‍ഡ് മഴയ്ക്ക് പിന്നാലെ നൂറ് കണക്കിന് വീടുകളില്‍ വെള്ളം കയറി. തമിഴ്നാട്ടില്‍ കടലൂരും വിഴുപുരത്തും കനത്ത മഴയും വെള്ളക്കെട്ടും തുടരുകയാണ്. ഇന്നലെ രാത്രി പതിനൊന്നരയോടെ പുതുച്ചേരി വഴി പൂര്‍ണമായി കരയിലെത്തിയ ഫെയ്ഞ്ചല്‍ ചുഴലിക്കാറ്റ് അതിതീവ്ര ന്യൂനമര്‍ദമായി മാറി. നിലവില്‍ പുതുച്ചേരിക്കടത്ത് തന്നെ അതിതീവ്ര ന്യൂനമര്‍ദം തുടരുന്നതിനാല്‍ ഇവിടേയും തമിഴ്നാട്ടിലെ വിഴുപുരത്തും കടലൂരും കനത്തമഴ തുടരുകയാണ്. പുതുച്ചേരിയില്‍ പ്രളയസമാന സാഹചര്യമാണ്. നൂറ് കണക്കിന് വീടുകളില്‍ വെള്ളം കയറി. രക്ഷാപ്രവര്‍ത്തനത്തിന് സൈന്യം ഇറങ്ങി. വാഹനങ്ങളുള്‍പ്പെടെ വെള്ളത്തില്‍ മുങ്ങി. എല്ലാ സ്കൂളുകളും കോളജുകളും ദുരിതാശ്വാസ ക്യാംപുകള്‍ക്കായി വിട്ടുനല്‍കണമെന്ന് പുതുച്ചേരി കലക്ടര്‍. 48.37 സെന്റിമീറ്റര്‍ മഴയാണ് 24 മണിക്കൂറിനിടെ പെയ്തിറങ്ങിയത്. 

 

വിഴുപുരം, കടലൂര്‍ ജില്ലകളിലാണ് തമിഴ്നാട്ടില്‍ വലിയ മഴക്കെടുതി നേരിടുന്നത്. പലയിടങ്ങളിലും വീടുകളില്‍ വെള്ളംകയറി. എന്‍ഡിആര്‍എഫ് സംഘങ്ങള്‍ ആളുകളെ രക്ഷിച്ച് സുരക്ഷിത ഇടങ്ങളിലേക്ക് മാറ്റുന്നുണ്ട്. വിക്രവാണ്ടിയില്‍ ചെന്നൈ–ട്രിച്ചി ദേശീയപാതയിലെല്ലാം വെള്ളക്കെട്ടുണ്ട്. സാഹചര്യം പരിശോധിക്കാനും വേണ്ട നടപടികള്‍ കൈക്കൊള്ളാനുമായി ഇവിടേക്ക് വൈദ്യുതി മന്ത്രിയേയും ഉന്നത ഉദ്യോഗസ്ഥരേയും അയച്ചതായി മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍ പറഞ്ഞു. കൊളത്തൂരിലെ  മഴ ബാധിത പ്രദേശങ്ങള്‍ മുഖ്യമന്ത്രി സന്ദര്‍ശിച്ചു. 50 സെന്റി മീറ്റര്‍ മഴയാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ വിഴുപുരത്തെ മെയ്‌ലത്ത് പെയ്തത്. ചെന്നൈ വിമാനത്താവളത്തില്‍ സര്‍വീസുകള്‍ പുനാരംഭിച്ചു. 

അതേസമയം, ഇന്നലെ  ലാന്‍ഡ് ചെയ്യുന്നതിനിടെ ചെന്നൈ വിമാനത്താവളത്തില്‍ നിന്ന് വീണ്ടും പറന്നുയര്‍ന്നത് ഇന്‍ഡിഗോ വിമാനമെന്ന് സ്ഥിരീകരണം. ഫെയ്ഞ്ചല്‍ ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ പ്രതികൂല കാലാവസ്ഥയെ തുടര്‍ന്ന് വിമാനം വീണ്ടും പറന്നുയരുകയായിരുന്നു.  വിമാനം ഇറക്കാനുള്ള ശ്രമം അവസാന നിമിഷം ഉപേക്ഷിച്ച് വീണ്ടും പറന്നുയര്‍ന്ന ദൃശ്യങ്ങള്‍ ചര്‍ച്ചയായതോടെയാണ് ഇന്‍ഡിഗോയുടെ വിശദീകരണം. മുംബൈ–ചെന്നൈ വിമാനമായിരുന്നു ഇത്. മോശം കാലാവസ്ഥയെ തുടര്‍ന്ന് സുരക്ഷിത ലാന്‍ഡിങ് സാധ്യമല്ലെന്ന് കണ്ടപ്പോള്‍ എടുത്ത തീരുമാനമാണിത്. പ്രൊട്ടോക്കോള്‍ പാലിച്ച് പൈലറ്റാണ് തീരുമാനം എടുത്തത്. ഇന്‍ഡിഗോ പൈലറ്റുമാര്‍ ഇത്തരം സാഹചര്യം നേരിടാന്‍ പ്രാപ്തരെന്നും കമ്പനി വ്യക്തമാക്കി

ENGLISH SUMMARY:

Cyclone Fengal: Army, NDRF's rescue ops on in Puducherry, train services resume in Chennai