ഫെയ്ഞ്ചല്‍ ചുഴലിക്കാറ്റിനെത്തുടര്‍ന്ന് പുതുച്ചേരിയില്‍ വെള്ളം കയറിയ നിലയില്‍
ഫെയ്ഞ്ചല്‍ ചുഴലിക്കാറ്റിനെത്തുടര്‍ന്ന് തമിഴ്നാട്ടിലെ പുതുച്ചേരിയില്‍ കനത്ത മഴയും വെള്ളപ്പൊക്കവും. റെക്കോര്‍ഡ് മഴയ്ക്ക് പിന്നാലെ നൂറ് കണക്കിന് വീടുകളില്‍ വെള്ളം കയറി. തമിഴ്നാട്ടില്‍ കടലൂരും വിഴുപുരത്തും കനത്ത മഴയും വെള്ളക്കെട്ടും തുടരുകയാണ്. മഴക്കെടുതിയില്‍ നാലുപേര്‍ മരിച്ചു.
ഇന്നലെ രാത്രി പതിനൊന്നരയോടെ പുതുച്ചേരി വഴി പൂര്‍ണമായി കരയിലെത്തിയ ഫെയ്ഞ്ചല്‍ ചുഴലിക്കാറ്റ് അതിതീവ്ര ന്യൂനമര്‍ദമായി മാറി. നിലവില്‍ പുതുച്ചേരിക്കടത്ത് തന്നെ അതിതീവ്ര ന്യൂനമര്‍ദം തുടരുന്നതിനാല്‍ ഇവിടേയും തമിഴ്നാട്ടിലെ വിഴുപുരത്തും കടലൂരും കനത്തമഴ തുടരുകയാണ്. പുതുച്ചേരിയില്‍ പ്രളയസമാന സാഹചര്യമാണ്.
നൂറ് കണക്കിന് വീടുകളില്‍ വെള്ളം കയറി. രക്ഷാപ്രവര്‍ത്തനത്തിന് സൈന്യം ഇറങ്ങി. വാഹനങ്ങളുള്‍പ്പെടെ വെള്ളത്തില്‍ മുങ്ങി. എല്ലാ സ്കൂളുകളും കോളജുകളും ദുരിതാശ്വാസ ക്യാമ്പുകള്‍ക്കായി വിട്ടുനല്‍കണമെന്ന് പുതുച്ചേരി ജില്ലാകലക്ടര്‍. 48.37 സെന്റിമീറ്റര്‍ മഴയാണ് 24 മണിക്കൂറിനിടെ പെയ്തിറങ്ങിയത്.
വിഴുപുരം, കടലൂര്‍ ജില്ലകളിലാണ് തമിഴ്നാട്ടില്‍ വലിയ മഴക്കെടുതി നേരിടുന്നത്. പലയിടങ്ങളിലും വീടുകളില്‍ വെള്ളംകയറി. എന്‍ഡിആര്‍എഫ് സംഘങ്ങള്‍ ആളുകളെ രക്ഷിച്ച് സുരക്ഷിത ഇടങ്ങളിലേക്ക് മാറ്റുന്നുണ്ട്. വിക്രവാണ്ടിയില്‍ ചെന്നൈ–ട്രിച്ചി ദേശീയപാതയിലെല്ലാം വെള്ളക്കെട്ടുണ്ട്.
സാഹചര്യം പരിശോധിക്കാനും വേണ്ട നടപടികള്‍ കൈക്കൊള്ളാനുമായി ഇവിടേക്ക് വൈദ്യുതി മന്ത്രിയേയും ഉന്നത ഉദ്യോഗസ്ഥരെ അയച്ചതായി മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍ പറഞ്ഞു. കൊളത്തൂരിലെ മഴ ബാധിത പ്രദേശങ്ങള്‍ മുഖ്യമന്ത്രി സന്ദര്‍ശിച്ചു.
50 സെന്‍റി മീറ്റര്‍ മഴയാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ വിഴുപുരത്തെ മെയ്‌ലത്ത് പെയ്തത്. നിലവില്‍ തമിഴ്നാട്ടില്‍ റെഡ് അലര്‍ട്ടില്ല. 14 ജില്ലകളിലും പുതുച്ചേരിയിലും കാരയ്ക്കലും ഓറഞ്ച് അലര്‍ട്ടും ചെന്നൈ അടക്കമുള്ള 12 ജില്ലകളില്‍ യെലോ അലര്‍ട്ടുമാണ്. ചെന്നൈ വിമാനത്താവളത്തില്‍ സര്‍വീസുകള്‍ പുനാരംഭിച്ചു.