പൗരത്വ ഭേദഗതി നിയമത്തിന്റെ ചട്ടം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കേരളം സുപ്രീംകോടതിയെ സമീപിക്കും. ഇന്ന് ചേർന്ന മന്ത്രിസഭായോഗമാണ് ഇക്കാര്യത്തിൽ തീരുമാനമെടുത്തത്. സിഎഎ ഭരണഘടനാവിരുദ്ധമെന്ന് പ്രഖ്യാപിക്കണം എന്ന് ആവശ്യപ്പെട്ട് കേരളം നേരത്തെ സുപ്രീംകോടതിയിൽ സ്യൂട്ട് നൽകിയിരുന്നു. പുതിയ സ്യൂട്ട് സമർപ്പിക്കണോ എന്ന കാര്യം ആലോചിക്കാൻ അഡ്വക്കേറ്റ് ജനറലിനെ ചുമതലപ്പെടുത്തി. ഡൽഹിയിലുള്ള അഡ്വക്കേറ്റ് ജനറൽ ഇന്ന് മുതിർന്ന അഭിഭാഷകരുമായി കൂടിക്കാഴ്ച നടത്തും. എത്രയും വേഗം ഹർജി നൽകുന്നതിനാണ് തീരുമാനിച്ചിരിക്കുന്നതെന്ന് നിയമ മന്ത്രി പി രാജീവ് തിരുവനന്തപുരത്ത് പറഞ്ഞു.
പൗരത്വ നിയമം അറബി കടലിൽ എന്ന മുദ്രാവാക്യം ഉയർത്തി രാജ്ഭവന് മുന്നിൽ കോൺഗ്രസ് ധർണ്ണ നടത്തി . രാജ്യം അപകടകരമായ സാഹചര്യത്തിലൂടെ കടന്നു പോവുകയാണെന്ന് സമരം ഉദ്ഘാടനം ചെയ്ത പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞു. പൗരത്വനിയമം കേരളത്തിൽ നടപ്പാക്കില്ലെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന തട്ടിപ്പ് ആണെന്നും പാർലമെന്റ് നടപ്പാക്കിയ നിയമം തിരുവനന്തപുരത്തും കൊച്ചിയിലും നടപ്പാക്കില്ലെന്നത് ആത്മാർത്ഥത ഇല്ലാത്ത ഒന്നാണെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, രാവിലെ ചേർന്ന കെപിസിസി നേതൃയോഗത്തിൽ വിഷയം ചർച്ചയായി. പൗരത്വ നിയമത്തിൽ കേന്ദ്ര സംസ്ഥാന സർക്കാരുകളെ ഒരുപോലെ എതിർക്കാനും തുറന്നുകാട്ടാനും നേതൃയോഗത്തിൽ തീരുമാനിച്ചു.
പൗരത്വ നിയമ ഭേദഗതി വിജ്ഞാപനത്തിൽ പ്രതിഷേധിച്ച് ഡിവൈഎഫ്ഐ പ്രവർത്തകർ ആലപ്പുഴയിൽ ട്രെയിൻ തടഞ്ഞു. നേത്രാവതി എക്സ്പ്രസ് ട്രെയിൻ ആണ് ആലപ്പുഴ സ്റ്റേഷനിൽ വച്ച് തടഞ്ഞത്. ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി ജെയിംസ് സാമുവലിന്റെ നേതൃത്വത്തിൽ ആയിരുന്നു പ്രതിഷേധം. ട്രെയിനിന് മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിച്ച പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി. നേത്രാവതി എക്സ്പ്രസ് നിശ്ചിത സമയത്തിന് മുമ്പേ ആലപ്പുഴ സ്റ്റേഷനിൽ എത്തിയതിനാൽ യാത്രക്കാർക്ക് ട്രെയിൻ തടയൽ മൂലം സമയ നഷ്ടം ഉണ്ടായില്ല
CAA; Kerala government move to SC