സര്‍ക്കാര്‍ നിര്‍മിത മദ്യമായ ജവാന്‍ മദ്യത്തില്‍ അളവില്‍ കുറവുണ്ടെന്ന ലീഗല്‍ മെട്രോളജി വകുപ്പിന്‍റെ കണ്ടെത്തല്‍ സ്വകാര്യ ഡിസ്റ്റിലറികളെ സഹായിക്കാനെന്ന ആരോപണവുമായി ബവ്കോ. വിശദമായ അന്വേഷണം ആവശ്യപ്പെട്ട് ബവ്കോ എം.ഡി യോഗേഷ് ഗുപ്ത വിജിലന്‍സിനു കത്ത് നല്‍കി. സര്‍ക്കാര്‍ ബ്രാന്‍ഡ് മദ്യമായ ജവാന്‍റെ ഒരു ലീറ്റര്‍ ബോട്ടിലില്‍ അളവില്‍ കുറവുണ്ടെന്നായിരുന്നു കണ്ടെത്തല്‍
ലീഗല്‍ മെട്രോളജി വകുപ്പിന്‍റെ പരിശോധനയും, കണ്ടെത്തലും സദുദ്ദേശത്തോടെയല്ലെന്നാണ് ബവ്കോയുടെ നിഗമനം. സംസ്ഥാനത്തെ ഔട്്ലെറ്റുകളില്‍ ഏറ്റവും കൂടുതല്‍ വിറ്റു പോകുന്ന ജവാനെ മോശമാക്കുക എന്ന അജണ്ട ഇതിന്‍റെ പിന്നിലെന്നാണ് ബവ്കോ ആരോപണം. സ്വകാര്യ ഡിസ്റ്റിലറിക്കാരാണ് ഇതിന്‍റെ പിന്നിലെന്നും കൂട്ടിച്ചേര്‍ക്കുന്നു. പരിശോധനാ സമയത്തു തന്നെ ഇക്കാര്യം ഉന്നത ഉദ്യോഗസ്ഥരെ അറിയിച്ചിരുന്നു. തുടര്‍ന്നാണ് വിശദമായ അന്വേഷണം ആവശ്യപ്പെട്ട് വിജിലന്‍സ് ഡയറക്ടര്‍ക്ക് എം.ഡിയും എ.ഡി.ജി.പി റാങ്കിലുള്ള ഉദ്യോഗസഥനുമായ യോഗേഷ് ഗുപ്ത കത്ത് നല്‍കിയത്.
അന്വേഷണത്തില്‍ ബവ്കോയുടെ ഭാഗത്ത് തെറ്റുണ്ടെങ്കില്‍ നടപടിയെടുക്കാമെന്നും പറയുന്നുണ്ട്. നേരത്തെയും ചില സ്വകാര്യ ഡിസ്റ്റിലറിക്കാര്‍ ജവാന്‍റെ ലേബലിങ് നിയമപരമായല്ലെന്നു ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിയുടെ ഓഫിസിലും പരാതി നല്‍കിയിരുന്നു. എന്നാല്‍ ആരോപണം തെറ്റെന്നു തെളിയിക്കുന്നു വിശദമായ രേഖകളടക്കമാണ് എം.ഡി യോഗേഷ് ഗുപ്ത മറുപടി നല്‍കിയത്. ഇതിനു പിന്നാലെയാണ് ഡിസ്റ്റിലറിയില്‍ പരിശോധന നടത്തി അളവില്‍ കുറവുണ്ടെന്നു ലീഗല്‍ മെട്രോളജി കണ്ടെത്തിയത്. മാത്രമല്ല കൃത്യമായ നോട്ടീസ് പോലും നല്‍കാതെയായിരുന്നു പരിശോധനയെന്നും വിജിലന്‍സിനു നല്‍കിയ അന്വേഷണ ശുപാര്‍ശയില്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള തിരുവല്ല ട്രാവന്‍കൂര്‍ ആന്‍റ് ഷുഗേഴ്സില്‍ പരിശോധന നടത്തിയായിരുന്നു ലീഗല്‍ മെട്രോളജി കണ്ടെത്തല്‍.
BEVCO against the Legal Metrology Department's findings