ബവ്കോയുടെ ഗാലനേജ് ഫീസ് കുടിശികയായ 500 കോടി രൂപ ഉടന്‍ അനുവദിക്കണമെന്ന് ബെവ്കോയോട് ധനവകുപ്പ്. സര്‍ക്കാരിന്‍റെ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കുന്നതിനാണ് രണ്ട് വര്‍ഷത്തെ ഗാലനേജ് ഫീസ് കുടിശിക ആവശ്യപ്പെടുന്നതെന്നാണ് ധനവകുപ്പ് സെക്രട്ടറിയുടെ വിശദീകരണം.
ഒരു കെയ്സ് മദ്യത്തിന് പത്ത് പൈസ ഗാലനേജ് ഫീസ് എന്നത് രണ്ട് വര്‍ഷം മുന്‍പാണ് സംസ്ഥാന ബജറ്റില്‍ പത്ത് രൂപയാക്കി ഉയര്‍ത്തിയത്. തീരുമാനം ബവ്കോയെ സാമ്പത്തിക പ്രതിസന്ധിയിലേക്ക് നയിക്കുമെന്ന് കാട്ടി എക്സൈസ് മന്ത്രി അനുകൂല ഉത്തരവ് നല്‍കിയിരുന്നില്ല. കഴിഞ്ഞവര്‍ഷം 186 കോടിയുടെ സാമ്പത്തിക ലാഭം നേടിയ ബവ്കോ 500 കോടിയുടെ കുടിശിക അടച്ച് തീര്‍ക്കാന്‍ കടമെടുക്കേണ്ടി വരുമെന്നാണ് വിലയിരുത്തല്‍.
മദ്യവില്‍പ്പനയുടെ തോത് കൂടുന്നതോടെ അടുത്തവര്‍ഷം ഗാലനേജ് ഫീസായി 360 കോടിയിലേറെ രൂപ സര്‍ക്കാരിന് കൈമാറേണ്ടി വരും. ഇത് വരുംകാലങ്ങളില്‍ മദ്യത്തിന്‍റെ വിലകൂട്ടുന്നതിന് വരെ ഇടയാക്കിയേക്കും. ധന വകുപ്പിന്‍റെ നോട്ടിസില്‍ അടിയന്തരമായി ഇടപെടണമെന്ന് അറിയിച്ച് ബവ്കോ എം.ഡി ഹര്‍ഷിത അത്തല്ലൂരി മന്ത്രി എം.ബി.രാജേഷിന് കത്ത് നല്‍കിയിട്ടുണ്ട്.