കണ്ണൂര്‍ കടമ്പൂര്‍ ഹയര്‍സെക്കണ്ടറി സ്കൂളിലെ അധ്യാപകരുടെ കുടിശികയായുള്ള വേതനം നല്‍കിയില്ലെങ്കില്‍ പൊതുവിദ്യാഭ്യാസ സെക്രട്ടറി ഉള്‍പ്പടെ ശമ്പളം വാങ്ങാന്‍ പാടില്ലെന്ന ഉത്തരവുമായി ഹൈക്കോടതി.നൂറ്റി ഇരുപതോളം അധ്യാപകരുടെ ശമ്പളം വര്‍ഷങ്ങളായി വിദ്യാഭ്യാസവകുപ്പ് തടഞ്ഞുവെച്ചിരിക്കുന്നതിനെതിരെയാണ് ഹൈക്കോടതിയുടെ താക്കീത്.വിദ്യാഭ്യാസ വകുപ്പ് മനപ്പൂര്‍വ്വം ശമ്പളം തടസപ്പെടുത്തുകയാണെന്ന് കാണിച്ച് അധ്യാപകര്‍ നല്‍കിയ കോടതി അലക്ഷ്യ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ അന്ത്യശാസനം.
സംസ്ഥാനത്ത് തന്നെ ഏറ്റവും കൂടുതല്‍ കുട്ടികളെ എസ്എസ്എല്‍സി പരീക്ഷക്കിരുത്തി നൂറുശതമാനം വിജയം തുടര്‍ച്ചയായി നേടുന്ന സ്കൂളാണ് കണ്ണൂര്‍ ജില്ലയിലെ കടമ്പൂര്‍ ഹയര്‍ സെക്കണ്ടറി സ്കൂള്‍. പാഠ്യപാഠ്യേതരവിഷയങ്ങളിലും മികവുതെളിയിക്കുന്ന സ്കൂളിലെ 128 അധ്യാപകരുടെ ശമ്പളമാണ് വിദ്യാഭ്യാസവകുപ്പ് മുട്ടാപ്പോക്ക് ന്യായങ്ങള്‍ പറഞ്ഞ് തടഞ്ഞുവെച്ചിരുന്നത്. ഹൈക്കോടതി അധ്യാപകര്‍ക്ക് ശമ്പളം നല്‍കണമെന്ന് വിധിച്ചെങ്കിലും വിദ്യാഭ്യാസവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥര്‍ ഇടപെട്ട് തടസപ്പെടുത്തുകയായിരുന്നുവെന്നാണ് പരാതി. സ്കൂളിലെ അടിസ്ഥാന സൗകര്യങ്ങളില്‍ അടക്കം പോരായ്മ പറഞ്ഞായിരുന്നു തടസപ്പെടുത്തല്‍.ജോലി ചെയ്ത കാലത്തെ മുഴുവന്‍ ശമ്പളവും അധ്യാപകര്‍ക്ക് രണ്ടുമാസത്തിനകം നല്‍കണമെന്ന് കഴിഞ്ഞ ഓഗസ്റ്റ് നാലിന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു.
പക്ഷേ നടപടി ഒന്നും ഉണ്ടായില്ല. ഇതെതുടര്‍ന്നാണ് കോടതിഅലക്ഷ്യത്തിന് വീണ്ടും ഹര്‍ജി ഫയല്‍ ചെയ്തത്. കോടതിയുടെ വിധിയെ പോലും അനുസരിക്കാത്ത പൊതുവിദ്യാഭ്യാസവകുപ്പ് സെക്രട്ടറി റാണി ജോര്‍ജ് ഐഎഎസ്, പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ എസ്.ഷാനവാസ് ഐഎഎസ്, കണ്ണൂര്‍ വിദ്യാഭ്യാസ ഉപഡയറക്ടര്‍, കണ്ണൂര്‍ ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ എന്നിവര്‍ അധ്യാപകരുടെ വേധനം നല്‍കാതെ ശമ്പളം വാങ്ങിക്കാന്‍ പാടില്ലെന്നാണ് ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് ഉത്തരവിട്ടത്.ജനുവരി നാലിന് മുമ്പ് ഉത്തരവ് നടപ്പാക്കി റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കണം
അധ്യാപകര്‍ ജോലി ചെയ്തിട്ട് വേതനം നിഷേധിക്കുന്നത് മനുഷ്യത്വരഹിതമാണെന്ന് കോടതി നിരീക്ഷിച്ചു.നാലാം തിയതിക്കുമുമ്പായി ശമ്പളം വിതരണം ചെയ്ത് റിപ്പോര്‍ട്ട് സമര്‍പ്പിച്ചില്ലെങ്കില്‍ ശമ്പളം തടഞ്ഞുവെക്കുന്നതിന്‍റെ കൂടെ മറ്റ് കര്‍ശനനടപടികളിലേക്കും കോടതി കടക്കുമെന്നാണ് സൂചന. എട്ടുവര്‍ഷമായി ശമ്പളം കിട്ടാതെ ദുരിതം അനുഭവിക്കുന്ന അധ്യാപകര്‍ കോടതിയുടെ ഇടപെടലില്‍ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ്.
The High Court has given a warning on the suspension of the salaries of the teachers of the higher secondary school in Kadambur