എറണാകുളം – അങ്കമാലി അതിരൂപതയിലെ കുര്‍ബാന തര്‍ക്കം സജീവമായി നിലനിര്‍ത്താനുറച്ച് വൈദികരും വിശ്വാസികളും. തൃക്കാക്കരയില്‍ നാനൂറ് വൈദികര്‍ ഇന്ന് ജനാഭിമുഖമായി സമൂഹബലി അര്‍പ്പിക്കുമെന്നാണ് പ്രഖ്യാപനം. ഡിസംബര്‍ ഇരുപത്തിയഞ്ചിന് ഏകീകൃത കുര്‍ബാന നടപ്പാക്കണമെന്ന മാര്‍പ്പാപ്പയുടെ നിര്‍ദേശം നിലനില്‍ക്കുന്ന പശ്ചാത്തലത്തില്‍ ശക്തിപ്രകടനമെന്ന നിലയിലാണ് ക്രമീകരണങ്ങള്‍ ഒരുക്കിയിരിക്കുന്നത്.

 

എറണാകുളം കേന്ദ്രീകരിച്ച് സിറോ മലബാര്‍ സഭയ്ക്ക് സ്വയാധികാര സംവിധാനം അഥവാ ഹയരാര്‍ക്കി രൂപീകൃതമായതിന്റെ നൂറാം വാര്‍ഷികാഘോഷത്തിന്റെ സമാപനമാണ് തൃക്കാക്കര ഭാരത് മാതാ കോളജ് ഗ്രൗണ്ടില്‍ സംഘടിപ്പിച്ചിരിക്കുന്നത്. സഭാ നേതൃത്വത്തെ ഒഴിവാക്കി എറണാകുളം– അങ്കമാലി അതിരൂപതയിലെ ഒരു വിഭാഗം വൈദികരുടെയും വിശ്വാസികളുടെയും നേതൃത്വത്തിലാണ് ആഘോഷം സംഘടിപ്പിച്ചിരിക്കുന്നത്. വിവിധ സ്ഥലങ്ങളില്‍നിന്നുള്ള ശതാബ്ദി പ്രയാണങ്ങള്‍ മൂന്നരയോടെ സമ്മേളന സ്ഥലത്തെത്തും. തുടര്‍ന്ന് നാലുമണിക്ക് സമൂഹബലി. പൂര്‍ണമായും ജനാഭിമുഖമായി നടത്തുന്ന കുര്‍ബാനയില്‍ 400 വൈദികര്‍ പങ്കെടുമെന്നാണ് സംഘാടകരുടെ പ്രതീക്ഷ. 

 

ഇതിന്റെ അടിസ്ഥാനത്തിലുള്ള ക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്. കുര്‍ബാനയ്ക്ക് ശേഷം നടക്കുന്ന സമ്മേളനം ജസ്റ്റിസ് കുര്യന്‍ ജോസഫ് ഉദ്ഘാടനം ചെയ്യും. ക്രിസ്മസിന് എറണാകുളം –അങ്കമാലി അതിരൂപതയിലും ഏകീകൃത കുര്‍ബാന നടപ്പാക്കണമെന്ന് കഴിഞ്ഞ ദിവസം വീഡിയോ സന്ദേശത്തിലൂടെ മാര്‍പ്പാപ്പ ആവശ്യപ്പെട്ടിരുന്നു. എറണാകുളം– അങ്കമാലി അതിരൂപതയുടെ പുതിയ അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റര്‍ മാര്‍ ബോസ്കോ പുത്തൂരിന് പൗരസ്ത്യ തിരുസംഘം നല്‍കിയിരിക്കുന്ന നിര്‍ദേശവും ക്രിസ്മസിന് സിനഡ് കുര്‍ബാന അര്‍പ്പിക്കണമെന്നാണ്. 

 

ഈ സാഹചര്യത്തില്‍ ശക്തിപ്രകടനത്തിനുള്ള അവസരമായാണ് സമ്മേളനത്തെ ഒരു വിഭാഗം കാണുന്നത്. ഇന്ന് നടക്കുന്ന ശതാബ്ദി ആഘോഷം ഔദ്യോഗിക പരിപാടിയല്ലെന്ന് സഭാനേതൃത്വം വ്യക്തമാക്കിയിട്ടുണ്ട്. ഈ മാസം ഇരുപത്തിയൊന്നിന് രൂപതാധ്യക്ഷന്‍മാര്‍ പങ്കെടുക്കുന്ന പ്രാര്‍ഥനായോഗങ്ങള്‍ നടത്താനാണ് സഭാ നിര്‍ദേശം.