ഏകീകൃതകുർബാന തർക്കത്തെ തുടർന്ന് ഇടവക വികാരിയുടെ ചുമതലകളിൽ നിന്ന് പിന്മാറി എറണാകുളം അങ്കമാലി അതിരൂപതയിലെ വൈദികൻ. കടമക്കുടി സെന്റ് അഗസ്റ്റിൻ പള്ളിയിലെ ഫാദർ അഗസ്റ്റിൻ വട്ടോളിയാണ് ഇടവക വികാരി സ്ഥാനം രാജിവെച്ചത്. ഇന്ന് രാവിലെ കുർബാനയ്ക്കിടെയായിരുന്നു രാജി പ്രഖ്യാപനം
ഏകീകൃതകുർബാന അർപ്പിക്കാൻ തയ്യാറല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് രാജി. കുർബാനയുടെ പേരിൽ പള്ളിയിൽ സംഘർഷമുണ്ടാക്കാൻ താത്പര്യം ഇല്ല. ഇടവക വികാരി സ്ഥാനം രാജിവെച്ചെങ്കിലും പൗരോഹിത്യത്തിൽ തുടരും. ഇടവക വികാരിയുടെ ചുമതലകളിൽ നിന്ന് പിന്മാറുന്നു എന്നറിയിച്ചു കൊണ്ടുള്ള കത്ത് എറണാകുളം അങ്കമാലി അതിരൂപത അഡ്മിനിസ്ട്രേറ്റർ ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനിക്ക് കൈമാറിയതായും ഫാദർ അഗസ്റ്റിൻ വട്ടോളി പറഞ്ഞു.
രാജി പ്രഖ്യാപനം അപ്രതീക്ഷിതമാണെന്നും തങ്ങൾ ഫാദർ അഗസ്റ്റിൻ വട്ടോളിക്കൊപ്പമെന്നും കടമക്കുടി ഇടവകാഗംങ്ങൾ പ്രതികരിച്ചു. ജനഭിമുഖ കുർബാന പൂർണ അവകാശമായി അർപ്പിക്കാൻ സാധിക്കുന്ന പക്ഷം രാജി പിൻവലിക്കുമെന്നും ഫാദർ അഗസ്റ്റിൻ വട്ടോളി വ്യക്തമാക്കി.