സിറോ മലബാർ സഭ എറണാകുളം-അങ്കമാലി അതിരൂപതയിൽ ജനാഭിമുഖ കുർബാന വ്യവസ്ഥകളോടെ തുടരാൻ അനുമതി. ഇക്കാര്യം വ്യക്തമാക്കി അതിരൂപത സർക്കുലർ പുറത്തിറക്കി. അതിരൂപതയിലെ നിലവിലെ കൂരിയ അംഗങ്ങളെ മാറ്റാനും തീരുമാനമായി.
ജൂൺ 19ന് കൊച്ചിയിൽ ചേർന്ന എറണാകുളം - അങ്കമാലി അതിരൂപത വൈദിക സമ്മേളനത്തിലെ ധാരണ പ്രകാരമാണ് പുതിയ സർക്കുലർ. അതിരൂപതയിലെ പള്ളികളിൽ ജനാഭിമുഖ കുർബാന വ്യവസ്ഥകളോ തുടരാം എന്നാണ് സർക്കുലറിൽ വ്യക്തമാക്കിയിട്ടുള്ളത്. ഞായറാഴ്ചകളിലും കടമുള്ള ദിവസങ്ങളിലും ഒരു കുർബാനയെങ്കിലും ഏകീകൃതരീതിയിൽ അർപ്പിക്കണമെന്ന് വ്യവസ്ഥ.
രാവിലെ അഞ്ചരയ്ക്കും പത്തരയ്ക്കും ഇടയിലോ, വൈകുന്നേരം മൂന്നരയ്ക്കും ആറിനും ഇടയിലോ ഏകീകൃത കുർബാന ആരംഭിക്കണം. ജൂലൈ 3-ന് ദുക്റാന തിരുനാൾ മുതൽ ഈ ക്രമം ആരംഭിക്കണം. എല്ലാ പള്ളികളിലും എല്ലാ കുർബാനകളിലും വിശുദ്ധ കുർബാനയുടെ തക്സയിൽ നിർദ്ദേശിച്ചിരിക്കുന്നതുപോലെ വചനവേദി ഉപയോഗിക്കണമെന്നും സർക്കുലറിലുണ്ട്.
നിലവിലെ കൂരിയ അംഗങ്ങളെ മാറ്റണമെന്ന് ഏകീകൃത കുർബാനയെ എതിർക്കുന്ന വിഭാഗം നിരന്തരം ആവശ്യപ്പെട്ടിരുന്നു. ജൂലൈ 3 മുതൽ നിലവിലെ കൂരിയ അംഗങ്ങൾ പുതിയ ചുമതലയിലേക്ക് മാറുമെന്ന് സർക്കുലറിൽ വ്യക്തമാക്കിയിട്ടുണ്ട്. വൈദികർക്കെതിരായ അച്ചടക്ക നടപടികൾ കാനോനിക നിയമസാധ്യതകളുടെ വെളിച്ചത്തിൽ പരിഹരിക്കും. നവവൈദികർ ഏകീകൃത രീതിയിൽ മാത്രമേ കുർബാനയർപ്പിക്കൂവെന്ന് സത്യവാങ്മൂലം നൽകിയിട്ടുണ്ട്.
എന്നാൽ ശുശ്രൂഷ ചെയ്യുന്ന ഇടവകളുടെ സാഹചര്യത്തിനനുസരിച്ച് ഇവർക്ക് ഇളവു തേടാമെന്നും സർക്കുലറിലുണ്ട്. മേജർ ആർച്ചുബിഷപ്പ് മാർ റാഫേൽ തട്ടിൽ, മേജർ ആർച്ചുബിഷപ്പിൻ്റെ വികാരി മാർ ജോസഫ് പാംപ്ലാനി എന്നിവർ സംയുക്തമായാണ് സർക്കുലർ പുറത്തിറക്കിയത്. ജൂൺ 29 ഞായറാഴ്ച അതിരൂപതയിലെ പള്ളികളിൽ സർക്കുലർ വായിക്കും.