കൊല്ലം തേവലക്കരയിൽ സുഹൃത്തുക്കൾ തമ്മിൽ ഓണം ബംപർ ലോട്ടറി ടിക്കറ്റിനെച്ചൊല്ലിയുള്ള തർക്കത്തിനിടെ ഒരാളെ വെട്ടിക്കൊന്നു. തേവലക്കര സ്വദേശി ദേവദാസാണ് കൊല്ലപ്പെട്ടത്. സുഹൃത്ത് അജിത്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. വിഡിയോ റിപ്പോര്‍ട്ട് കാണാം.
ഓണം ബംപർ ലോട്ടറി ടിക്കറ്റ് നറുക്കെടുപ്പിന് തൊട്ട് മുൻപാണ് അതിദാരുണമായ കൊലപാതകം നടന്നത്. തേവലക്കര അരിനല്ലൂർ പടിഞ്ഞാറ് കുളങ്ങര ഭാഗം സ്വദേശികളും അയൽവാസികളുമായ അജിത്തും ദേവദാസും ലോട്ടറി ടിക്കറ്റിനെച്ചൊല്ലിയുണ്ടായ തർക്കമാണ് കൊലപാതകത്തിൽ എത്തിയത്. ഇരുവരും മദ്യലഹരിയിലായിരുന്നു. ദേവദാസ് ലോട്ടറി ടിക്കറ്റ് എടുത്ത് അജിത്തിന്റെ കൈവശം സൂക്ഷിക്കാൻ ഏൽപ്പിച്ചു. നറുക്കെടുപ്പിന് മുമ്പ് ദേവദാസ് അജിത്തിനോട് ടിക്കറ്റ് തിരികെ ആവശ്യപ്പെട്ടു. ഇങ്ങനെ തുടങ്ങിയ തർക്കത്തിനിടെയാണ് അജിത് ദേവദാസിനെ വെട്ടിയത്. കൈയ്യിൽ വെട്ടേറ്റ് ദേവദാസ് രക്തം വാർന്ന് കിടന്നു. ഓടിക്കൂടിയ നാട്ടുകാർ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ നഷ്ടമായി. ഇരുവരും അടുത്ത സുഹൃത്തുക്കളും മരംവെട്ട് തൊഴിലാളികളുമാണ്. അജിത്തിനെ തെക്കുംഭാഗം പൊലീസ് കസ്റ്റഡിയിലെടുത്തു.