G-sakthidharan

കൈതോലപ്പായയില്‍ കടത്തിയതില്‍ കരിമണല്‍ കമ്പനി സിഎംആര്‍എല്‍ ഉടമ ശശിധരന്‍ കര്‍ത്തായുടെ പണവുമുണ്ടെന്ന് ദേശാഭിമാനി മുന്‍ അസോഷ്യേറ്റ് എഡിറ്റര്‍ ജി.ശക്തിധരന്‍. അന്നത്തെ ഏറ്റവും വലിയ കെട്ട് കര്‍ത്താ നല്‍കിയതാണെന്ന് ശക്തിധരന്‍ ഫെയ്സ്ബുക്ക് പോസ്റ്റില്‍ ആരോപിച്ചു. ആരോപണങ്ങളില്‍ സമഗ്രാന്വേഷണം വേണമെന്ന് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. വിഡിയോ റിപ്പോര്‍ട്ട് കാണാം. 

കൈതോലപ്പായയില്‍ രണ്ടുകോടിയിലേറെ രൂപ കടത്തിയത് മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രി പി.രാജീവുമാണെന്ന് ഇന്നലെ ഫെയ്സ് ബുക്ക് പോസ്റ്റിലൂടെ ജി. ശക്തിധരന്‍ ആരോപിച്ചിരുന്നു. അന്ന് കിട്ടിയതില്‍ ഏറ്റവും വലിയ കെട്ട് കരിമണല്‍ കമ്പനിയുടമ ശശിധരന്‍ കര്‍ത്താ നല്‍കിയതാണെന്നാണ് ഇന്ന് ഫെയ്സ് ബുക്ക് പോസ്റ്റിലൂടെ ശക്തിധരന്‍റെ ആരോപണം. ദേശാഭിമാനി മുന്‍ ഡപ്യൂട്ടി ജനറല്‍ മാനേജരാണ് കര്‍ത്തായില്‍ നിന്ന് പണം വാങ്ങിയത്. അന്ന് ഒരു വമ്പന്‍ പണവുമായി വരുമെന്ന് പി.രാജീവ് പറഞ്ഞിട്ട് കിട്ടിയത് അഞ്ചുലക്ഷം രൂപ മാത്രമാണെന്നും ശക്തിധരന്‍ പരിഹസിച്ചു. പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പും നിയമസഭാ സമ്മേളനവും വരുന്ന സാഹചര്യത്തില്‍ താന്‍ ഒറ്റവെടിക്കപ്പുറത്തേക്ക് പോകേണ്ട എന്ന് തീരുമാനിച്ചതെന്നും എന്നാല്‍ സി.പി.എം സംസ്ഥാന സമിതിയംഗം കെ.അനില്‍കുമാര്‍ തന്നെ വ്യക്തിപരമായി ലക്ഷ്യംവച്ച് പറഞ്ഞതിനാലാണ് കൂടുതല്‍ പറയുന്നതെന്നും പോസ്റ്റിലുണ്ട്. 

ജി. ശക്തിധരന്‍ കൂടുതല്‍ കാര്യങ്ങള്‍ അന്വേഷണസംഘത്തോട് പറയാത്തതിനെ തുടര്‍ന്ന് അന്വേഷണം അവസാനിപ്പിക്കാന്‍ പൊലീസ് തീരുമാനിച്ചിരുന്നു. അതിന് പിന്നാലെയാണ് ഫെയ്സ്ബുക്ക് വഴി പുതിയ ആരോപണങ്ങളുമായി ശക്തിധരന്‍ രംഗത്തെത്തിയത്.