chandrayaan-mission

രാജ്യത്തിന് അഭിമാനമായി മൂന്നാം ചാന്ദ്ര പര്യവേക്ഷണ ദൗത്യം. ചന്ദ്രയാന്‍ മൂന്നിന്റെ ആദ്യഘട്ടം വിജയകരമായി പൂര്‍ത്തിയാക്കി. ശ്രീഹരിക്കോട്ടയിലെ രണ്ടാം വിക്ഷേപണത്തറയില്‍ നിന്ന് എല്‍.വി.എം–3 റോക്കറ്റാണ് പേടകത്തെ ഭൂമിയുടെ ഭ്രമണപഥത്തില്‍ എത്തിച്ചത്. ഓഗസ്റ്റ് 23 നു വൈകീട്ട് 5.47ന് ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തില്‍ ഇറങ്ങും. പുതിയ അധ്യായത്തിന്റെ തുടക്കമണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ബഹിരാകാശ ഗവേഷണത്തിലെ നാഴികകല്ലാണ് രാജ്യം പിന്നിട്ടതെന്നു പറഞ്ഞ രാഷ്ട്രപതി ദ്രൗപതി മുര്‍മു ഇസ്റോയിലെ ശാസ്ത്രജ്ഞരെ അഭിനന്ദിച്ചു.

 

ലോകമേ കണ്‍തുറന്നു കാണുക. പട്ടിണി പാവങ്ങളുടെയും ദുര്‍മന്ത്രാവാദികളുടെയും ലോകമെന്ന് ആക്ഷേപിച്ചിരുന്ന രാജ്യമിതാ 15 വര്‍ഷത്തിനിടെ മൂന്നാമതും ചാന്ദ്ര രഹസ്യങ്ങള്‍ തേടി യാത്ര തുടങ്ങിയിരിക്കുന്നു. അതും സ്വന്തമായി വികസിപ്പിച്ച റോക്കറ്റും പര്യവേക്ഷണ ഉപകരണങ്ങളുമായി. 2019 സെപ്റ്റംബര്‍ 6 നു പുലര്‍ച്ചെ സംഭവിച്ച കൈത്തെറ്റ് തിരുത്തുമെന്ന ഉറച്ച വിശ്വാസവുമായാണു ചാന്ദ്രയാന്‍–3 ശ്രീഹരിക്കോട്ടയിലെ രണ്ടാം വിക്ഷേപണത്തറയില്‍ നിന്നു കുതിച്ചുയര്‍ന്നത്. കൃത്യം പതിനാറു മിനിറ്റും 15 സെക്കന്‍ഡും പിന്നിട്ടപ്പോള്‍ റോക്കറ്റ് പേടകത്തെ പാര്‍ക്കിങ് ഓര്‍ബിറ്റെന്ന ഭൂമിയുടെ ഭ്രമണപഥത്തില്‍ സുരക്ഷിതമായി എത്തിച്ചു. 

 

പിരിമുറുക്കം ഒഴിഞ്ഞതിന്റെ ആശ്വാസം വ്യക്തമായ മുഖവുമായി ഇസ്റോ ചെയര്‍മാന്‍ സഹപ്രവര്‍ത്തകര്‍ക്കെല്ലാം  ഒറ്റവാക്കില്‍ നന്ദി പറഞ്ഞു. ലോകത്തിന്റെ മുന്‍പില്‍ ഒരിക്കല്‍ കൂടി ഇന്ത്യയുടെ അഭിമാനമുയര്‍ത്തിയ നിമിഷങ്ങളെന്നു ദൗത്യത്തിന് സാക്ഷ്യം വഹിച്ച കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പ് മന്ത്രിയും വ്യക്തമാക്കി.

 

ഈമാസം 31 വരെ ചന്ദ്രയാന്‍ ഭൂമിയുടെ ഭ്രമണപഥത്തില്‍ തുടരും. അതിനിടയ്ക്ക് അഞ്ചുതവണ ഭ്രമണപഥം ഉയര്‍ത്തി ഭൂമിയില്‍ നിന്ന് പരമാവധി അകലത്തിലെത്തിക്കും. ജൂലൈ 31ന് ഭൂമിയുടെ ഗുരുത്വാകര്‍ഷണ മേഖല വിട്ടു പേടകം യാത്ര തുടങ്ങും. ഓഗസ്റ്റ് അഞ്ചിന് ചന്ദ്രന്റെ ഗുരുത്വാകര്‍ഷണ വലയത്തിനുള്ളിലേക്ക് പേടകം പ്രവേശിക്കും. പിന്നീട് ഭ്രമണപഥങ്ങള്‍ ഘട്ടം ഘട്ടമായി താഴ്ത്തും. 23ന് വൈകീട്ട് 5.47 നിലവില്‍ സോഫ്റ്റ് ലോഞ്ച് തീരുമാനിച്ചിരിക്കുന്നത്.

 

India's third moonshot Chandrayaan-3 begins journey 'in desired orbit'