എസ്.എഫ്.ഐ മുന്‍ നേതാവ് കെ.വിദ്യ വ്യാജ പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റ് തയാറാക്കിയത് അഭിമുഖത്തില്‍ ഒപ്പം പങ്കെടുക്കുന്നയാളിനെ മറികടക്കാന്‍. ഉദുമ കോളജിലെ അഭിമുഖത്തില്‍ ഒന്നാമെത്തിയ സുഹൃത്ത് കരിന്തളത്തും നിയമനം നേടാതിരിക്കാനാണ് വിദ്യ വ്യാജ സര്‍ട്ടിഫിക്കറ്റ് തയാറാക്കിയതെന്ന് മനോരമ ന്യൂസ്‌ അന്വേഷണത്തിൽ കണ്ടെത്തി 

 

കഴിഞ്ഞവര്‍ഷം കരിന്തളം ഗവണ്‍മെന്റ് കോളജിലെ മലയാളം വിഭാഗം അധ്യാപക നിയമനത്തിനുള്ള അഭിമുഖത്തിലാണ് വിദ്യ ആദ്യം വ്യാജ പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റ് ഹാജരാക്കുന്നത്. പന്ത്രണ്ട് പേർ പങ്കെടുത്ത അഭിമുഖത്തിൽ വിദ്യ ഒന്നാമതെത്തുകയും നിയമനം നേടുകയും ചെയ്തു. അന്ന് രണ്ടാമതെത്തിയ മാതമംഗലം സ്വദേശി കെ രസിതയെ മറികടക്കാനാണ് വിദ്യ വ്യാജരേഖ തയാറാക്കിയത്. കാലടി സർവകലാശാലയിലെ എംഫിൽ പഠനകാലത്ത് വിദ്യയുടെ സീനിയറായിരുന്നു കെ രസിത. 2021 ൽ കാസർകോട് ഉദുമ ഗവണ്മെന്റ് ആർട്സ് ആൻഡ് സയൻസ് കോളജിലെ മലയാളം വിഭാഗത്തിലേക്ക് നടത്തിയ ആഭിമുഖത്തിലും ഇരുവരും പങ്കെടുത്തിരുന്നു. അന്ന് യോഗ്യതയുടെ അടിസ്ഥാനത്തിൽ വിദ്യയെ പിന്തള്ളി കെ രസിത നിയമനം നേടി. കരിന്തളത്തും സമാന സാഹചര്യം ഉണ്ടാവാതിരിക്കാനാണ് വിദ്യ മഹാരാജാസ് കോളജില്‍ പഠിപ്പിച്ചിട്ടുണ്ടെന്ന വ്യാജ രേഖ തയാറാക്കിയത്. ഇക്കാര്യം അഗളി പൊലീസിനോടും നീലേശ്വരം പൊലീസിനോടും വിദ്യ സമ്മതിക്കുകയും ചെയ്തിരുന്നു.

 

മൊഴിയില്‍ ഇക്കാര്യങ്ങളെല്ലാം വ്യക്തമായിട്ടും വിദ്യയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യാനോ വ്യാജരേഖയുടെ അസല്‍പകര്‍പ്പ് കണ്ടെത്താനോ രണ്ടിടത്തേയും പൊലീസിന് താല്‍പര്യമില്ല. ഇതിന് വിദ്യയ്ക്ക് ആരുടെയെങ്കിലും സഹായം ലഭിച്ചിരുന്നോ എന്ന കാര്യത്തിലും വ്യക്തത വരുത്താൻ പൊലീസ് തയാറായിട്ടില്ല.

 

The forgery was done to defeat the senior