ഭിന്നശേഷി സംവരണ സീറ്റുകളില്‍ ജോലി നേടാന്‍ വ്യാജഭിന്നശേഷി സര്‍ട്ടിഫിക്കറ്റുകള്‍ നിര്‍മിച്ചു നില്‍കുന്ന സംഘം സജീവം. കോഴിക്കോട് കുറ്റ്യാടി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സംഘം ലക്ഷങ്ങളാണ് ഉദ്യോഗാര്‍ഥികളില്‍ നിന്നും ഈടാക്കുന്നത്. സംവരണ സീറ്റുകള്‍ നികത്താതെ മറ്റുള്ളവയില്‍ നിയമനം നടത്താന്‍ പാടില്ലെന്ന നിര്‍ദേശം വന്നതും സര്‍ട്ടിഫിക്കറ്റ് മാഫിയക്ക് അനുഗ്രഹമായി.

പേരാമ്പ്ര സ്ക്കൂളിലെ അധ്യാപകന്‍ ബിന്‍സിന്‍ കുറ്റ്യാടി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഇടനിലക്കാരനുമായി നടത്തിയ ഫോണ്‍ സംഭാഷണം മനോരമന്യൂസിന് ലഭിച്ചു. ഒന്നും ഭയപ്പെടാനില്ലെന്നും പണം തന്നാല്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കുമെന്നുമാണ് ഉറപ്പ്. കൂടുതല്‍ വിവരങ്ങള്‍ ഫോണിലൂടെ വെളിപ്പെടുത്തില്ല. എല്ലാം നേരിട്ടുള്ള  ഇടപാടാണ്. ഏത് ആശുപത്രിയില്‍ ഏത് ഡോക്ടറെ കാണണം എന്നടക്കം സംഘം അറിയിക്കും.  

അന്വേഷണം വന്ന് പിടിക്കപ്പെടുമോ എന്ന ഭയം ഉണ്ടെങ്കില്‍ ഏതെങ്കിലും ഭിന്നശേഷി സംഘടനകളില്‍ പ്രവര്‍ത്തിക്കണമെന്നാണ് ഉപദേശം. പറഞ്ഞ പ്രകാരം കടലാസുകള്‍ നീക്കിയപ്പോള്‍ കേള്‍വിക്ക് ഒരു തകരാറും ഇല്ലാത്ത ബിന്‍സിന്‍ മാഷിനും കിട്ടി 80 ശതമാനം ഡിസെബിലിറ്റി ഉണ്ടെന്നൊരു സര്‍ട്ടിഫിക്കറ്റ്. പണം കൊടുക്കാത്തത് കൊണ്ട് മെഡിക്കല്‍ ബോര്‍ഡിന്‍റെ എലിജിബിലിറ്റി സര്‍ട്ടിഫിക്കറ്റ് ബിന്‍സിന് ലഭിച്ചിട്ടില്ല. പക്ഷേ ജില്ലയില്‍ തന്നെ മുപ്പതിലധികം വ്യജന്‍മാര്‍ എയിഡഡ് സ്ക്കൂളിലടക്കം ജോലിക്ക് കയറിയിട്ടുണ്ടെന്നാണ് വിവരം.

വടകര എംപ്ലോയിമെന്‍റ് എക്സ്ചേഞ്ചില്‍ വഴി നിയമിക്കപ്പെട്ട ഉദ്യോഗാര്‍ഥിക്ക്  രണ്ട് കണ്ണിനും കാഴ്ച്ച തകരാറുണ്ടെന്ന് വ്യക്തമാക്കുന്ന സര്‍ട്ടിഫിക്കേറ്റ് കിട്ടി . ഇതേവ്യക്തിക്ക് നാലുവര്‍ഷം മുമ്പ് വടകരയില്‍ നിന്നും ഡ്രൈവിങ് ലൈസന്‍സും കിട്ടിയിട്ടുണ്ട്.  ഭിന്നശേഷി സംവരണത്തിന് യോഗ്യതയുണ്ടായിട്ടും നിരവധി പേര്‍ ജോലി ലഭിക്കാതെ പുറത്ത് നില്‍ക്കുമ്പോഴാണ്. അനര്‍ഹമായ ആനുകൂല്യങ്ങളും നേടി നിരവധിപേര്‍ഉയര്‍ന്ന ശമ്പളത്തിന് സര്‍ക്കാര്‍ സര്‍വീസില്‍ ജോലി ചെയ്യുന്നത്.

ENGLISH SUMMARY:

A fraudulent network based in Kutyadi, Kozhikode, is selling fake disability certificates to job seekers for up to ₹15 lakh. The scam exploits rules on mandatory reservation filling before general recruitment.