വർണങ്ങൾ കൊണ്ട് ഉത്സവം തീർത്ത് തൃശൂർ പൂരത്തിന്റെ സാമ്പിൾ വെടിക്കെട്ട്. കാത്തിരുന്നെത്തിയ പൂരവും വെടിക്കെട്ടും കേമമാകുമെന്ന ഉറപ്പിക്കുന്ന വിളമ്പരമായി സാംപിൾ വെടിക്കെട്ട് മാറി. മാനത്ത് നിറങ്ങളുടെ ആഘോഷം തീർത്ത് തൃശൂർ പൂരം സാംപിൾ വെടിക്കെട്ട്. തിരുവമ്പാടി കൊളുത്തിയ പ്രകമ്പനത്തിന്റെ സാംപിൾ പാറമേക്കാവ് അതേ വീര്യത്തോടെ ഏറ്റെടുത്തു. വരാനിരിക്കുന്ന പൂരം വെടിക്കെട്ട് എത്രത്തോളം കേമമാകുമെന്ന് ഉറപ്പിക്കുന്നതായിരുന്നു സാംപിൾ. രാത്രി ഏഴരയോടെ വെടിക്കെട്ട് തുടങ്ങി. പതുക്കെ കത്തിക്കയറി കൂട്ടപ്പൊരിച്ചിൽ എത്തിയതോടെ കാഴ്ചക്കാരുടെ നെഞ്ചിടിപ്പ് കൂടി. പാറമേക്കാവിന്റെ രണ്ടാം ഊഴം പിന്നാലെ എത്തി. പൂര നഗരം കാത്തിരുന്ന വിസ്മയ കാഴ്ചയായിരുന്നു സാംപിൾ. മഴ മേഘങ്ങൾ എത്തിയെങ്കിലും വെടിക്കെട്ടിന്റെ രസം കെടുത്തിയില്ല.
കൂട്ടപ്പൊരിച്ചിലിന് ശേഷവും മാനത്തെ വിസ്മയം അവസാനിച്ചില്ല. വ്യത്യസ്തങ്ങളായ അമിട്ടുകൾ ആവേശം ഇരട്ടിയാക്കി. ഇരുദേവസ്വങ്ങളും ഒന്നിനൊന്നു മികച്ച അമിട്ടുകളെ ആകാശത്തേക്കയച്ചു. മീറ്ററുകൾക്കപ്പുറം മണിക്കൂറുകളോളം കാത്തിരുന്ന പൂരപ്രേമികളുടെ ആർപ്പ് വിളികളായിരുന്നു പിന്നീട്. വരാനിരിക്കുന്ന പൂരവും വെടിക്കെട്ടും കുടമാറ്റവുമെല്ലാം എത്രകേമമാകും എന്നതിന്റെ വിളമ്പരം കൂടിയായിരുന്നു സാംപിള്‍ വെടിക്കെട്ട്.
Thrissur pooram sample fireworks