bindu-minister

സംസ്ഥാനത്തെ എല്ലാ സര്‍വകലാശാലകളിലും ആര്‍ത്തവ അവധി അനുവദിച്ച് ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ ചരിത്രപരമായ ഉത്തരവ്. 18 കഴിഞ്ഞ വിദ്യാര്‍ഥിനികള്‍ക്ക് രണ്ടുമാസം പ്രസവ അവധിയും ലഭിക്കും. വിദ്യാര്‍ഥിനികള്‍ക്ക് പരീക്ഷയെഴുതാന്‍ എഴുപത്തിമൂന്ന് ശതമാനം ഹാജര്‍ മതിയാകും. 

 

കാലോചിതമായ തീരുമാനം കൈക്കൊണ്ട്  സമൂഹത്തിന്റെ കൈയടി വാങ്ങുകയാണ് ഉന്നത വിദ്യാഭ്യാസ വകുപ്പ് . ഇനി മുതല്‍ എല്ലാ കോളജുകളിലും  ആര്‍ത്തവ അവധി ലഭിക്കും.  പരമാവധി 60 ദിവസംവരെ പ്രസവ അവധി അനുവദിക്കണമെന്നും ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവിലുണ്ട്. നിലവില്‍ സെമസ്ററര്‍ പരീക്ഷയ്ക്ക് ഇരിക്കാന്‍ എഴുപത്തഞ്ച് ശതമാനം ഹാജര്‍ വേണം.  ആര്‍ത്തവ അവധി അനുവദിച്ചതോടെ വിദ്യാര്‍ഥിനികള്‍ക്ക്  73 ശതമാനം  ഹാജര്‍ മതിയാകും. കൊച്ചി ശാസ്ത്രസാങ്കേതിക സര്‍വകലാശാലയാണ് കേരളത്തില്‍ ആദ്യമായി ആര്‍ത്തവ അവധി അനുവദിച്ച് വിപ്ലവകരമായ തീരുമാനം കൈക്കൊണ്ടത്. 

 

പിന്നാലെ എപിജെ അബ്ദുള്‍ കലാം സര്‍വകലാശാലയും ആര്‍ത്തവ അവധി നല്‍കി. സ്ത്രീസൗഹൃദ തീരുമാനത്തെ കേരളം മുഴുവന്‍ അഭിനന്ദിച്ചു .അന്ന് ഈ തീരുമാനം എല്ലാ സര്‍വകലാശാലകളിലും നടപ്പാക്കുമെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍ ബിന്ദു വ്യക്തമാക്കിയിരുന്നു. പിന്നാലെയാണ്  ഉത്തരവിറങ്ങിയത്. വിവിധ വിദ്യാര്‍ഥി സംഘടനകളുടെ പതിറ്റാണ്ടുകള്‍ പഴക്കമുളള ആവശ്യമാണ് നിറവേറിയത്.  വരുംനാളുകളില്‍ കൂടുതല്‍ മേഖലകളില്‍ ആര്‍ത്തവ അവധിയെന്ന തീരുമാനത്തിന് അടിസ്ഥാനമായേക്കും ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ ചട്ടങ്ങള്‍ മാറ്റിയെഴുതിയുളള നീക്കം. 

 

Menstrual leave will be allowed in all universities in the state