ആർത്തവ അവധി ആവശ്യപ്പെട്ട യുവതിയോട് പാന്‍റ്സ് താഴ്ത്തി ആര്‍ത്തവം ഉണ്ടോ എന്നതിന് തെളിവ് നല്‍കാന്‍ ചൈനീസ് സർവകലാശാല. ബീജിങ് യൂണിവേഴ്സിറ്റി ഓഫ് ടെക്നോളജിയിലെ ഗെങ്ഡാൻ ഇൻസ്റ്റിറ്റ്യൂട്ടിലാണ് ക്രൂരമായ മനുഷ്യാവകാശ ലംഘനം അരങ്ങേറിയത്. പിന്നാലെ വലിയ വിമര്‍ശനമാണ് സര്‍വ്വകലാശാലയ്ക്കെതിരെ ഉയരുന്നത്.
മെയ് 15 ന് സമൂഹമാധ്യമങ്ങളില്‍ യുവതി പങ്കുവച്ച വിഡിയോയിലൂടെയാണ് സംഭവം പുറംലോകമറിയുന്നത്. വിഡിയോയില്‍ തനിക്ക് ആർത്തവമുണ്ടെന്ന് സ്ഥിരീകരിക്കാൻ ക്യാംപസ് ക്ലിനിക്ക് തന്നോട് വസ്ത്രം അഴിക്കാന്‍ ആവശ്യപ്പെട്ടതായി വിദ്യാർഥിനി പറയുന്നു. ആർത്തവ വേദന അനുഭവിക്കുന്ന എല്ലാ വിദ്യാർഥിനികളിലും ഈ പരിശോധനകൾ നടത്തിയിട്ടുണ്ടോ എന്ന് ചോദിച്ചപ്പോള്‍ സ്റ്റാഫ് ഇത് സര്‍വകലാശാലയുടെ നയമാണെന്ന് അവകാശപ്പെട്ടതായും സൗത്ത് ചൈന മോണിങ് പോസ്റ്റ് റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ ഈ നയത്തെക്കുറിച്ച് രേഖാമൂലമുള്ള തെളിവൊന്നും അവർ നൽകിയില്ലെന്നും യുവതി പറയുന്നു.
ആര്‍ത്തവമുണ്ടെന്ന് ഉറപ്പിക്കാനായി വിദ്യാർഥിനിയെ ആശുപത്രിയിലേക്ക് അയച്ചതായയും അതില്ലാതെ അവധി നല്‍കാന്‍ കഴിയില്ലെന്ന് ജീവനക്കാര്‍ പറഞ്ഞതായും റിപ്പോര്‍ട്ടുണ്ട്. പിന്നീട്, ഒരു ആശുപത്രി സന്ദർശിച്ച് ആവശ്യമായ രേഖകൾ സമര്‍പ്പിച്ചതായും വിദ്യാര്‍ഥി സോഷ്യൽ മീഡിയയിൽ പങ്കുവച്ച വിഡിയോയില്‍ പറയുന്നു. ‘സ്ത്രീകൾക്ക് ആർത്തവ സമയത്ത് അവധി ലഭിക്കാനുള്ള ന്യായമായ നയം മാത്രമാണ് എനിക്ക് വേണ്ടത്’ യുവതി പറഞ്ഞു.
അതേസമയം, മെഡിക്കൽ നടപടിക്രമങ്ങൾ നിയമങ്ങൾ പാലിച്ചു എന്നതല്ലാതെ ഒരു തെറ്റും ചെയ്തിട്ടില്ലെന്നാണ് മെയ് 16 ന് പുറത്തിറക്കിയ പ്രസ്താവനയിൽ സ്ഥാപനം അവകാശപ്പെടുന്നത്. വിദ്യാര്‍ഥിനി വസ്തുതകൾ തെറ്റായി ചിത്രീകരിക്കുകയും വളച്ചൊടിക്കുകയും ചെയ്തെന്ന് സ്ഥാപനം ആരോപിക്കുന്നു. വിദ്യാർത്ഥിനിയോട് ആരോഗ്യത്തെക്കുറിച്ച് ചോദിച്ചു, തുടർന്ന് സമ്മതം വാങ്ങിയ ശേഷം കൂടുതൽ സ്ഥിരീകരണത്തിലേക്ക് കടന്നു. ശാരീരിക പരിശോധനകള്‍ നടത്തിയിട്ടില്ലെന്നും പ്രസ്താവനയില്‍ പറയുന്നു. മെഡിക്കല്‍ ലീവ് ദുരുപയോഗം ചെയ്യുന്നത് തടയുക എന്നത് മാത്രമാണ് തങ്ങളുടെ നയങ്ങളുടെ ലക്ഷ്യമെന്നും സ്ഥാപനം വ്യക്തമാക്കിയിട്ടുണ്ട്.