dimple-kochi

കൊച്ചിയില്‍ മോഡല്‍ കൂട്ടബലാത്സംഗത്തിനിരയായ കേസില്‍ നാലാംപ്രതി രാജസ്ഥാന്‍ സ്വദേശി ഡിംപിംള്‍ ലാംബയെ കേന്ദ്രീകരിച്ച് അന്വേഷണം. ഒന്നാം പ്രതി വിവേകുമായുള്ള ഇടപാടുകള്‍ക്ക് പുറമെ കേരളത്തിലേക്കുള്ള തുടര്‍ച്ചയായ യാത്രകളിലേക്കും പൊലീസ് അന്വേഷണം വ്യാപിപ്പിച്ചു. കസ്റ്റഡി അപേക്ഷ പരിഗണിക്കുന്നതിനിടെ ഡിംപിളിന്‍റെ വക്കാലത്ത് ഏറ്റെടുക്കുന്നതിനെ ചൊല്ലി അഭിഭാഷകര്‍ തമ്മില്‍ രൂക്ഷമായ വാക്കേറ്റമുണ്ടായി. 

 

മോഡൽ ഓടുന്ന കാറില്‍ കൂട്ടബലാത്സംഗത്തിന് ഇരയായ കേസിലെ സൂത്രധാര മോ‍ഡല്‍ കൂടിയായ ഡിംപിള്‍ ലാംബയാണെന്ന് പൊലീസ് ഉറപ്പിക്കുന്നു. ഡോളിയെന്ന പേരില്‍ അറിയപ്പെടുന്ന ഡിംപിള്‍ കേരളത്തില്‍ പ്രത്യേകിച്ച് കൊച്ചിയില്‍ നിരവധി തവണ എത്തിയിട്ടുണ്ട്. ഡിജെ പാര്‍ട്ടികളിലും ഫാഷന്‍ ഷോകളിലും നിറസാന്നിധ്യമായിരുന്നുവെന്നും അന്വേഷണത്തില്‍ കണ്ടെത്തി.  കേസിലെ ഒന്നാം പ്രതി കൊടുങ്ങല്ലൂര്‍ സ്വദേശി വിവേകുമായി പലയിടങ്ങളിലും യാത്ര ചെയ്തിട്ടുണ്ട്. ഇക്കാര്യങ്ങളിലേക്കും പൊലീസ് അന്വേഷണം വ്യാപിപ്പിക്കുകയാണ്. 

 

ഡിംപിളിന്‍റെ വക്കാലത്തിനെ ചൊല്ലി ബി.എ. ആളുരും അഫ്സലും തമ്മിലുള്ള തര്‍ക്കം പരിധി വിട്ടതോടെ മജിസ്ട്രേറ്റ് ഇടപ്പെട്ടു.  അഫ്സലിനോട് ഇറങ്ങിപോകാന്‍ ആക്രോശിച്ച ബി.എ. ആളൂരിനോട് ഇത് ചന്തയല്ലെന്ന് മജിസ്ട്രേറ്റ് ഓര്‍മപ്പെടുത്തി. അഫ്സലാണ് തന്‍റെ അഭിഭാഷകനെന്ന് ഡിംപിള്‍ വ്യക്തമാക്കിയതോടെ ആളൂര്‍ പിന്‍മാറി. കസ്റ്റഡിയിലെടുത്ത പ്രതികളെ മോഡലിനെ പീഡനത്തിനിരയാക്കിയ ബാറിലും കൊച്ചി നഗരത്തിലെ വിവിധ ഇടങ്ങളിലും എത്തിച്ച് തെളിവെടുക്കും. നാലാം പ്രതി ഡിംപിളിന്‍റെ മൊബൈല്‍ ഫോണും കണ്ടെത്തണം. പരാതിക്കാരിയുടെ തിരിച്ചറിയല്‍ കാര്‍ഡ് സംബന്ധിച്ചും പൊലീസ് അന്വേഷണം ആരംഭിച്ചു. പൊലീസിനോട് പത്തൊന്‍പത് വയസ് പ്രായം പറഞ്ഞ പരാതിക്കാരിക്ക് ബാറില്‍ നല്‍കിയ തിരിച്ചറിയല്‍ രേഖ പ്രകാരം വയസ് 25 ആണ്. കോടതിയില്‍ പൊലീസ് നല്‍കിയ കസ്റ്റഡി അപേക്ഷയിലും പരാതിക്കാരിയുടെ വയസ് പത്തൊന്‍പത് മാത്രം. വയസ് തെറ്റായി നല്‍കിയതിന്‍റെ കാരണം കണ്ടെത്താനാണ് ശ്രമം.

 

Story Highlights: Kochi gang rape, Dimple