ബി.ജെ.പിയ്ക്കു വേണ്ടി എം.എല്‍.എമാരെ കൂറുമാറ്റാനുള്ള ഓപ്പറേഷന്‍ താമരയ്ക്കു ചുക്കാന്‍ പിടിച്ചെന്ന തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖര റാവുവിന്റെ ആരോപണം നിഷേധിച്ചു തുഷാര്‍ വെള്ളാപ്പള്ളി. തെളിവുണ്ടെങ്കില്‍ പുറത്തുവിടണമെന്നും തുഷാര്‍ ആവശ്യപ്പെട്ടു. ആരോപണം നിഷേധിച്ചു ബി.ജെ.പിയും രംഗത്തെത്തി. എം.എല്‍എമാരുമായി തുഷാര്‍ സംസാരിക്കുന്നുവെന്ന് അവകാശപ്പെടുന്ന ഫോണ്‍ സംഭാഷണം പുറത്തുവിട്ട് ടിആര്‍എസ് തിരിച്ചടിച്ചു.
കെ ചന്ദ്രശേഖര റാവു ഉന്നയിച്ച ആരോപണങ്ങള്‍ക്കു തെളിവായാണ് ഈ ദൃശ്യങ്ങള്‍ ടി. ആർ.എസ്. പുറത്തുവിട്ടത്. തുഷാര്‍ വെള്ളാപ്പള്ളിയെ അഭിസംബോധന ചെയ്തു തുടങ്ങുന്ന സംഭാഷണത്തില്‍ ബിജെപി സംഘടനാ ജനറല്‍ സെക്രട്ടറി ബി.എൽ. സന്തോഷുമായി എം. എൽ. എമാരെ കൂടികാഴ്ചയ്ക്കു ക്ഷണിക്കുന്നുണ്ട് . ബി.എല്‍. സന്തോഷുമായി കൂടിയാലോചിച്ചു കാര്യങ്ങള്‍ മുന്നോട്ടു കൊണ്ടു പോകാമെന്നും ഫോണ്‍ വിളിക്കുന്നയാള്‍ പറയുന്നു. എന്നാല്‍ ഇത് തുഷാറാണോയെന്നത് ഉറപ്പിച്ചിട്ടില്ല. നാലു എം.എല്‍.എമാര്‍ക്കു കൂറുമാറാന്‍ ഇടനിലക്കാര്‍ 100 കോടി വാഗ്ദാനം നല്‍കിയെന്നാണു ടി.ആര്‍.എസിന്റെ ആരോപണം. അഹമ്മദാബാദിലിരുന്നു തുഷാറാണു ഇടനിലക്കാരെ നിയന്ത്രിച്ചതെന്നും കെ.സി.ആര്‍ ഇന്നലെ വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചിരുന്നു. എന്നാല്‍ ആരോപണങ്ങള്‍ തുഷാര്‍ വെള്ളാപ്പള്ളി നിഷേധിച്ചു.
ആരോപണങ്ങൾ തള്ളിയ ബിജെപി എല്ലാം കെസിആറിന്‍റെ നാടകമെന്നാണു പ്രതികരിക്കുന്നത്. സ്വാമിമാരെ അറസ്റ്റ് ചെയ്തതിനെതിരെ പ്രതിഷേധിച്ചിരുന്ന ബി.ജെ.പി തെലങ്കാന നേതൃത്വം ഇന്നു പരസ്യ പ്രതികരണത്തിനു തയാറായില്ലെന്നതും ശ്രദ്ധേയമാണ്. അറസ്റ്റിലായ മൂന്നു ഇടനിലക്കാര്‍ ജാമ്യം തേടി സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ട്. കേസ് പരിഗണിക്കുമ്പോൾ തെളിവുകൾ കോടതിയിൽ സമർപ്പിക്കാനാണു തെലങ്കാന സർക്കാർ തീരുമാനം .തെളിവുകൾ തെരെഞ്ഞെടുപ്പു കമ്മീഷനും കൈമാറിയിട്ടുണ്ട്. ബി.ആര്‍.എസ് എന്ന പേരില്‍ ദേശീയ രാഷ്ട്രീയത്തില്‍ സജീവമാകാന്‍ തീരുമാനിച്ച ചന്ദ്രശേഖര റാവുവിന് ഈസംഭവത്തോടെ പ്രതിപക്ഷ പാര്‍ട്ടികള്‍ക്കിടയില്‍ സ്വീകാര്യത കൂടുമെന്നാണു വിലയിരുത്തല്‍. എട്ടുസംസ്ഥാനങ്ങളില്‍ ഇതേസംഘം എം.എല്‍.എമാരെ കൂറുമാറ്റിയിട്ടുണ്ടെന്ന് അറസ്റ്റിലായവര്‍ മൊഴിനല്‍കിയിട്ടുണ്ട്. രാജസ്ഥാനിലും ഡല്‍ഹിയിലും ആന്ധ്രപ്രദേശിലും ഓപ്പറേഷന്‍ താമര സജീവാണെന്നു ഇടനിലക്കാര്‍ പറയുന്ന ദൃശ്യങ്ങളും കെ.സി.ആര്‍ ഇന്നലെ പുറത്തുവിട്ടിരുന്നു.