മരണത്തില്‍ ദുരൂഹതയുണ്ടെന്ന ജസ്റ്റിസ് ആറുമുഖസ്വാമി കമ്മിഷന്‍ റിപ്പോര്‍ട്ട് പുറത്തുവന്നതിനു പിന്നാലെ തമിഴ്നാട് മുന്‍മുഖ്യമന്ത്രി ജെ. ജയലളിതയുടെ ശബ്ദസന്ദേശം പുറത്ത്. അപ്പോളോ ആശുപത്രിയില്‍ ചികില്‍സയിലിരിക്കെ റെക്കോര്‍ഡ് ചെയ്തതെന്നു കുരുതുന്ന ശബ്ദ ശകലത്തില്‍ ചികിത്സാ രേഖകളുമായെത്തിയവരോടു ജയലളിത േദഷ്യപ്പെടുന്നതും തുടര്‍ച്ചയായി ചുമയ്ക്കുന്നതും കേള്‍ക്കാം. ഓഡിയോ ക്ലിപ്പ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാണിപ്പോള്‍.
രണ്ടുപതിറ്റാണ്ടിലേറെ ജയലളിതയുടെ നിഴലായിരുന്ന തോഴി വി.കെ. ശശികല, മുന്‍ ആരോഗ്യവകുപ്പ് മന്ത്രി സി.വിജയഭാസ്കര്‍ ,മുതിര്‍ന്ന ഐ.എ.എസ്. ഓഫീസറും അന്നത്തെ ആരോഗ്യവകുപ്പ് സെക്രട്ടറി ജെ.രാധാകൃഷ്ണന്‍ ,ജയലളിതയുടെ സ്വാകാര്യ ഡോക്ടര്‍ കെ.എസ്. ശിവകുമാര്‍ എന്നിവര്‍ക്കെതിരെ അന്വേഷണത്തിനുള്ള ജസ്റ്റിസ് ആറുമുഖസ്വാമി കമ്മിഷന്‍ ശുപാര്‍ശ വന്‍ കോളിളക്കമാണ് തമിഴകത്തുണ്ടാക്കുന്നത്. പിറകെയാണു ജയലളിതയുടേത് എന്നുകരുതുന്ന ശബ്ദ ശകലം പുറത്തായത്. ചികിത്സയിലിരിക്കെ മുറിയിലെത്തിയ ജീവനക്കാരോടു ദേഷ്യപ്പെടുന്നതാണ് ശബ്ദ ശകലം. ചികിത്സാ സമയത്ത് ജയലളിത സ്വബോധത്തിലായിരുന്നുവെന്ന സൂചന നല്‍കുന്നതാണ് പുറത്തുവന്ന ശബ്ദ ശകലം.
ലണ്ടനില്‍ നിന്നെത്തിയ ഡോക്ടര്‍ റിച്ചാര്‍ഡ് ബെയല്‍ ജയലളിതയെ പരിശോധിക്കുന്ന ദൃശ്യങ്ങള്‍ സമാന രീതിയില്‍ 2017ല്‍ പുറത്തായിരുന്നു. ചികിത്സയ്ക്കായി വിദേശത്തേക്ക് കൊണ്ടുപോകണമെന്ന് ശശികലയോടു റിച്ചാര്‍ഡ് ബെയല്‍ പറയുന്നത് ദൃശ്യങ്ങളിലുണ്ടായിരുന്നു. പിന്നീട് ഈനിര്‍ദേശം ജയലളിത തന്നെ തള്ളിക്കളഞ്ഞന്നാണു ശശികലയും കൂട്ടരും വാദിക്കുന്നത്. എന്നാല്‍ സ്വന്തം നേട്ടത്തിനായി ആന്റിജോഗ്രാം ചെയ്യാനുള്ള ഡോക്ടര്‍മാരുടെ നിര്‍ദേശം വരെ ശശികല തടഞ്ഞുവെന്ന് ആറുമുഖസ്വാമി കമ്മിഷന്‍, റിപ്പോര്‍ട്ടില്‍ ആരോപിക്കുന്നുണ്ട്.