തമിഴ്നാട് മുന്‍ മുഖ്യമന്ത്രിമാരായ ജയലളിതയുടെയും എംജിആറിന്‍റെയും മകളെന്ന് അവകാശപ്പെട്ട് തൃശൂര്‍ സ്വദേശി രംഗത്ത്. സുപ്രീംകോടതി ചീഫ് ജസ്റ്റിസിന് അയച്ച കത്തിലാണ് ജയലളിതയുടെ മരണം കൊലപാതകമാണെന്നും അന്വേഷണം വേണമെന്നും സുനിത ആവശ്യമുന്നയിച്ചിരിക്കുന്നത്. താന്‍ മകളാണെന്ന് ലോകത്തിന് മുന്‍പില്‍ വെളിപ്പെടുത്താന്‍ അവര്‍ തയ്യാറെടുക്കുന്നതിനിടെയാണ് ദാരുണ സംഭവങ്ങള്‍ ഉണ്ടായതെന്നും കത്തില്‍ ആരോപിക്കുന്നു. സുനിതയുടെ കത്തിന്‍റെ പൂര്‍ണരൂപം ഇങ്ങനെ: 

'ഞാന്‍ തൃശൂരില്‍ നിന്നുള്ള 41കാരിയാണ്. വിവാഹിതയായ എനിക്ക് രണ്ട് മക്കളുമുണ്ട്. എഡിഎംകെ സ്ഥാപക നേതാവും തമിഴ്നാട് മുന്‍ മുഖ്യമന്ത്രിയുമായ ജയലളിതയുടെയും എം.ജി.ആറിന്‍റെയും ഒരേയൊരു പുത്രിയാണ് ഞാന്‍. ജനിച്ചസമയത്തെ ചില പ്രത്യേക സാഹചര്യങ്ങള്‍ കൊണ്ട് ഞാന്‍ അവരുടെ മകളാണെന്ന വസ്തുത മറച്ചുവയ്​ക്കേണ്ടി വന്നു. ജനിച്ചതിന് പിന്നാലെ അമ്മ അറിയാതെ, എന്‍റെ പിതാവായ എംജിആര്‍ അദ്ദേഹത്തിന്‍റെ വിശ്വസ്തനായ മാധവന്‍റെ പക്കല്‍ എന്നെ ഏല്‍പ്പിച്ചു. അദ്ദേഹമാണ് എന്നെ കേരളത്തിലേക്ക് കൊണ്ടുവന്നത്. അദ്ദേഹമാണ് സുനിതയെന്ന പേരുമിട്ടത്. 

എനിക്ക് വെറും രണ്ടര വയസ് മാത്രം പ്രായമുള്ളപ്പോള്‍ പിതാവ് മരിച്ചു. പതിനെട്ട് വയസായപ്പോള്‍ അമ്മ ഡിഎന്‍എ പരിശോധന നടത്തുകയും ഞാന്‍ അവരുടെ മകളാണെന്നത് സ്ഥിരീകരിക്കുകയും ചെയ്തു. ഇതേത്തുടര്‍ന്ന് ഞാന്‍ പോയസ് ഗാര്‍ഡനിലെ വേദ നിലയത്തില്‍ ഇടയ്ക്കിടെ സന്ദര്‍ശിക്കുമായിരുന്നു. 

അമ്മയുടെ മകളാണ് ഞാനെന്ന് വാര്‍ത്താ സമ്മേളനം വിളിച്ചറിയാക്കാന്‍ തീരുമാനിച്ചിരിക്കുകയാണെന്ന് അമ്മ അറിയിച്ചതനുസരിച്ച് 2016 സെപ്റ്റംബര്‍ 22 ന് ഞാന്‍ അവിടെ എത്തി. രാവിലെ എട്ടുമണിയോടെ എത്തിയ ഞാന്‍ കണ്ട കാഴ്ച ഞെട്ടിക്കുന്നതും കടുത്ത വേദനയിലാഴ്ത്തുന്നതുമായിരുന്നു. 

സ്റ്റെയര്‍കേസിന്‍റെ ചുവട്ടില്‍ അനക്കമറ്റ് കിടക്കുന്ന അമ്മയെയാണ് ഞാന്‍ കണ്ടത്. മുകളില്‍ നിന്ന് ആരോ തള്ളിയിട്ടത് പോലെയാണ് കിടന്നിരുന്നത്. ബോധമില്ലാത്തത് പോലെയോ മരിച്ചത് പോലെയോ ആണ് കിടന്നിരുന്നത്. ചുറ്റിലുമായി ടി.ടി.വി ദിനകരന്‍, ഇളവരശി, സുധാകരന്‍ വീട്ടിലെ മറ്റ് സഹായികള്‍ എന്നിവരും നിന്നിരുന്നു. ഈ സമയത്ത് ശശികല അമ്മ ജയലളിതയുടെ മുഖത്ത് നിര്‍ദാക്ഷിണ്യം ചവിട്ടുന്നത് ഞാന്‍ കണ്ടു. ഞെട്ടലോടെ അലറിക്കരഞ്ഞ എന്‍റെ വായ, വീട്ടിലെ ജോലിക്കാരിലൊരാള്‍ പൊത്തിപ്പിടിച്ചു എന്നെ പുറത്തേക്ക് കൊണ്ടുപോയി. ആ വെപ്രാളത്തില്‍ എന്‍റെ ബാഗും എനിക്ക് നഷ്ടമായി. അവിടെ ഇനിയും നിന്നാല്‍ ജീവന് ആപത്താണെന്ന് തിരിച്ചറിഞ്ഞതോടെ ഞാന്‍ വേഗതം കേരളത്തിലേക്ക് മടങ്ങി. അമ്മയെ കൊലപ്പെടുത്തിയതാണെന്ന ഈ സത്യം ലോകത്തോട് വെളിപ്പെടുത്താന്‍ പലവട്ടം ഞാനൊരുങ്ങി. എന്‍റെയും എന്‍റെ കുഞ്ഞുങ്ങളുടെയും സുരക്ഷയെ കരുതിയാണ് ഇക്കഴിഞ്ഞ എട്ടര വര്‍ഷവും ഇത് പുറത്തുപറയാതെ ഇരുന്നത്. 

ഞാന്‍ അമ്മയുടെ മകളാണെന്ന് തിരിച്ചറിഞ്ഞത് മുതല്‍ അവരുടെ മരണം വരെയും അത് കഴിഞ്ഞ് 2024 ഓഗസ്റ്റ് വരെയും എനിക്കായി സാമ്പത്തിക സഹായം നല്‍കിവന്നിരുന്നു. അമ്മയുടെ കൊലപാതകം ഞാന്‍ നേരില്‍ കണ്ടതിന് ശേഷം എനിക്ക് ഉറങ്ങാന്‍ സാധിച്ചിട്ടേയില്ല. സത്യം ലോകത്തോട് പറയണമെന്ന് അമ്മയുടെ ആത്മാവ് എന്നോട് പറയുന്നത് പോലെയാണ് എനിക്ക് തോന്നിയത്.  

ഇക്കാര്യം മനസില്‍ ഉറപ്പിച്ചാണ് ഞാന്‍ ഡല്‍ഹിയിലെത്തിയതും പ്രധാനമന്ത്രിയെ നേരില്‍ കാണാന്‍ താരുമാനിച്ചതും. അമ്മയുടെ അടുത്ത സുഹൃത്ത് കൂടിയായിരുന്നു അദ്ദേഹം. ഈ സമയത്ത് എച്ച്ആര്‍ഡിഎസ് (ഇന്ത്യ) സെക്രട്ടറിയായ അജി കൃഷ്ണനെ ഞാന്‍ കണ്ടു. ഈ വിവരം എന്തുകൊണ്ട് നേരത്തെ പറഞ്ഞില്ലെന്നാണ് അദ്ദേഹം ചോദിച്ചത്. മാത്രമല്ല, ഇതൊരു പരാതിയായി പ്രധാനമന്ത്രിയെ അറിയിക്കാനും അദ്ദേഹം നിര്‍ദേശിച്ചു. അപ്പോഴാണ് പ്രധാനമന്ത്രിയെ എത്രയും വേഗം കാണണമെന്നും കണ്ടാല്‍ നീതി നടപ്പാകുമെന്നും ഞാന്‍ ഉറപ്പിച്ചത്. അതുകൊണ്ട് അക്കാര്യത്തില്‍ ഉചിതമായ നിയമ നടപടി സ്വീകരിക്കണമെന്നും അമ്മയുടെ കൊലപാതകത്തിന് ഉത്തരവാദികളായവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നും എന്‍റെയും എന്‍റെ കുടുംബത്തിന്‍റെയും സുരക്ഷ ഉറപ്പാക്കണമെന്നും അഭ്യര്‍ഥിക്കുന്നു.

ENGLISH SUMMARY:

Sunitha, a 41-year-old from Thrissur, has written to the Chief Justice of India claiming to be the daughter of late CM Jayalalithaa and MGR. She alleges Jayalalithaa was murdered by Sasikala to prevent her public announcement, revealing details of her hidden upbringing and later DNA confirmation.