മാധ്യമപ്രവര്‍ത്തകന്‍ കെ.എം.ബഷീറിനെ കാറിടിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ വിചാരണ ഓഗസ്റ്റ് ഒന്നിന് (ശനി) തുടങ്ങും. ഐ.എ.എസ് ഉദ്യോഗസ്ഥന്‍ ശ്രീറാം വെങ്കിട്ടരാമന്‍ ഏക പ്രതിയായ കേസില്‍ നരഹത്യാകുറ്റമാണ് ചുമത്തിയിരിക്കുന്നത്. 2019 ഓഗസ്റ്റ് 3ന് പുലര്‍ച്ച, തിരുവനന്തപുരം മ്യൂസിയം റോഡിലാണ് കെ.എം.ബഷീറിന്‍റെ ജീവന്‍ നഷ്ടപ്പെട്ടത്. സിറാജ് ദിനപത്രത്തിൻ്റെ ബ്യൂറോ ചീഫായിരുന്ന ബഷീർ ജോലി കഴിഞ്ഞ് ബൈക്കില്‍ വീട്ടിലേക്ക് മടങ്ങുകയായിരുന്നു. ബഷീറിനെ ശ്രീറാം വെങ്കിട്ടരാമന്‍ ഓടിച്ച കാര്‍ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. ആശുപത്രിയിലെത്തിക്കും മുൻപ് ജീവൻ നഷ്‌ടമായി.
ഐ.എ.എസ് ഉദ്യോഗസ്ഥര്‍ ഒത്തുകൂടാറുള്ള കവടിയാറിലെ സിവിൽ സർവീസ് ഓഫീസേഴ്സ് ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നാണ് ദുരന്തം വിതച്ച ശ്രീറാമിന്റെ യാത്ര തുടങ്ങിയത്. ഓഗസ്ത് 3 ന് പുലർച്ചെ ഒരു മണിയോടെ ആഘോഷമൊക്കെ കഴിഞ്ഞാണ് ശ്രീറാം അവിടെ നിന്ന് ഇറങ്ങിയത്. ആദ്യം നടന്ന് കവടിയാറിലെ റോഡിലെത്തി. അവിടെ കാത്ത് നിന്ന് ശ്രീറാമിനെ തേടി വഫ ഫിറോസെത്തി. വഫയുടെ കാർ കവടിയാർ മുതൽ ശ്രീറാം ഓടിച്ചു. ആ യാത്രയാണ് ബഷീറിന്‍റെ മരണത്തില്‍ കലാശിച്ചത്.
അപകട സ്ഥലത്ത് വെച്ച് തന്നെ ശ്രീറാമിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. പക്ഷെ ഐ.എ.എസ് ഉന്നതനെന്ന് മനസിലായതോടെ ആ നിമിഷം അട്ടിമറി നീക്കങ്ങളും തുടങ്ങി. മദ്യപിച്ചെന്ന് ഉറപ്പിക്കാനുള്ള രക്തപരിശോധന ആദ്യം ഒഴിവാക്കി. പത്ത് മണിക്കൂറിലേറെ വൈകി രക്തം പരിശോധിച്ചതോടെ മദ്യപിച്ചിട്ടില്ലെന്ന അനുകൂല തെളിവ് ഒപ്പിച്ചു. സര്‍ക്കാര്‍ ആശുപത്രിയില്‍ നിന്ന് സ്വകാര്യ ആശുപത്രിയിലേക്ക് സുഖചികിത്സക്ക് മാറി. ശ്രീറാമിന് റെട്രോഗ്രേഡ് അംനേഷ്യയെന്ന മറവിരോഗമെന്ന നുണ പറഞ്ഞ് ചോദ്യം ചെയ്യലും അറസ്റ്റും വൈകിപ്പിച്ചു. കാറോടിച്ചത് ശ്രീറാമല്ല, സുഹൃത്തായ വഫ ഫിറോസാണെന്ന് വരുത്താനും ശ്രമം. അങ്ങിനെ വഫയെയും പ്രതി ചേർത്തു. പക്ഷെ കാർ ഓടിച്ചത് ശ്രീറാം ആണന്ന് വഫ തീർത്ത് പറഞ്ഞു. പൊലീസിന്റെ അന്വേഷണത്തിലും ശ്രീറാം ആണ് ഡ്രൈവറെന്ന് സ്ഥിരീകരിച്ചു.
അട്ടിമറി ശ്രമങ്ങള്‍ക്കെല്ലാം ഒടുവില്‍ ശ്രീറാം അറസ്റ്റിലായെങ്കിലും വേഗം ജാമ്യം ലഭിച്ചു. ഏതാനും മാസങ്ങള്‍ക്ക് ശേഷം സര്‍വീസില്‍ തിരിച്ചെടുത്തു. വഫ ഫിറോസിന് പങ്കില്ലെന്ന് കണ്ടെത്തി പ്രതിപ്പട്ടികയില്‍ നിന്നൊഴിവാക്കി. നരഹത്യാകുറ്റം ഒഴിവാക്കാന്‍ ശ്രീറാം സുപ്രീംകോടതി വരെ പോയെങ്കിലും രക്ഷയുണ്ടായില്ല. അതോടെയാണ് ബഷീറിന്‍റെ ജീവന്‍ നഷ്ടമായി എട്ടാം വര്‍ഷത്തിലേക്ക് കടക്കാന്‍ രണ്ട് ദിവസം ശേഷിക്കെ വിചാരണക്ക് തുടക്കമാവുന്നത്.