elanthur-murder

പത്തനംതിട്ട ഇലന്തൂരിലെ നരബലി കൊലപാതകത്തിലെ പ്രതികൾക്കായി പൊലീസ് സമർപ്പിച്ച കസ്റ്റഡി അപേക്ഷ കോടതി ഇന്ന് പരിഗണിക്കും. 3 പ്രതികളെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം. കസ്റ്റഡിയിൽ ലഭിച്ചാൽ പ്രതികളുമായി ഇലന്തൂരിലെ ഭഗവൽ സിങിന്റെ വീട്ടിലെത്തി തെളിവെടുപ്പ് തുടരും

 

നിലവിൽ റിമാൻഡിലുള്ള പ്രതികളെ 12 ദിവസത്തേക്കാണ് പൊലീസ് കസ്റ്റഡിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്. കസ്റ്റഡി അപേക്ഷ എറണാകുളം ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി ഇന്ന് പരിഗണിക്കും. കസ്റ്റഡിയിൽ വാങ്ങിയശേഷം മൂന്നു പ്രതികളെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യാനും, തെളിവെടുപ്പ് തുടരാനുമാണ് അന്വേഷണസംഘത്തിന്റെ നീക്കം. പ്രതികൾക്ക് നരബലിക്ക് പുറമേ മറ്റ് ഉദ്ദേശങ്ങൾ ഉണ്ടായിരുന്നോ എന്ന് അന്വേഷിക്കണമെന്ന് പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്. തെളിവുകൾ നശിപ്പിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കണം. കൊല്ലപ്പെട്ട സ്ത്രീകളുടെ കൈവശമുണ്ടായിരുന്ന സ്വർണ്ണവും മറ്റ് മുതലുകളും എന്ത് ചെയ്തു എന്ന് വ്യക്തമാകേണ്ടതുണ്ട്.  

 

കൂടുതൽ ആയുധങ്ങൾ ഉണ്ടെങ്കിൽ അവ കണ്ടെടുക്കണം. പ്രതികൾ കൂടുതൽ പേരെ കൊലപ്പെടുത്തിയിട്ടുണ്ടോ എന്ന കാര്യവും പൊലീസ് അന്വേഷിക്കുന്നുണ്ട്. പ്രതികളെ കസ്റ്റഡിയിൽ ലഭിച്ചാൽ ഇലന്തൂരിലെ ഭഗവത് സിംഗിന്റെ വീട്ടിലേക്ക് കൊണ്ടുപോകും. മൃതദേഹാവശിഷ്ടങ്ങളും ചില ആയുധങ്ങളും കണ്ടെടുത്തെങ്കിലും കൂടുതൽ തെളിവുകൾ ശേഖരിക്കണം. മൃതദേഹങ്ങൾ ലഭിച്ചതിന്റെ സമീപത്ത് വിശദമായ തിരച്ചിൽ നടത്താനാണ് അന്വേഷണസംഘത്തിന്റെ തീരുമാനം. ഇതിനുള്ള ക്രമീകരണങ്ങൾ പൊലീസ് തയ്യാറാക്കിയിട്ടുണ്ട്. നിലവിൽ മുഹമ്മദ് ഷാഫിയും ഭഗവൽ സിംഗും കാക്കനാട് ജില്ലാ ജയിലിലും, ലൈല വനിതാ ജയിലിലും ആണുള്ളത്. 

 

Elanthur Human Sacrifice Case: The court will consider custody application today