Image: ANI

Image: ANI

അയല്‍വാസിയായ നാലുവയസുകാരിയെ കഴുത്തറുത്ത് കൊന്ന് രക്തമെടുത്ത് കുടുംബക്ഷേത്രത്തിലെ നടയില്‍ അര്‍പ്പിച്ച് യുവാവ്. ഗുജറാത്തിലെ ഛോട്ടാ ഉദേപുറിലാണ് ക്രൂരത. സംഭവത്തില്‍ മാനസികാസ്വാസ്ഥ്യമുണ്ടെന്ന് കരുതുന്ന നാല്‍പതുവയസിലേറെ പ്രായമുള്ള ലാലാഭായ് താഡ്​വി അറസ്റ്റിലായി.കുടംബത്തില്‍ ഐശ്വര്യമുണ്ടാകുന്നതിനും ദേവപ്രീതിക്കുമായാണ് കൊടും ക്രൂരത ലാലഭായ് ചെയ്തതെന്ന് പൊലീസ് പറയുന്നു.

മുറ്റത്ത് ഒന്നര വയസുള്ള സഹോദരനൊപ്പം കളിച്ചു കൊണ്ടിരുന്ന പെണ്‍കുട്ടിയെ തിങ്കളാഴ്ച രാവിലെ ഒന്‍പത് മണിയോടെയാണ് കാണാതെയായത്. വീട്ടുജോലികളില്‍ വ്യാപൃതയായിരുന്നതിനാല്‍ കുട്ടികളുടെ അമ്മ ഇക്കാര്യം അറിഞ്ഞതുമില്ല. നിലവിളി കേട്ട് ഓടിയെത്തിയപ്പോഴാണ് കയ്യില്‍ കോടാലിയുമായി യുവാവ് പെണ്‍കുട്ടിയെ വലിച്ചിഴച്ച് കൊണ്ടുപോകാന്‍ ശ്രമിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടത്. എതിര്‍ത്തുവെങ്കിലും യുവതിയെ തള്ളിമാറ്റി അയാള്‍ കുട്ടിയെ കൊണ്ടുപോയി. പെണ്‍കുഞ്ഞിനെ കഴുത്തറുത്ത ശേഷം രക്തം ശേഖരിച്ച ലാലാഭായ് കുടുംബക്ഷേത്രത്തില്‍ കടന്ന് അര്‍പ്പിക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.

പ്രതി മനോവൈകല്യമുള്ളയാളാണെന്നും കൊലപാതകത്തില്‍ മറ്റാര്‍ക്കെങ്കിലും പങ്കുണ്ടോയെന്ന് അന്വേഷിച്ച് വരിയാണെന്നും പൊലീസ് വ്യക്തമാക്കി. അതേസമയം, പെണ്‍കുട്ടിയുടെയും അമ്മയുടെയും നിലവിളി കേട്ട് ഗ്രാമവാസികള്‍ ഓടിയെത്തിയിരുന്നുവെങ്കിലും പ്രതിയുടെ കൈവശം ആയുധമുള്ളതിനാല്‍ അടുക്കാനായില്ലെന്നും എല്ലാവരും നോക്കി നില്‍ക്കെയാണ് പ്രതി ക്രൂരകൃത്യം നടത്തിയതെന്നും പ്രദേശവാസികളിലൊരാള്‍ വെളിപ്പെടുത്തി.

പ്രതിയെ കര്‍ശന പൊലീസ് നിരീക്ഷണത്തില്‍ മാനസികാരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ദേവപ്രീതിക്കായാണ് പെണ്‍കുഞ്ഞിന്‍റെ കഴുത്തറുത്ത് രക്തമെടുത്തതെന്നും കുഞ്ഞിനെ രക്ഷിക്കാന്‍ ശ്രമിച്ചാല്‍ വെട്ടിക്കൊല്ലുമെന്ന് എല്ലാവരെയും പ്രതി ഭീഷണിപ്പെടുത്തിയെന്നും പൊലീസ് കൂട്ടിച്ചേര്‍ത്തു. ഭാരതീയ ന്യായ സംഹിത അനുസരിച്ച് കൊലപാതകം, തട്ടിക്കൊണ്ടുപോകല്‍, കുറ്റകരമായ ഗൂഢാലോചന എന്നീ വകുപ്പുകള്‍ പ്രതിക്കെതിരെ ചുമത്തിയിട്ടുണ്ട്.

ENGLISH SUMMARY:

In Gujarat’s Chhota Udepur, a man slit the throat of a four-year-old girl and offered her blood at his family shrine. The accused, believed to be mentally unstable, has been arrested.