silverline-survey

സിൽവർ ലൈൻ പദ്ധതിയിൽ സംസ്ഥാന സർക്കാരിനും കെ.റെയിൽ കോർപറേഷനുമെതിരെ രൂക്ഷ വിമർശനവുമായി ഹൈക്കോടതി. ഡിപിആറിന് കേന്ദ്രാനുമതി ഇല്ലെന്നിരിക്കെ സാമൂഹികാഘാത പഠനം നടത്തിയിട്ട് എന്ത് ഗുണമെന്ന് ഹൈക്കോടതി ചോദിച്ചു. പദ്ധതിയിൽ നിന്നും പിൻമാറിയിട്ടില്ലെന്നും, സിൽവർലൈൻ പ്രതിഷേധക്കാർക്കെതിരായ ക്രിമിനൽ കേസുകൾ പിൻവലിക്കില്ലെന്നും സർക്കാർ കോടതിയിൽ വ്യക്തമാക്കി.

ഇല്ലാത്ത പദ്ധതിക്ക് വേണ്ടി എന്തിനാണ് ഇത്ര പണം ചിലവാക്കിയതെന്നായിരുന്നു കോടതിയുടെ പ്രധാന വിമർശനം. പദ്ധതിയുടെ പേരിൽ സർക്കാർ നാടകം കളിക്കുകയാണ്. സിൽവർലൈനിൽ താൽപര്യമില്ലെന്ന് കേന്ദ്രസർക്കാർ വ്യക്തമാക്കിക്കഴിഞ്ഞു. പദ്ധതിയുടെ പേരിൽ ഇത്രയധികം പ്രശ്നങ്ങൾ ഉണ്ടാക്കിയതിന് ആരാണ് സമാധാനം പറയുക. ഇതുവരെ സാമൂഹികാഘാത പഠനവും, ഭൂമി ഏറ്റെടുക്കലും സംബന്ധിച്ച് വിജ്ഞാപനം ഇറക്കിയിട്ടില്ല. ശരിയായ രീതിയിൽ  മാത്രമേ പദ്ധതി നടത്താൻ കഴിയുവെന്ന കാര്യം  കോടതി ഉറപ്പു വരുത്തും. പദ്ധതിയുടെ പാരിസ്ഥിതികാഘാതം എത്രത്തോളം ഉണ്ടെന്നറിയണമെന്നും ഹൈക്കോടതി വ്യക്തമാക്കി. മഞ്ഞക്കല്ലുമായി രാവിലെയാകുമ്പോൾ വീടിനു മുന്നിലേക്ക് ആരൊക്കെയോ കയറിവരുമെന്നും, ഇതൊക്കെ എന്തിനാണെന്ന് ആർക്കുമറിയില്ലെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പരിഹസിച്ചു. 

സിൽവർലൈൻ പ്രതിഷേധക്കാർക്കെതിരായ ക്രിമിനൽ കേസുകൾ പിൻവലിക്കില്ലെന്ന് വാദത്തിനിടെ സർക്കാർ നിലപാടറിയിച്ചു. തുടർന്ന് സിൽവർ ലൈനുമായി ബന്ധപ്പെട്ട ഹർജികൾ ഹൈക്കോടതി തീർപ്പാക്കി. സാമൂഹികാഘാത പഠനത്തിന് പുതിയ വിജ്ഞാപനമിറക്കാത്ത സാഹചര്യത്തിൽ ഹർജിക്കാർക്ക് ആശങ്ക വേണ്ടെന്നും, പുതിയ വിജ്ഞാപനം ഇറക്കിയാൽ വേണമെങ്കിൽ വീണ്ടും സമീപിക്കാമെന്നും കോടതി വ്യക്തമാക്കി.