amit-bjp

ജയ്‌പുർ : കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ മഫ്ലറിന് 80,000 രൂപ വിലയുണ്ടെന്നും ബിജെപി നേതാക്കള്‍ 2.5 ലക്ഷത്തിന്റെ സൺഗ്ലാസുകളാണു ധരിക്കുന്നതെന്നും രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ട്. ഭാരത് ജോഡോ യാത്രയിൽ കോൺഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ധരിച്ച ടി ഷര്‍ട്ടിന്റെ വിലയെച്ചൊല്ലിയുള്ള വിവാദത്തിലാണു ഗെലോട്ടിന്റെ പ്രതികരണം.

 

‘‘ഭാരത് ജോഡോ യാത്രയ്ക്ക് ജനങ്ങളില്‍നിന്ന് ലഭിക്കുന്ന അസാധാരണ പിന്തുണയിൽ കേന്ദ്ര സർക്കാർ ആശങ്കയിലാണ്. എന്തിനാണു യാത്രയെപ്പറ്റി ഇത്ര ആശങ്ക? അവര്‍ രാഹുലിന്റെ ടി ഷര്‍ട്ടിനെ കുറിച്ചാണു പറയുന്നത്. 2.5 ലക്ഷത്തിന്റെ സൺഗ്ലാസുകൾ ധരിക്കുന്നവരാണ് ഇതുപറയുന്നത് എന്നോർക്കണം. കേന്ദ്ര ആഭ്യന്തരമന്ത്രി ധരിക്കുന്ന മഫ്ലറിന് 80,000 രൂപയാണ് വില. അവര്‍ ടി ഷര്‍ട്ടിനെ രാഷ്ട്രീയവത്കരിക്കുകയാണ്.‌ പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും മറ്റ് നേതാക്കളും ജോലി ഉപേക്ഷിച്ച് രാഹുലിനെ ആക്രമിക്കുന്നു’– ഗെലോട്ട് പറഞ്ഞു.

 

രാഹുൽ ധരിച്ച ടി ഷർട്ടിന്റെ വില 41,000 രൂപ ആണെന്ന് ബിജെപി ആരോപിച്ചിരുന്നു. രാഹുൽ ടി ഷർട്ട് ധരിച്ചു നിൽക്കുന്ന ചിത്രവും അതിനു സമാനമായ ടി ഷർട്ടിന്റെ വില ഉൾപ്പെടുന്ന ചിത്രവും ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലാണ് ബിജെപി പങ്കുവച്ചത്. രാഹുൽ ധരിക്കുന്നത് വിദേശനിർമിത ടി ഷർട്ടാണെന്ന് അമിത് ഷായും ആരോപിച്ചു. ഭാരത് ജോഡോ യാത്രയിൽ രാഹുൽ ഉപയോഗിച്ച ടി ഷർട്ട് തിരുപ്പൂരിൽ നിർമിച്ചതാണെന്ന് തമിഴ്നാട് കോൺഗ്രസ് അധ്യക്ഷൻ കെ.എസ്.അഴഗിരി വ്യക്തമാക്കി.