pulsar-suni-dileep-03

നടിയെ ആക്രമിച്ച ദൃശ്യങ്ങൾ അടങ്ങിയ മെമ്മറി കാർഡിന്റെ ഹാഷ് വാല്യൂ മാറിയതിൽ വിചാരണക്കോടതിയിലെ ജീവനക്കാരെ ചോദ്യം ചെയ്യാനൊരുങ്ങി ക്രൈംബ്രാഞ്ച്. കോടതിയുടെ അനുമതിയോടെ മെമ്മറി കാർഡ് തുറന്നു പരിശോധിച്ചത് പ്രതിഭാഗമാണെന്ന വാദം പൾസർ സുനിയുടെ അഭിഭാഷകൻ തള്ളി. മെമ്മറി കാർഡ് താൻ കണ്ടിട്ടില്ലെന്നും, ഫൊറൻസിക് റിപ്പോർട്ടിൽ പറയുന്ന സമയത്തല്ല താൻ ദൃശ്യങ്ങൾ പരിശോധിച്ചതെന്നും അഭിഭാഷകൻ വെളിപ്പെടുത്തി.

 

ഫൊറൻസിക് റിപ്പോർട്ട് പ്രകാരം നടിയെ ആക്രമിച്ച ദൃശ്യങ്ങൾ അടങ്ങിയ മെമ്മറി കാർഡ് മൂന്നു തവണയാണ് തുറന്നു പരിശോധിച്ചിട്ടുള്ളത്. ഇതിൽ മൂന്നാം തവണ പരിശോധിച്ചത്  2021 ജൂലൈ 19ന് ഉച്ചയ്ക്ക് 12.19 നും 12.54നും ഇടയിലാണ്. വിചാരണ കോടതിയുടെ കൈവശമിരുന്ന ആ സമയത്ത് സ്മാർട് ഫോണിലാണ് മെമ്മറി കാർഡ് പരിശോധിച്ചതെന്ന് റിപ്പോർട്ടിലുണ്ട്. ഈ സാഹചര്യത്തിലാണ് കോടതി ജീവനക്കാരെ ചോദ്യം ചെയ്യാൻ അന്വേഷണസംഘം ഒരുങ്ങുന്നത്. ഇതിനായി അന്വേഷണസംഘം അപേക്ഷ നൽകും. മെമ്മറി കാർഡ് ആരാണ് തുറന്നു പരിശോധിച്ചത്, ദൃശ്യങ്ങൾ കൈമാറ്റം ചെയ്യപ്പെട്ടോ എന്നിവ കണ്ടെത്താനാണ് അന്വേഷണ സംഘത്തിന്റെ ശ്രമം. 

 

ദൃശ്യങ്ങൾ പരിശോധിക്കാൻ കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയുടെ അഭിഭാഷകന് കോടതി അനുമതി നൽകിയിരുന്നു. സുപ്രീംകോടതി ഉത്തരവുപ്രകാരം പ്രതിയുടെ അഭിഭാഷകർക്ക് തെളിവുകൾ പരിശോധിക്കാനുള്ള അവകാശമുണ്ട്. രേഖകൾ പ്രകാരം ജൂലൈ 19ന് ദൃശ്യങ്ങൾ പരിശോധിക്കാനാണ് കോടതി അനുമതി നൽകിയിരുന്നത്. ഇതേ ദിവസം മെമ്മറി കാർഡ്  തുറന്നു പരിശോധിച്ചെന്നാണ് ഫൊറൻസിക് റിപ്പോർട്ട്. എന്നാൽ മെമ്മറി കാർഡ് താൻ കണ്ടിട്ടില്ലെന്നും, പെൻഡ്രൈവ് ഉപയോഗിച്ച് ലാപ്ടോപ്പിലാണ് ദൃശ്യങ്ങൾ കണ്ടതെന്നും പൾസർ സുനിയുടെ അഭിഭാഷകൻ വെളിപ്പെടുത്തി.

 

പൾസർ സുനിയുടെ അഭിഭാഷകൻ നിഷേധിച്ചതോടെ ആരാണ് മെമ്മറി കാർഡ് പരിശോധിച്ചത് എന്ന ചോദ്യം വീണ്ടും ഉയരുകയാണ്. ഈ  സാഹചര്യത്തിൽ കോടതി ജീവനക്കാരെ ചോദ്യം ചെയ്യുന്നതിലൂടെ കാര്യങ്ങൾ വ്യക്തമാകും എന്നാണ് അന്വേഷണ സംഘത്തിന്റെ പ്രതീക്ഷ