sinha-kcr-2

TAGS

 

തെലങ്കാന ഭരിക്കുന്ന ടിആര്‍എസുമായി പുതിയ പോര്‍മുഖം തുറന്ന് ഹൈദരാബാദില്‍ ബിജെപിയുടെ ദേശീയ നിര്‍വാഹക സമിതി യോഗം. വൈകീട്ട് ഹൈദരാബാദില്‍ എത്തുന്ന പ്രധാനമന്ത്രിയെ സ്വീകരിക്കാന്‍ മുഖ്യമന്ത്രി കെ.ചന്ദ്രശേഖര്‍ റാവു എത്തില്ല. എന്നാല്‍ പ്രതിപക്ഷത്തിന്‍റെ രാഷ്ട്രപതി സ്ഥാനാര്‍ഥി യശ്വന്ത് സിന്‍ഹയ്ക്ക് വന്‍ സ്വീകരണമാണ് ചന്ദ്രശേഖര്‍ റാവു നല്‍കുന്നത്. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ബിജെപിയുടെ ശക്തി വര്‍ധിപ്പിക്കാന്‍ ലക്ഷ്യമിട്ടുള്ള നിര്‍വാഹക സമിതി യോഗത്തില്‍ ലോക്സഭാ തിരഞ്ഞെടുപ്പിലും അതിന് മുന്‍പ് നടക്കുന്ന നിര്‍ണായക നിയമസഭാ തിരഞ്ഞെടുപ്പുകളിലും സ്വീകരിക്കേണ്ട തന്ത്രങ്ങള്‍ ചര്‍ച്ചയാകും.

 

മഹാരാഷ്ട്രയില്‍ വിജയകരമായി സര്‍ക്കാര്‍ രൂപീകരിച്ച ബിജെപി ഉടന്‍ തെലങ്കാനയിലേയ്ക്ക് രാഷ്ട്രീയ ചര്‍ച്ചകള്‍ സജീവമാക്കുകയാണ്. ഇന്നും നാളെയുമായി നടക്കുന്ന ബിജെപി ദേശീയ നിര്‍വാഹക സമിതിയോഗം ലക്ഷ്യമിടുന്നത് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ പാര്‍ട്ടിയെ ശക്തിപ്പെടുത്താനാണ്. തെലങ്കാനയില്‍ അധികാരം പിടിക്കാനാണ്. യോഗത്തിന് മുന്നോടിയായി ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നഡ്ഢ ഹൈദരാബാദില്‍ വന്‍ റോഡ് ഷോ നടത്തി. തെലങ്കാനയില്‍ ബിജെപി വിശ്വാസരാഷ്ട്രീയവും ഉയര്‍ത്തിപ്പിടിക്കുമെന്ന സന്ദേശം നല്‍കി യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഭാഗ്യലക്ഷ്മി മാതാ ക്ഷേത്രത്തിലെത്തി. നാളെ പരേഡ് ഗ്രൗണ്ടില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്ന പൊതുസമ്മേളനത്തിന് വലിയ ജനപങ്കാളിത്തമാണ് ബിജെപി നേതൃത്വം പ്രതീക്ഷിക്കുന്നത്. 

 

രാഷ്ട്രീയപ്പാര്‍ട്ടികളിലെ കുടുംബാധിപത്യത്തെ ശക്തമായി വിമര്‍ശിക്കുന്ന പ്രമേയം യോഗത്തില്‍ പാസാക്കും. കേന്ദ്രസര്‍ക്കാരിന്‍റെ വികസനപദ്ധതികളുടെ വിലയിരുത്തലും പ്രചാരണവും യോഗത്തിന്‍റെ പരിഗണനയ്ക്ക് വരും. അതേസമയം, പ്രതിപക്ഷത്തിന്‍റെ രാഷ്ട്രപതി സ്ഥാനാര്‍ഥി യശ്വന്ത് സിന്‍ഹയുടെ തെലങ്കാന സന്ദര്‍ശനം ആഘോഷമാക്കിയാണ് ടിആര്‍എസ് ബിജെപിക്ക് മറുപടി നല്‍കുന്നത്. സിന്‍ഹയെ സ്വീകരിക്കാന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന മന്ത്രിമാരും വിമാനത്താവളത്തില്‍ നേരിട്ടെത്തി. ബിജെപിയെ പരിഹസിക്കുന്ന പോസ്റ്ററുകള്‍ പലയിടങ്ങളിലും ടിആര്‍എസ് സ്ഥാപിച്ചിട്ടുണ്ട്.