പ്രതിപക്ഷത്തിന്‍റെ രാഷ്ട്രപതി സ്ഥാനാര്‍ഥി യശ്വന്ത് സിന്‍ഹയെ സ്വീകരിക്കാന്‍ ഇടതുപക്ഷത്തുനിന്ന് ആരുമെത്തിയില്ലെന്ന് വിവാദം. നരേന്ദ്രമോദിയെ പേടിച്ചാകാം പിണറായിയും കൂട്ടരും വിമാനത്താവളത്തില്‍ എത്താത്തതെന്ന് കെ.സുധാകരന്‍ ആരോപിച്ചു. പ്രതിപക്ഷത്തിന്‍റെ ഐക്യത്തോട് കെ.സുധാകരന് അലര്‍ജിയാണെന്ന് മന്ത്രി പി.എ.മുഹമ്മദ് റിയാസ് തിരിച്ചടിച്ചു. ഇന്നലെ രാത്രി യശ്വന്ത് സിന്‍ഹ വിമാനത്താവളത്തിലെത്തിയപ്പോള്‍ സ്വീകരിക്കാന്‍ പ്രതിപക്ഷനേതാവ് വി.ഡി.സതീശന്‍റെ നേതൃത്വത്തിലുള്ള യുഡിഎഫ് സംഘം ഉണ്ടായിരുന്നു. താമസസൗകര്യം ഏര്‍പ്പെടുത്തിയിരുന്ന മാസ്കോട്ട് ഹോട്ടലില്‍ യശ്വന്ത് സിന്‍ഹ എത്തിയപ്പോള്‍ മന്ത്രി പി.രാജീവും സ്വീകരിച്ചു.
രാത്രി പതിനൊന്നരയോടെ കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്‍, യശ്വന്ത് സിന്‍ഹയെ വിമാനത്താവളത്തില്‍ സ്വീകരിക്കാന്‍ ഇടതുപക്ഷത്തുനിന്ന് ആരും എത്താത്തതിനെ വിമര്‍ശിച്ച് ഫെയ്സ്ബുക്ക് പോസ്റ്റിട്ടു. നരേന്ദ്രമോദിയെ പേടിച്ചാകാം പിണറായിയും കൂട്ടരും വിമാനത്താവളത്തില്‍ എത്താതിരുന്നതെന്നും സുധാകരന്‍ ആരോപിച്ചു. സ്വര്‍ണകള്ളക്കടത്തുകേസ് ഒത്തുതീര്‍പ്പിന്‍റെ ഭാഗമായി രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ സിപിഎം, മോദിക്കൊപ്പം നില്‍ക്കുമെന്ന് വ്യക്തമാകുകയാണെന്നും പോസ്റ്റില്‍ പറയുന്നു. മന്ത്രിമാരാരും വിമാനത്താവളത്തിലെത്താത്തതിനെ പ്രതിപക്ഷനേതാവും വിമര്‍ശിച്ചു.
മന്ത്രി പി.രാജീവാണ് എല്ലാ ചുമതലയും വഹിച്ചയാളെന്ന് സുധാകരന്‍റെ ആരോപണം തള്ളി മന്ത്രി മുഹമ്മദ് റിയാസ് പ്രതികരിച്ചു. തന്‍റെ ഓഫിസിലെ സ്റ്റാഫ് യശ്വന്ത് സിന്‍ഹയ്ക്ക് എല്ലാ സഹായവും നല്‍കി കൂടെയുണ്ട്.
തെക്ക് കേരളത്തില്‍ നിന്ന് പ്രചാരണത്തിന് തുടക്കമിടാന്‍ യശ്വന്ത് സിന്‍ഹ എത്തിയ ദിവസം തന്നെ പ്രതിപക്ഷനിരയിലെ ഭിന്നത പുറത്തുവന്നത് കല്ലുകടിയായി.