മുന്‍ കേന്ദ്രമന്ത്രി യശ്വന്ത് സിന്‍ഹ പ്രതിപക്ഷത്തിന്റെ രാഷ്ട്രപതി സ്ഥാനാര്‍ഥിയായേക്കും. വലിയ ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുക്കാന്‍ തൃണമൂല്‍ കോണ്‍ഗ്രസ് ഉപാധ്യക്ഷ സ്ഥാനം ഒഴിയുകയാണെന്ന് സിന്‍ഹ ട്വീറ്റ് ചെയ്തു. സ്ഥാനാര്‍ഥിയെ ഔദ്യോഗികമായി തീരുമാനിക്കാനുള്ള പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗം ഉച്ചകഴിഞ്ഞ് ഡല്‍ഹിയില്‍ ചേരും. രാഷ്ട്രപതി സ്ഥാനാര്‍ഥിയെ തീരുമാനിക്കാനുള്ള ബിജെപി പാര്‍ലമെന്ററി ബോര്‍ഡ് യോഗവും ഇന്നുണ്ട്. എന്‍ഡിഎ സ്ഥാനാര്‍ഥിയെ നാളെ പ്രഖ്യാപിച്ചേക്കും.
ശരദ് പവാറിനും ഫാറൂഖ് അബ്ദുല്ലക്കും പിന്നാലെ ഗോപാല്‍കൃഷ്ണ ഗാന്ധിയും പിന്മാറിയതോടെയാണ് യശ്വന്ത് സിന്‍ഹയുടെ പേര് സജീവമായത്. പൊതുസമ്മതനായ സ്ഥാനാര്‍ഥിയാകാന്‍ തൃണമൂല്‍ കോണ്‍ഗ്രസിലെ പദവികള്‍ ഒഴിയണമെന്ന് യശ്വന്ത് സിന്‍ഹയോട് കോണ്‍ഗ്രസും ഇടതുപാര്‍ട്ടികളും ആവശ്യപ്പെട്ടിരുന്നു. ഇതോടെയാണ് പാര്‍ട്ടി വിടുന്നതായി അദ്ദേഹം പ്രഖ്യാപിച്ചത്. മമതാ ബാനര്‍ജി നല്കിയ ആദരവിനും വിശ്വാസത്ിനും നന്ദി പറഞ്ഞ സിന്‍ഹ, ദേശീയ താല്പര്യം മുന്‍നിര്‍ത്തി പ്രതിപക്ഷ ഐക്യം ഊട്ടിയുറപ്പിക്കേണ്ടതിന് താന്‍ പാര്‍ട്ടിയില്‍ നിന്ന് മാറി നില്‍ക്കേണ്ട സമയം സംജാതമായിരിക്കുന്നെന്ന് ട്വിറ്ററില്‍ കുറിച്ചു.
ഇന്നലെ രാത്രി എന്‍സിപി അധ്യക്ഷന്‍ ശരത് പവാറിന്റെ വസതിയില്‍ നടന്ന ചര്‍ച്ചയലാണ് യശ്വന്ത് സിന്‍ഹയുടെ പേര് പരിഗണിച്ചത്. ആം ആദ്മി പാര്‍ട്ടി, സമാജ്വാദി പാര്‍ട്ടി, ആര്‍ജെഡി നേതാക്കളുമായും ആശയവിനിമയം നടന്നു. ഇടതുപാര്‍ട്ടി നേതാക്കള്‍ രാവിലെ ശരത് പവാറുമായി വീണ്ടും കൂടിക്കാഴ്ച നടത്തി. വാജ്പേയി മന്ത്രിസഭയില്‍ ധന, വിദേശകാര്യ മന്ത്രിയായിരുന്ന യശ്വന്ത് സിന്‍ഹ 2018ലാണ് ബിജെപി വിട്ടത്. കഴിഞ്ഞ വര്‍ഷം തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്ന അദ്ദേഹം നിലവില്‍ പാര്‍ട്ടി ഉപാധ്യക്ഷനാണ്.
അതേസമയം, വൈഎസ്ആര്‍ കോണ്‍ഗ്രസ് ബിജെഡി തുടങ്ങി നിലവില്‍ എന്‍ഡിഎയെ പിന്തുണക്കുമെന്ന് സൂചിപ്പിച്ചിട്ടുള്ള പാര്‍ട്ടികളുടെ പിന്തുണയാര്‍ജിക്കാന്‍ സാധിച്ചാലെ സിന്ഹയ്കക്ക് വിജയിക്കാനാകൂ. ഇന്ന് വൈകീട്ട് ചേരുന്ന ബിജെപി പാര്‍ലമെന്ററി ബോര്‍ഡ് യോഗം എന്‍ഡിയെയുടെ രാഷ്ട്രപതി സ്ഥാനാര്‍ഥി സംബന്ധിച്ച് ധാരണയിലെത്തിയേക്കും. എന്‍ഡിഎ സ്ഥാാര്ഥിയെ നാളെ പ്രഖ്യാപിക്കാനാണ് സാധ്യത.