ഇടുക്കി ഗവൺമെന്റ് എന്‍ജിനിയറിങ് കോളജിൽ കുത്തേറ്റു കൊല്ലപ്പെട്ട എസ്എഫ്ഐ പ്രവർത്തകൻ ധീരജിന്റെ കൊലപാതകം രാഷ്ട്രീയ വിരോധത്തെ തുടര്‍ന്നെന്ന് എഫ്.ഐ.ആര്‍. പിടിയിലായ നിഖിലിന്റേയും ജെറിന്റേയും അറസ്റ്റ് രേഖപ്പെടുത്തി. കെ എസ് യു കോളജ് യൂണിറ്റ് സെക്രട്ടറി അടക്കം രണ്ടുപേർ കസ്റ്റഡിയിലുണ്ട്. പോസ്റ്റുമോർട്ടത്തിനു ശേഷം ധീരജിന്റെ മൃതദേഹം വിലാപയാത്രയായി ജന്മനാട്ടിലേക്ക് തിരിച്ചു. ഇരുപത്തിയൊന്നുകാരനായ ധീരജ് രാജേന്ദ്രനെ കുത്തിവീഴ്ത്തിയ യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് നിഖില്‍ പൈലിക്കെതിരെ കൊലക്കുറ്റമടക്കമുള്ള വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. വധശ്രമത്തിനും സംഘം ചേര്‍ന്നതിനുമാണ് യൂത്ത് കോൺഗ്രസ് ഇടുക്കി മണ്ഡലം വൈസ് പ്രസിഡന്റ് ജെറിന്‍ ജോജോയ്ക്കെതിരെ കേസ്. പറവൂരിൽ നിന്നാണ് കെ എസ് യു കോളജ് യൂണിറ്റ് സെക്രട്ടറി അലക്സ് റാഫേൽ പിടിയിലായത്.
യൂണിയൻ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന ബന്ധുവിനെ സഹായിക്കാൻ കോളജിൽ എത്തിയതാണെന്നും കൈയ്യിൽ പേനകത്തി കരുതിയത് സ്വരക്ഷയ്ക്ക് ആണെന്നുമാണ് നിഖിൽ പൈലിയുടെ മൊഴി. പുറത്തു നിന്ന് ആരും ക്യാംപസില്‍ കയറിയിട്ടില്ലെന്നും തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ചെറിയ തര്‍ക്കങ്ങള്‍ മാത്രമാണുണ്ടായതെന്നും പ്രിന്‍സിപ്പല്‍ പറഞ്ഞു. കൊലയ്ക്കുപയോഗിച്ച കത്തി പ്രതി ഉപേക്ഷിച്ചു. നിർണായക തെളിവായ ഈ ആയുധം കണ്ടെത്തേണ്ടതുണ്ട്. കൃത്യത്തിന് പിന്നില്‍ കൂടുതല്‍പേര്‍ക്ക് പങ്കുണ്ടോയെന്നും പൊലീസ് അന്വേഷിക്കുന്നു. വരും ദിവസങ്ങളിൽ കൂടുതൽ അറസ്റ്റുണ്ടായേക്കുമെന്നാണ് സൂചന.