league

വഖഫ് നിയമനം പി.എസ്.സിക്ക് വിട്ടതിനെതിരായ പ്രതിഷേധം മുസ്ലീംലീഗും സര്‍ക്കാരും തമ്മിലുള്ള നേര്‍ക്കുനേര്‍ ഏറ്റുമുട്ടലായി മാറി. കോഴിക്കോട് നടന്ന സമ്മേളനം വെറും സമരപ്രഖ്യാപനം മാത്രമാണെന്ന് ലീഗ് വ്യക്തമാക്കിയതോടെ പ്രക്ഷോഭം ശക്തിപ്പെടുമെന്ന് ഉറപ്പായി. അതേസമയം മന്ത്രി മുഹമ്മദ് റിയാസിനെ വ്യക്തിപരമായി ആക്ഷേപിക്കുക കൂടി ചെയ്തതോടെ പെട്ടെന്നൊരു വിട്ടുവീഴ്ചയ്ക്ക് സര്‍ക്കാരും തയാറായേക്കില്ല.    

 

കോഴിക്കോട്ടെ വഖഫ് സംരക്ഷണ റാലിയിലായിരുന്നു മന്ത്രി പി.എ മുഹമ്മദ് റിയാസിനെതിരെ  മുസ്്ലിം ലീഗ് സംസ്ഥാന സെക്രട്ടറി അബ്ദുറഹ്മാന്‍ കല്ലായി വിവാദ പരാമര്‍ശം നടത്തിയത്. ഇന്ന് സി.പിഎം കണ്ണൂര്‍ ജില്ലാ ജില്ലാ സമ്മേളനത്തില്‍ മുഖ്യമന്ത്രി ലീഗിനെ കടന്നാക്രമിച്ചു.  തൊട്ടുപിന്നാലെ കോടിയേരി ബാലകൃഷ്ണനും ലീഗിനെതിരെ കടുത്തവിമര്‍ശനമുയര്‍ത്തി. 

 

മന്ത്രി റിയാസിനെയും ഭാര്യ വീണയെയും അപമാനിച്ചു നടത്തിയ പ്രസംഗം അപരിഷ്കൃതവും മതസൗഹാര്‍ദം തകര്‍ക്കുന്നതുമാണെന്ന് ഡി.വൈ.എഫ് ആരോപിച്ചു. പരാമര്‍ശം വിവാദമായതിനു പിന്നാലെ ആദ്യം ഖേദം പ്രകടിപ്പിച്ചത് വിവാദ പരാമര്‍ശം നടത്തിയ ലീഗ് നേതാവ് അബ്ദുറഹ്മാന്‍ കല്ലായിയായിരുന്നു. പിന്നാലെ മുസ്ലീം ലീഗ് ഉന്നതാധികാര സമിതി അംഗം പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ ഖേദം പ്രകടിപ്പിച്ചു. ആരോപണം ഉന്നയിച്ചവരെ വിളിച്ച് അത് തിരുത്താന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഇത്തരം പരാമര്‍ശങ്ങള്‍ക്ക് ന്യായീകരണമില്ലെന്നും അദ്ദേഹം ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി. അബ്ദു റഹ്മാന്‍ കല്ലായിയുടെ പരാമര്‍ശനത്തിനെതിരെ ഹരിത മുന്‍ ഭാരവാഹികളും രംഗത്തെത്തിയിരുന്നു.