ഭാരതീയ സംഗീതത്തിന്റെ വാനമ്പാടിക്ക് ഇന്ന് 92ാം പിറന്നാള്‍. മിനുസമാര്‍ന്ന സ്വരമാധുരികൊണ്ട് എന്നും ആസ്വാദകമനസില്‍ വേറിട്ട ഇടമുള്ള ഗായികയാണ് ലതാമങ്കേഷ്കര്‍. രാജ്യത്തിന്റെ തന്നെ സ്വരമായ ലതാജിക്ക് പിറന്നാളാശംസകളേകുകയാണ് ഇന്ത്യ.
തുടക്കം പിഴച്ചാല്‍ തിളക്കം പിഴയ്ക്കുമോ? ഇല്ല എന്ന വ്യക്തമായ ഉത്തരമാണ് ലതാമങ്കേഷ്കര്‍. 1942ല്‍ കിടി ഹസാല്‍ എന്ന മറാത്തി ചിത്രത്തിനായി മനോഹരമായ ഒരു പാട്ട് പാടി സിനിമസംഗീതത്തിലേക്ക് വന്ന ലതയ്ക്ക് തിരിച്ചടിയായിരുന്നു തുടക്കം. ആ പാട്ട് ചിത്രത്തില്‍ വന്നില്ല. പക്ഷെ ലതാജി പിന്നോട്ടില്ലായിരുന്നു. അതേ വര്‍ഷം മറ്റൊരു മറാത്തിചിത്രത്തില്‍ പാടി അഭിനയിച്ചാണ് വരവറിയിച്ചത്.
അച്ഛനായിരുന്നു ലതാജിയുടെ ഗുരു. പരിശീലനവും സാധനയും അടിത്തറപാകിയ സ്വരസൗധത്തിനുടമയായി ലതാജി വളര്‍ന്നു. മത്‍സരം എന്ന വാക്ക് നിഘണ്ടുവില്‍ നിന്ന് എടുത്തു കളഞ്ഞാണ് സിനിമാ മേഖലയില്‍ ലതാമങ്കേഷ്കര്‍ തന്റെ സ്ഥാനമുറപ്പിച്ചത്. 1943ല്‍ ഇറങ്ങിയ മാതാ ഏക് സപൂത് കി ദുനിയാ ബദല്‍ ദേ തൂ എന്ന ഗാനമാണ് ആദ്യ ഹിന്ദി പാട്ട്. ആദ്യ break through നല്‍കിയത് majboor gulam hyder സംഗീതസംവിധാനം ചെയ്ത മേരെ ദില്‍ തോഡാ എന്ന ഗാനം. പിന്നീടിങ്ങോട്ട് 6 പതിറ്റാണ്ടിലധികം നീണ്ട സംഗീത സപര്യ.
15 ഭാഷകളിലായി 40,000ത്തിലധികം പാട്ടുകള്‍. മെലഡികളുടെ രാജകുമാരിയെന്ന പദവിയില്‍ വിരാജിക്കുമ്പോഴും ഒാരോ പാട്ടുപാടുന്നതിന് മുന്‍പും പരിഭ്രമമാണ്. സ്റ്റുഡിയോയില്‍ വന്നാല്‍ പാട്ടു പഠിക്കാന്‍ 5 മിനിട്ട് റെക്കോഡിങ്ങിന് 10 മിനിട്ട്. പിന്നെ ലതാജിയെ അവിടെ കാണില്ലത്രേ. പാടിയതൊന്ന് കേട്ടിട്ട് പോകൂ എന്ന് സംഗീതസംവിധായകര്‍ അഭ്യര്‍ത്ഥിക്കുമ്പോള്‍ അവര്‍ പറയുമായിരുന്നു...നിങ്ങള്‍ വിലയിരുത്തൂ. ഞാന്‍ കേട്ടാല്‍ അതില്‍ കുറവുകള്‍ മാത്രമേ ഉണ്ടാകൂ എന്ന്. എന്നും ഒറ്റക്കായിരിക്കാനിഷ്ടപ്പെടുന്ന ആളാണ് ലതാജി. റെക്കോഡിങ് സ്റ്റുഡിയോയില്‍ ഒരു കാന്‍റീന്‍ പ്രവര്‍ത്തിക്കുന്ന കാര്യം പോലുമറിയാന്‍ നില്‍ക്കാതെ പാട്ടുമാത്രം കാണുകയും കേള്‍ക്കുകയും ചെയ്യുന്ന അപൂര്‍വ്വ വ്യക്തി.
എല്ലാത്തരം പാട്ടുകളും പാടി, ഭജനുകള്‍ പാടുമ്പോള്‍ മീരയാകാനാണത്രേ ലതാജിക്കിഷ്ടം. ദേശഭക്തിതുളുമ്പുന്ന ഹേ മേരെ വദന്‍ കേ ലോകോം പാടി സ്വയം കരഞ്ഞില്ല പക്ഷെ മുന്നിലിരുന്ന ജവഹര്‍ലാല്‍ നെഹ്റുവിനെ കരയിപ്പിച്ചു. 1963ല്‍ ചൈനയുമായുള്ള യുദ്ധം കഴിഞ്ഞുള്ള ആദ്യ റിപബ്ളിക് ദിന ആഘോഷത്തില്‍ ആ യുദ്ധമുഖം മനസില്‍ കണ്ട് പാടിയാണ് ലത നെഹ്റുവിനെ നൊമ്പരപ്പെടുത്തിയത്. 1948ല്‍ ഷഹീദ് എന്ന ചിത്രത്തില്‍ പാടാനെത്തിയപ്പോള്‍ നേര്‍ത്ത ശബ്ദമെന്ന് കുറ്റപ്പെടുത്തി നിര്‍മാതാവ് തിരിച്ചയച്ച ശബ്ദമാണ് കാലപ്രയാണത്തില്‍ സംഗീതലോകത്ത് നേടാവുന്ന ഏതാണ്ടെല്ലാ പുരസ്കാരങ്ങളും സ്വന്തമാക്കിയത്. ദേശീയ പുരസ്കാരം, പത്മഭൂഷണ്‍, പത്മവിഭൂഷണ്‍, ഭാരതരത്നം, ദാദാ സാഹേബ് ഫാല്‍കേ അങ്ങനെ നീളുന്നു പട്ടിക. സലില്‍ ചൗധരി മലയാളത്തിലേക്കും ആ നാദമെത്തിച്ചു, lakshmikanth pyarelal കൂട്ടുകെട്ടിനൊപ്പം 800ഒളം പാട്ടുകള്‍. ഏറ്റവും കൂടുതല്‍ ഡ്യൂറ്റുകള്‍ പാടിയത് റാഫിക്കൊപ്പം. ഒരിക്കലൊരഭിമുഖത്തില്‍ ലതാജിയോട് ചോദിച്ചു നേര്‍ത്ത ശബ്ദത്തെ എങ്ങനെ വിലയിരുത്തുന്നു എന്ന്. 75 ശതമാനം പ്രകൃതിയുടെ അല്‍ഭുതം, ബാക്കി അച്ഛന്‍ ശീലിപ്പിച്ച പ്രയത്നം പരിശീലനം. തന്നിലേക്ക് മാത്രമായി ഒതുങ്ങിനില്‍ക്കുമ്പോഴും കോകിലവാണിയായി ജനമനസില്‍ അവിരാമം ലതാജി വിരാജിക്കട്ടെ.