Demonetization-agriculture-dept

TAGS

നോട്ടുനിരോധനം കാര്‍ഷികമേഖലയിലുണ്ടായ ആഘാതം വിലയിരുത്തിയിട്ടില്ലെന്ന് കേന്ദ്രസര്‍ക്കാര്‍. നോട്ട് നിരോധനത്തിന്‍റെ അനന്തരഫലങ്ങളുമായി ബന്ധപ്പെട്ട ഒരു കുറിപ്പ് പാര്‍ലമെന്‍ററി സമിതിക്ക് നല്‍കിയിട്ടുണ്ടെന്ന് കൃഷിമന്ത്രാലയം വ്യക്തമാക്കുന്നു. നോട്ടുകള്‍ പൊടുന്നനെ നിരോധിക്കപ്പെട്ടപ്പോള്‍ വിത്തുകള്‍ വാങ്ങാന്‍ കര്‍ഷകര്‍ക്ക് ബുദ്ധിമുട്ടുണ്ടായിയെന്ന ആദ്യ നിലപാടില്‍ നിന്ന് മലക്കം മറിഞ്ഞ കൃഷിമന്ത്രാലയം അത് ന്യായീകരിക്കുന്ന കണക്കുകള്‍ ലോക്സഭയില്‍ നല്‍കി. 

നോട്ട് നിരോധനം കാര്‍ഷിക മേഖലയെ തകര്‍ത്തുവെന്നതാണ് അനുഭവസാക്ഷ്യം. രാജസ്ഥാനിലും മധ്യപ്രദേശിലും ഛത്തീസ്ഗഢില്‍ ബിജെപിക്കുണ്ടായ തിരിച്ചടിക്ക് നോട്ടുനിരോധനം മൂലം ഗ്രാമീണ, കാര്‍ഷിക മേഖലയിലുണ്ടായ അസംതൃപതി പ്രധാനകാരണമായെന്നാണ് പൊതുവിലയിരുത്തല്‍. എന്നാല്‍ നോട്ട് നിരോധനം കാര്‍ഷിക മേഖലയില്‍ എന്തൊക്കെ പ്രത്യാഘാതങ്ങളുണ്ടാക്കിയിട്ടുണ്ടെന്ന വിലയിരുത്തല്‍ നടത്തിയിട്ടില്ലെന്നാണ് കൃഷിമന്ത്രാലയം ലോക്സഭയില്‍ മുല്ലപ്പള്ളി രാമചന്ദ്രന് നല്‍കിയ മറുപടില്‍ പറയുന്നത്. 500, 1000 ഇന്ത്യന്‍ രൂപയുടെ നിരോധനവും അനന്തരഫലങ്ങളും എന്ന തലക്കെട്ടോടെ പാര്‍ലമെന്‍റിന്‍റെ ധനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റിക്ക് കുറിപ്പ് നല്‍കിയിട്ടുണ്ടെന്ന് കൃഷിമന്ത്രാലയം പറയുന്നു.

നോട്ട് നിരോധനത്തിന് ശേഷം കര്‍ഷകര്‍ക്ക് വിത്തോ, വളമോ വാങ്ങാന്‍ കഴിയുന്നില്ലെന്നായിരുന്നു ആദ്യം നല്‍കിയ കുറിപ്പിലുണ്ടായിരുന്നത്. വിവാദമായതോടെ കൃഷിമന്ത്രാലയം മലക്കം മറിഞ്ഞു. പുതിയ കുറിപ്പിലെ വിവരങ്ങള്‍ മുല്ലപ്പള്ളി രാമചന്ദ്രന് നല്‍കിയ മറുപടില്‍ വിശദീകരിക്കുന്നുണ്ട്. നോട്ട് നിരോധം പ്രഖ്യാപിച്ച 2016 –2017 വര്‍ഷത്തില്‍ 348.58 ലക്ഷം ക്വിന്‍റല്‍ വിത്തുകള്‍ വില്‍പനനടത്തിയെന്ന് കൃഷിമന്ത്രാലയം അവകാശപ്പെടുന്നു. 2015–2016 വര്‍ഷത്തില്‍ 304.04 ലക്ഷം ക്വിറ്റലായിരുന്നു. 14.65 ശതമാനം. 2017–2018ല്‍ 352.01 ക്വിറ്റല്‍ വിത്ത് വിറ്റെന്നും കൃഷിമന്ത്രാലയം പറയുന്നു.