Congress

TAGS

നിയമസഭാ തിരഞ്ഞെടുപ്പിന് തയ്യാറെടുക്കുന്ന ഗുജറാത്തിൽ നോട്ട്നിരോധനം ആയുധമാക്കി കോൺഗ്രസ്. നോട്ട് അസാധുവാക്കലിൻറെ ഒന്നാംവാർഷികദിനമായ ഇന്ന് വിപുലമായ പ്രചാരണപരിപാടികളാണ് ആസൂത്രണംചെയ്തിട്ടുള്ളത്. കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽഗാന്ധിയും മുൻപ്രധാനമന്ത്രി മൻമോഹൻസിങ്ങും പ്രചാരണത്തിൻറെ ഭാഗമാകും. 

നരേന്ദ്രമോദി സർക്കാരിൻറെ സാമ്പത്തികപരിഷ്കരണങ്ങളെ നിശിതമായി വിമർശിച്ച് പ്രചാരണം കൊഴുപ്പിക്കുകയാണ് കോൺഗ്രസ്. രാഹുൽഗാന്ധിയുടെ നവസർജൻ റാലിയിലും, കഴിഞ്ഞദിവസം സംസ്ഥാനത്തെത്തിയ മൻമോഹൻ സിങ്ങിൻറെ വാക്കുകളിലും, പ്രചാരണത്തിൻറെ പ്രധാനആയുധം മോദിസർക്കരിൻറെ സാമ്പത്തികപരിഷ്കരണംതന്നെയെന്ന് വ്യക്തമാക്കികഴിഞ്ഞു. സംഘടിതവും, നിയമപരവുമായ കൊള്ളയാണ് നോട്ട് നിരോധത്തിലൂടെ നടന്നതെന്നാണ് മൻമോഹൻസിങ് അഭിപ്രാപ്പെട്ടത്. 

നോട്ട് അസാധുവാക്കലും ജിഎസ്ടിയുംകാരണം, വ്യാപാരസമൂഹത്തിന് ഏറെ തിരിച്ചടികളുണ്ടായ സൂറത്തിലാണ് രാഹുൽഗാന്ധിയുടെ പ്രചാരണം ആസൂത്രണംചെയ്തിട്ടുളളത്. സാമ്പത്തികപരിഷ്കരണംമൂലം പ്രതിസന്ധിയിലായ വ്യാപാരികള്‍ സംഘടിപ്പിക്കുന്ന പ്രതിഷേധത്തിൽ പങ്കെടുക്കും. അഹമ്മദാബാദിലാണ് മൻമോഹൻസിങ് സംബന്ധിക്കുന്ന ചടങ്ങുകൾ. സംവരണവിഷയത്തിൽ കോൺഗ്രസ് നിലപാട് പ്രഖ്യാപിക്കാൻ വൈകുന്നതുകാരണം ഹാർദിക് പട്ടേൽ കോൺഗ്രസ് നേതാക്കളുമായി കൂടികാഴ്ചനടത്തിയേക്കും. 

അതേസമയം, കള്ളപ്പണ വിരുദ്ധദിനത്തിൻറെ ഭാഗമായി ബിജെപിയും വിവിധപരിപാടികൾ ആസൂത്രണംചെയ്തിട്ടുണ്ട്. സംസ്ഥാനത്ത് പര്യടനംതുടരുന്ന അമിത്ഷായുടെ പ്രചാരണം ഇന്ന് രാജ്കോട്ട് കേന്ദ്രീകരിച്ചാണ്.