അന്‍റാർട്ടിക്കയിലെ  ഒറ്റപ്പെട്ട, ജനവാസമില്ലാത്ത അഗ്നിപർവത ദ്വീപാണ് സാവോഡോവ്സ്കി. ലോകത്തിലെ ഏറ്റവും വലിയ പെൻഗ്വിൻ കോളനി എന്ന പേരിൽ പ്രശസ്തമായിരുന്ന ഈ ദ്വീപിൽനിന്ന് ഇപ്പോൾ പുറത്തുവരുന്നത് കാലാവസ്ഥാ വ്യതിയാനത്തിന്‍റെ ആഘാതം വെളിവാക്കുന്ന ഞെട്ടിക്കുന്ന വാർത്തകളാണ്. വർഷങ്ങളായി ദശലക്ഷക്കണക്കിന് പെൻഗ്വിനുകളുടെ സങ്കേതമായിരുന്ന ഈ ദ്വീപിന് ഇപ്പോൾ ആ പദവി നഷ്ടമായിരിക്കുന്നു! ബ്രിട്ടീഷ് അന്റാർട്ടിക് സർവേ നടത്തിയ പുതിയ പഠനത്തിലാണ് ഇക്കാര്യം പുറത്തുവന്നത്.

പെൻഗ്വിനുകളിൽ മൂന്നിൽ രണ്ടുഭാഗവും എവിടെപ്പോയി?

സാറ്റലൈറ്റ്, ഡ്രോൺ ചിത്രങ്ങൾ വിശകലനം ചെയ്ത ശാസ്ത്രജ്ഞർ കണ്ടെത്തിയത് ഞെട്ടിക്കുന്ന കണക്കുകളാണ്. 2011നും 2025നും ഇടയിൽ സാവോഡോവ്സ്കി ദ്വീപിലെ ചിൻസ്ട്രാപ്പ് പെൻഗ്വിനുകളുടെ എണ്ണത്തിൽ 63 ശതമാനത്തിന്റെ കുറവുണ്ടായി. 2011 ജനുവരിയിൽ 10.9 ലക്ഷം ആയിരുന്ന ഇവയുടെ എണ്ണം 2025 ആയപ്പോഴേക്കും വെറും 4.02 ലക്ഷമായി കുറഞ്ഞു. അതായത്, 6.8 ലക്ഷത്തിലധികം പെൻഗ്വിനുകളുടെ എണ്ണത്തിൽ കുറവുണ്ടായി. നിലവിൽ ഓരോ വർഷവും ശരാശരി ഏഴ് ശതമാനം എന്ന നിരക്കിലാണ് ഇവയുടെ എണ്ണം കുറയുന്നത്.

പെൻഗ്വിനുകൾ അപ്രത്യക്ഷമായത് അഗ്നിപർവത സ്ഫോടനം മൂലമോ?

.

എന്തായിരിക്കാം പെൻഗ്വിനുകളുടെ എണ്ണം ഇത്രയധികം കുറയാൻ കാരണം? അഗ്നിപർവത സ്ഫോടനമോ, അതോ കാലാവസ്ഥാ വ്യതിയാനമോ? 2016ൽ സാവോഡോവ്സ്കി ദ്വീപിലെ മൗണ്ട് കറി എന്ന അഗ്നിപർവതത്തിൽനിന്ന് പുകയും ചാരവും പുറത്തുവന്നിരുന്നു. ഇത് പെൻഗ്വിനുകളുടെ ആവാസവ്യവസ്ഥയെ ബാധിച്ചിരിക്കാമെന്നായിരുന്നു ആദ്യത്തെ നിഗമനം. എന്നാൽ പഠനത്തിൽ ഈ വാദത്തിന് പിന്തുണ ലഭിച്ചില്ല. അഗ്നിപർവതത്തിൽനിന്നുള്ള ചാരം പെൻഗ്വിനുകൾ വസിക്കാത്ത ദ്വീപിന്റെ വടക്കുകിഴക്കൻ മേഖലയിലേക്കാണ് വ്യാപിച്ചത്. മാത്രമല്ല, അഗ്നിപർവത പ്രവർത്തനത്തിന് മുമ്പുതന്നെ പെൻഗ്വിനുകളുടെ എണ്ണം കുറഞ്ഞുതുടങ്ങിയിരുന്നു 

.

പിന്നെ എന്താണ് യഥാർഥ കാരണം? കാലാവസ്ഥാ വ്യതിയാനത്തിന് ഇതിൽ നിർണായക പങ്കുണ്ടെന്നാണ് പഠനം സൂചിപ്പിക്കുന്നത്. ചിൻസ്ട്രാപ്പ് പെൻഗ്വിനുകളുടെ പ്രധാന ഭക്ഷണമാണ് ക്രിൽ എന്ന ചെറിയ കടൽജീവികൾ. സമുദ്രത്തിലെ താപനില ഉയർന്നതോടെ ക്രില്ലുകൾ കൂടുതൽ തണുപ്പുള്ള അന്റാർട്ടിക് മേഖലകളിലേക്ക് നീങ്ങുകയാണ്. എന്നാൽ, ഭക്ഷണം തേടി ഇവയ്ക്കൊപ്പം കൂടുതൽ ദൂരത്തേക്ക് സഞ്ചരിക്കാൻ ചിൻസ്ട്രാപ്പ് പെൻഗ്വിനുകൾക്ക് കഴിയണമെന്നില്ല. ഇതോടെ ഇവയ്ക്ക് ഭക്ഷണം ലഭിക്കുന്നതിൽ കുറവുണ്ടാകാം. ഭക്ഷ്യലഭ്യതയിലെ ഈ മാറ്റം പെൻഗ്വിനുകളുടെ നിലനിൽപ്പിനെ ബാധിക്കുന്നതായാണ് വിലയിരുത്തൽ.

ചിൻസ്ട്രാപ്പ് പെൻഗ്വിനുകൾ വൻ തിരിച്ചടി നേരിടുമ്പോൾ, അതേ ദ്വീപിലെ മാക്കറോണി പെൻഗ്വിനുകളുടെ എണ്ണം വർധിക്കുകയാണ്. 2011ൽ 3.38 ലക്ഷമായിരുന്ന ഇവയുടെ എണ്ണം 2025ൽ 4.33 ലക്ഷമായി ഉയർന്നു. ക്രില്ലുകൾക്കു പുറമേ മറ്റ് ചെറിയ കടൽജീവികളെയും ഭക്ഷണമാക്കാൻ കഴിയുന്നത് ഇവയ്ക്ക് ഭക്ഷ്യലഭ്യതയിലെ മാറ്റങ്ങളെ അതിജീവിക്കാൻ സഹായിച്ചിരിക്കാമെന്നാണ് പഠനം സൂചിപ്പിക്കുന്നത്. നിലവിൽ സാവോഡോവ്സ്കി ദ്വീപിൽ ചിൻസ്ട്രാപ്പ് പെൻഗ്വിനുകളെക്കാൾ കൂടുതൽ മാക്കറോണി പെൻഗ്വിനുകളാണുള്ളത്.

.

സാവോഡോവ്സ്കി ദ്വീപിന് ലോകത്തിലെ ഏറ്റവും വലിയ പെൻഗ്വിൻ കോളനി എന്ന പദവി നഷ്ടമായതോടെ, അന്‍റാര്‍ട്ടിക്കയുടെ മറുവശത്തുള്ള കേപ്പ് അഡെയർ ശ്രദ്ധാകേന്ദ്രമായി. 2018ലെ കണക്കുകൾ പ്രകാരം പത്ത് ലക്ഷത്തിലധികം അഡെലി പെൻഗ്വിനുകളാണ് ഇവിടെയുള്ളത്. ലോകത്താകമാനമുള്ള ചിൻസ്ട്രാപ്പ് പെൻഗ്വിനുകളിൽ 38 ശതമാനവും അധിവസിക്കുന്നത് സാവോഡോവ്സ്കി ഉൾപ്പെടുന്ന സൗത്ത് സാൻഡ്‌വിച്ച് ദ്വീപുകളിലാണ്. ഈ മേഖലയിൽ പെൻഗ്വിനുകളുടെ എണ്ണം ഇത്ര വേഗത്തിൽ കുറയുന്നത് വലിയ ആശങ്കയുണ്ടാക്കുന്നു. ഇതിന്‍റെ പശ്ചാത്തലത്തിൽ, ചിൻസ്ട്രാപ്പ് പെൻഗ്വിനുകളുടെ സംരക്ഷണനില പുനഃപരിശോധിക്കണമെന്നും അവയെ നിലവിലെ 'ആശങ്കയില്ലാത്തവ' എന്ന വിഭാഗത്തിൽനിന്ന് ഉയർന്ന ഭീഷണിയുള്ള വിഭാഗത്തിലേക്ക് മാറ്റണമെന്നും ആവശ്യമുയരുന്നുണ്ട്.  ഭൂമിയുടെ താപനില ഉയരുന്നത് മനുഷ്യരെ മാത്രമല്ല, ഭൂമിയിലെ വിദൂരവും ഒറ്റപ്പെട്ടതുമായ ആവാസവ്യവസ്ഥകളിലെ ജീവജാലങ്ങളുടെ നിലനിൽപ്പിനെപ്പോലും എത്ര വേഗത്തിൽ ബാധിക്കുമെന്നതിന്റെ മുന്നറിയിപ്പാണ് സാവോഡോവ്സ്കി ദ്വീപിൽനിന്നുള്ള ഈ വാർത്ത.

Zavodovski Island Loses Title as World's Largest Penguin Colony:

Chinstrap penguins decline in Antarctica highlights the severe impacts of climate change on remote ecosystems, as revealed by recent scientific studies. The dramatic drop in penguin population on Zavodovski Island shows how rising ocean temperatures affect food availability and wildlife survival