FILE - Monarch butterflies rest on their way to Mexico, Sept. 12, 2023, in Cleveland. (AP Photo/Sue Ogrocki, File)
പ്രകൃതിയിലെ ഏറ്റവും വിസ്മയിപ്പിക്കുന്ന പ്രതിഭാസങ്ങളിൽ ഒന്നാണ് അമേരിക്കയിലെ മോണാർക്ക് ശലഭങ്ങളുടെ ദേശാടനം. വടക്കേ അമേരിക്കയിലുടനീളം സഞ്ചരപാതയുള്ള ഈ ദേശാടനം പ്രത്യേകതകള്‍ നിറഞ്ഞതാണ്. റോക്കി പർവതനിരകൾക്ക് കിഴക്കുള്ള ശലഭങ്ങൾ കാനഡയുടെ തെക്കൻ ഭാഗങ്ങളിൽ നിന്നും അമേരിക്കയിലെ വടക്കൻ സംസ്ഥാനങ്ങളിൽ നിന്നും മെക്സിക്കോയിലെ മധ്യഭാഗത്തുള്ള ഒയാമെൽ ഫിർ വനങ്ങളിലേക്ക് യാത്ര ചെയ്യുന്നു . ഏകദേശം 4,800 കിലോമീറ്റർ ദൂരമാണ് ഇവ സഞ്ചരിക്കുന്നത് . റോക്കി പർവതനിരകൾക്ക് പടിഞ്ഞാറുള്ള ശലഭങ്ങൾ കാലിഫോർണിയ തീരത്തെ ചെറിയ വനങ്ങളിലേക്ക് യാത്ര ചെയ്യുന്നു
തലമുറകള്‍ താണ്ടുന്ന സഞ്ചാരം
സെപ്റ്റംബറിൽ ആരംഭിക്കുന്ന തെക്കോട്ടുള്ള യാത്ര നവംബറോടെ അവസാനിക്കുന്നു . മാർച്ച് മാസത്തിൽ ഇവ വീണ്ടും വടക്കോട്ട് തിരിച്ച് സഞ്ചരിക്കും. ഈ യാത്രയുടെ ഏറ്റവും വലിയ പ്രത്യേകത, ഒരു ശലഭം തന്നെ പൂർണമായ സഞ്ചാരം പൂർത്തിയാക്കുന്നില്ല എന്നതാണ്. തെക്കോട്ടുള്ള യാത്ര നടത്തുന്ന ശലഭങ്ങളുടെ മക്കളുടെ മക്കളാണ് അടുത്ത വർഷം വീണ്ടും തെക്കോട്ട് വരുന്നത് . വടക്കോട്ടുള്ള യാത്ര പൂർത്തിയാക്കാൻ രണ്ടോ മൂന്നോ തലമുറകൾ വേണ്ടിവരുന്നു .
This photo provided by Carol Clark shows a male monarch butterfly awaiting release following the placement of a Blu+ transmitter during a training session with National Wildlife Federation staff and community scientists in Austin, Texas, on Sept. 29, 2026. (Carol Clark via AP)
സാധാരണയായി രണ്ട് മുതൽ ആറ് ആഴ്ച വരെ മാത്രമാണ് ശലഭങ്ങള്‍ ജീവിക്കുക. എന്നാൽ മെക്സിക്കോയിലേക്ക് ദേശാടനം നടത്തുന്ന വിഭാഗത്തിന് ഒൻപത് മാസം വരെ ജീവിക്കാൻ സാധിക്കും. മെക്സിക്കോയിലെ ഉയർന്ന പർവതനിരകളിൽ തണുപ്പുള്ള അന്തരീക്ഷത്തിലാണ് ഇവ ശീതകാലം ചെലവഴിക്കുന്നത് . ഊർജം ലാഭിക്കുന്നതിനായി ഇവ കൂട്ടമായി ഒത്തുചേർന്ന് വിശ്രമിക്കുന്നു. കാലാവസ്ഥാ വ്യതിയാനം, കീടനാശിനികളുടെ ഉപയോഗം, ആവാസവ്യവസ്ഥയുടെ നാശം എന്നിവ മൂലം മോണാർക്ക് ശലഭങ്ങളുടെ എണ്ണത്തിൽ വലിയ കുറവുണ്ടായിട്ടുണ്ട് .
നിഗൂഢതകൾ തേടി റേഡിയോ ടാഗുകൾ
ശലഭങ്ങളുടെ കൃത്യമായ സഞ്ചാരപഥം മനസ്സിലാക്കാൻ ശാസ്ത്രജ്ഞർ ഇപ്പോൾ വളരെ ചെറിയ റേഡിയോ ടാഗുകൾ ഉപയോഗിക്കുന്നു . സെല്ലുലാർ ട്രാക്കിങ് ടെക്നോളജീസ് വികസിപ്പിച്ച ഈ ടാഗുകൾക്ക് ഒരു തുള്ളി വെള്ളത്തിന്റെ ഭാരം മാത്രമേയുള്ളൂ. അതിനാൽ ശലഭങ്ങളുടെ പറക്കലിനെ ഇത് ബാധിക്കില്ല. ശലഭങ്ങളുടെ ശരീരത്തിൽ ഐലാഷ് ഗ്ലൂ ഉപയോഗിച്ചാണ് ഇവ ഒട്ടിക്കുന്നത്. സാധാരണയായി 400 മില്ലിഗ്രാമിന് മേൽ ഭാരമുള്ള ശലഭങ്ങളെയാണ് ടാഗിംഗിനായി തിരഞ്ഞെടുക്കുന്നത്.
This photo provided by DeJeanne May shows a Blu+ transmitter being carefully placed on the thorax of a monarch butterfly in West Texas on Oct. 8, 2026. (DeJeanne May via AP)
2026-ൽ ഏകദേശം 1,750 ശലഭങ്ങളിൽ ഇത്തരം ഉപകരണങ്ങൾ ഘടിപ്പിച്ചു. സൗരശക്തിയാൽ പ്രവർത്തിക്കുന്ന അതിസൂക്ഷ്മമായ റേഡിയോ ടാഗുകളാണ് ഇവ. ബ്ലൂടൂത്ത് സാങ്കേതികവിദ്യ ഉപയോഗിച്ചാണ് ഇവ പ്രവർത്തിക്കുന്നത് . ഓരോ മൂന്ന് സെക്കൻഡിലും റേഡിയോ സിഗ്നലുകൾ പുറത്തുവിടുന്നതിലൂടെ ശലഭങ്ങളുടെ സ്ഥാനവും സമയവും മനസ്സിലാക്കാൻ സാധിക്കും. ഈ ടാഗുകൾ ഘടിപ്പിച്ച ശലഭങ്ങൾ 100 അടി പരിധിയിൽ വരുമ്പോൾ സ്മാർട്ട്ഫോണുകളിലെ പ്രോജക്ട് മോണാർക്ക് എന്ന ആപ്പ് വഴി അവയുടെ സാന്നിധ്യം തിരിച്ചറിയാം .മോണാർക്ക് ശലഭങ്ങളുടെ ദേശാടന പാതകൾ കൃത്യമായി മനസ്സിലാക്കാനാണ് ഇത് ഉപയോഗിക്കുന്നത്.