യുകെ കുടിയേറ്റ നിയമങ്ങളിലെ മാറ്റത്തെ തുടര്‍ന്ന് ഇന്ത്യക്കാര്‍ വന്‍തോതില്‍ നാട്ടിലേക്ക് മടങ്ങാനൊരുങ്ങുന്നു. വിദ്യാര്‍ഥികളെയും തൊഴിലാളികളെയും ഒരുപോലെ ബാധിക്കുന്ന പ്രതിസന്ധിയില്‍ അടിയന്തര ഇടപെടല്‍ വേണമെന്ന് ആവശ്യo. കേന്ദ്ര സര്‍ക്കാര്‍ ബ്രിട്ടിഷ് സര്‍ക്കാരുമായി ചര്‍ച്ച നടത്തണമെന്നും വായ്പ എടുത്ത് പോയവര്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ ഇളവുകള്‍ പ്രഖ്യാപിക്കണമെന്നും ജോസ് കെ മാണി എംപി ആവശ്യപ്പെട്ടു.
മലയാളികളടക്കം ലക്ഷക്കണക്കിന് ഇന്ത്യക്കാരാണ് ആശങ്കയിലായിരിക്കുന്നത്. യുകെയിലേക്കുള്ള കുടിയേറ്റവും സ്ഥിരതാമസവും നിയന്ത്രിക്കാന്‍ ബ്രിട്ടീഷ് സർക്കാർ കൊണ്ടുവന്ന റസ്റ്റോറിംഗ് കൺട്രോൾ ഓവർ ദ ഇമിഗ്രേഷൻ സിസ്റ്റം എന്ന വൈറ്റ് പേപ്പറിലെ നിരവധി നിർദേശങ്ങൾ നടപ്പിലായി കഴിഞ്ഞു. ശേഷിക്കുന്നവ വരും മാസങ്ങളിലും നടപ്പിലാക്കും. പി ആര്‍ ലഭിക്കാനുള്ള യോഗ്യത 10 വർഷമായി വർധിപ്പിക്കാനുള്ള നിർദേശം ഇന്ത്യക്കാര്‍ക്ക് ഏറെ ദോഷം ചെയ്യും .സ്പോൺസർഷിപ്പ് നൽകാവുന്ന ജോലികളുടെ പട്ടിക ചുരുക്കി. രാജ്യാന്തര വിദ്യാർത്ഥികൾക്ക് ഗ്രാജുവേറ്റ് വിസയുടെ കാലാവധി 18 മാസമാക്കി കുറച്ചു.. ഇങ്ങനെ പോകുന്നു മാറ്റങ്ങള്‍.. ഈ സാഹചര്യത്തിലാണ് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ അടിയന്തര ഇടപെടല്‍ തേടുന്നത്.
ജോലിക്ക് അപേക്ഷിച്ച് കാത്തിരിക്കുന്ന ഇന്ത്യക്കാരുടെ എണ്ണം അനുദിനം വര്‍ധിക്കുകയാണ്. പ്രാദേശിക തിരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി കീർ സ്‌റ്റാർമറുടെ ലേബർ പാർടിക്കേറ്റ കനത്ത തിരിച്ചടിയാണ് ഇത്തരമൊരു നീക്കത്തിന് ബ്രിട്ടിഷ് സര്‍ക്കാരിനെ പ്രേരിപ്പിച്ചത് എന്നാണ് വിവരം. ഇന്ത്യക്കാരും പാകിസ്ഥാനികളും ബ്രിട്ടീഷുകാരുടെ ജോലി തട്ടിയെടുക്കുന്നു എന്ന് ഗ്രേറ്റ് യാർമൗത്തിൽ നിന്നുള്ള സ്വതന്ത്ര എം.പിയായ റൂപർട്ട് ലോവ് മുന്പ് ആരോപിച്ചിരുന്നു.