അമേരിക്കന്‍ പൗരത്വത്തിനായി കാത്തിരിക്കുന്നവര്‍ക്ക് പുതിയ മാര്‍ഗനിര്‍ദേശങ്ങളുമായി യുഎസ് സിറ്റിസണ്‍ഷിപ് ആന്‍റ് ഇമിഗ്രേഷന്‍ സര്‍വീസസ്. ഗ്രീന്‍കാര്‍ഡിന് കാത്തിരിക്കുന്നവര്‍ സ്വന്തം രാജ്യങ്ങളിലേക്ക് മടങ്ങണമെന്നും ബാക്കി കാത്തിരിപ്പ് അവിടെയാകാമെന്നുമാണ് നിര്‍ദേശം. രാജ്യത്തേക്ക് താല്‍കാലികമായി കടന്നുവരുന്നവരും സ്ഥിരമായി പ്രവേശനം ലഭിക്കുന്നവരും തമ്മില്‍ വ്യക്തമായ വ്യത്യാസമുണ്ടാകുമെന്നും ഇതിനിടയിലുള്ള കാലയളവില്‍ അവര്‍ സ്വന്തം രാജ്യത്ത് തന്നെ ചെലവഴിക്കുമെന്ന് ഉറപ്പാക്കുമെന്നുമായിരുന്നു യുഎസ്​സിഐഎസ് ഡയറക്ടര്‍ ജോണ്‍ എദ്​ലോയുടെ വിശദീകരണം. 

ഇന്ത്യക്കാരുള്‍പ്പടെയുള്ളവര്‍ക്ക് ഈ നീക്കവും തിരിച്ചടിയാകും. B1/B2, F1/M1, J1, H-1B, O-1 തുടങ്ങി താല്‍കാലിക വീസയില്‍ യുഎസിലെത്തിയവരെ ലക്ഷ്യമിട്ടാണ് പുതിയചട്ടം കൊണ്ടുവന്നിരിക്കുന്നത്. വിനോദസഞ്ചാരികള്‍, വിദ്യാര്‍ഥികള്‍, ജോലിക്കാര്‍ തുടങ്ങി  പ്രത്യേക ഉദ്ദേശത്തിനായി യുഎസിലേക്ക് എത്തിയവര്‍ക്കായാണ് മാര്‍ഗനിര്‍ദേശമെന്നാണ് അധികൃതര്‍  പറയുന്നത്. 

യുഎസിലെത്തുകയും പിന്നീട് യുഎസില്‍ തുടരാന്‍ ആഗ്രഹിക്കുകയും ചെയ്യുന്നവര്‍ക്ക് സ്ഥിരതാമസത്തിനായി ഗ്രീന്‍കാര്‍ഡിന് അപേക്ഷിക്കാമെന്നും ഇത് ഏത് രാജ്യക്കാരായിരിക്കുമെന്നതിനെ ആശ്രയിച്ച് കാത്തിരിപ്പ് കാലയളവില്‍ മാറ്റം വരുമെന്നും അധികൃതര്‍ വ്യക്തമാക്കുന്നു. ഇന്ത്യക്കാര്‍ക്കുള്ള 'വെയ്റ്റിങ് പീരിഡ്' കൂടുതലാണ്. നിശ്ചിത കാലയളവ് എത്താന്‍ വീസ വീണ്ടും പുതുക്കേണ്ടി വരും. അതാണ് ഇന്ത്യക്കാരുടെ നെഞ്ചിടിപ്പേറ്റുന്നത്. അനധികൃത കുടിയേറ്റക്കാരെന്ന ലേബലില്‍ രാജ്യത്ത് നിന്ന് ആളുകളെ ട്രംപ് സര്‍ക്കാര്‍ കൂട്ടത്തോടെ പുറത്താക്കുന്നത് തുടരുകയുമാണ്. 

നിയമാനുസൃതമായി കുടിയേറാന്‍ ആഗ്രഹിക്കുന്നവര്‍ കൃത്യമായ ഘട്ടങ്ങളിലൂടെ കടന്ന് പോകണമെന്നത് നിര്‍ബന്ധമാണെന്ന് യുഎസ്​സിഐഎസ് പറയുന്നു. തൊഴില്‍പരമായോ, അതല്ല കുടുംബപരമായോ, അതുമല്ലെങ്കില്‍ നിക്ഷേപകര്‍ക്കോ യുഎസിലേക്ക് കടന്നുവരാമെന്നും എന്നാല്‍ ഉദ്ദേശം ബോധ്യപ്പെടുത്താന്‍ കഴിയണമെന്നുമാണ് ചട്ടങ്ങളില്‍ പറയുന്നത്. ഗ്രീന്‍കാര്‍ഡിനായുള്ള കാലയളവില്‍ യുഎസില്‍ തന്നെ തങ്ങുന്നതിനായുള്ള അനുവാദം അസാധാരണ സാഹചര്യങ്ങളില്‍ മാത്രമേയുണ്ടാകുകയുള്ളൂവെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. 

ENGLISH SUMMARY:

The US Citizenship and Immigration Services (USCIS) has triggered widespread panic among the Indian diaspora with strict new guidelines mandating Green Card aspirants to wait for their permanent residency approvals in their home countries. According to USCIS Director John Edlow, the policy aims to draw a clear line between temporary visitors and permanent residents, ensuring that the interim backlog period is spent outside the United States. This strategic overhaul directly impacts non-immigrant visa holders under the B1/B2, F1/M1, J1, H-1B, and O-1 categories, who initially arrived for short-term employment or educational purposes. Indian professionals are bound to face the maximum brunt of this decision due to their notoriously long decades-long Green Card waiting lists, which previously required them to continuously renew their temporary work permits while residing inside the US. Coming amidst the Trump administration’s aggressive ongoing drive to crack down on immigration, the new framework clarifies that staying within US borders during the green card processing cycle will now only be permitted under extraordinary circumstances.