• മഴയുടെ ഗന്ധമായ പെട്രികോര്‍ ഇനി പഴയ പോലെ ആയിരിക്കില്ലെന്നാണ് ശാസ്ത്രലോകം നല്‍കുന്ന മുന്നറിയിപ്പ്.

വേനലിന്റെ കാത്തിരിപ്പിനൊടുവില്‍ ആദ്യ മഴത്തുള്ളികള്‍ മണ്ണില്‍ വീഴുമ്പോള്‍ ഉയരുന്ന സുഗന്ധം ഇഷ്ടപ്പെടാത്തവരായി ആരും തന്നെ ഉണ്ടാകില്ല. എന്നാല്‍ ആഗോളകാലാവസ്ഥാ വ്യതിയാനം ആ മണത്തെയും ഇല്ലാതാക്കുകയാണ്. മഴയുടെ ഗന്ധമായ പെട്രികോര്‍ ഇനി പഴയ പോലെ ആയിരിക്കില്ലെന്നാണ് ശാസ്ത്രലോകം നല്‍കുന്ന മുന്നറിയിപ്പ്. 

വേനലിന്റെ ചൂടിൽ വെന്തുരുകി നിൽക്കുമ്പോൾ പെയ്യുന്ന ആ ആദ്യ മഴയും, ഒപ്പം മണ്ണിൽ നിന്നുയരുന്ന ആ മനംമയക്കുന്ന സുഗന്ധവും... നമ്മൾ മലയാളികൾക്ക് ഇത് വെറുമൊരു ഗന്ധമല്ല, ഗൃഹാതുരത്വമുണർത്തുന്ന ഒരു വികാരമാണ്. ശാസ്ത്രം ഇതിനെ പെട്രികോർ (Petrichor) എന്ന് വിളിക്കുന്നു.

 

എന്നാൽ എന്നെന്നും നിലനിൽക്കുമെന്ന് നാം കരുതിയ ഈ മണ്ണുമണം പതിയെ മാഞ്ഞുപോകുകയാണോ?പ്രകൃതിയുടെ ഈ മാന്ത്രിക സുഗന്ധത്തിന് എന്താണ് സംഭവിക്കുന്നത്? മനുഷ്യന്റെ വെറും ഗൃഹാതുരത്വം മാത്രമണോ ഇല്ലാതാകുന്നത്, അതോ അതിലും വലിയ എന്തെങ്കിലും അപകടം ഇതിന് പിന്നിലുണ്ടോ? നമുക്ക് പരിശോധിക്കാം.

ആഗോള കാലാവസ്ഥാ വ്യതിയാനം ഈ സുഗന്ധത്തിന്റെ രാസഘടനയെത്തന്നെ മാറ്റിയെഴുതുകയാണെന്ന് പ്രമുഖ ശാസ്ത്ര മാസികയായ സയന്റിഫിക് അമേരിക്കനിൽ പ്രസിദ്ധീകരിച്ച ഏറ്റവും പുതിയ പഠന റിപ്പോർട്ട് വ്യക്തമാക്കുന്നു. ചിലയിടങ്ങളിൽ ഇത് അസഹനീയമായ ഗന്ധമായി മാറുമ്പോൾ, മറ്റു ചിലയിടങ്ങളിൽ പൂർണ്ണമായും അപ്രത്യക്ഷമാകുന്നു. മനുഷ്യന്റെ മനസ്സുനിറയ്ക്കുന്ന ഗന്ധം മാത്രമല്ല, പ്രകൃതിയിലെ ജീവജാലങ്ങളുടെ നിലനിൽപ്പിനെത്തന്നെ ബാധിക്കുന്ന ആവാസവ്യവസ്ഥാപരമായ പ്രത്യാഘാതങ്ങളാണ് ഇതിന് പിന്നിലുള്ളത്.

മഴയ്ക്ക് സ്വന്തമായി എന്തെങ്കിലും മണമുണ്ടോ? ഉത്തരം ഇല്ല എന്നാണ്. മണ്ണിൽ ജീവിക്കുന്ന 'ആക്റ്റിനോമൈസെറ്റ്സ്' എന്ന പ്രത്യേകതരം ബാക്ടീരിയകളാണ് ഈ അദ്ഭുതത്തിന് പിന്നില്‍. ഇവ പുറപ്പെടുവിക്കുന്ന ജിയോസ്മിന്‍ എന്ന ജൈവ സംയുക്തവും സസ്യങ്ങളുടെ എണ്ണയുമാണ് മണ്ണില്‍ നിന്ന് ഉയരുന്ന മണത്തിന് കാരണം. ഉണങ്ങിയതും സൂക്ഷ്മ സുഷിരങ്ങളുള്ളതുമായ മണ്ണിലേക്ക് മഴത്തുള്ളികൾ പതിക്കുമ്പോൾ, മണ്ണിലെ ചെറിയ വായു കുമിളകൾക്കുള്ളിൽ ഈ ജിയോസ്മിനും സസ്യ എണ്ണകളും കുടുങ്ങുന്നു. തുടർന്ന് ഈ കുമിളകൾ പൊട്ടി ഒരു സ്പ്രേ പോലെ (Aerosol) അന്തരീക്ഷത്തിലേക്ക് പടരുമ്പോഴാണ് നാം ഈ മണം ആസ്വദിക്കുന്നത്.

എന്നാൽ കാലാവസ്ഥ മാറുമ്പോൾ ഈ സമവാക്യം തകരുന്നു. താപനില ഉയരുകയും മിതമായ വരൾച്ചയുണ്ടാവുകയും ചെയ്യുന്ന ഇടങ്ങളിൽ ബാക്ടീരിയകളുടെ പ്രവർത്തനം വേഗത്തിലാവുന്നു. ഇത് അമിതമായി ജിയോസ്മിൻ ഉൽപ്പാദിപ്പിക്കാനും, മഴ പെയ്യുമ്പോൾ മണം അസാധാരണമാംവിധം കഠിനമാകാനും ഇടയാക്കുന്നു. നേരെമറിച്ച്, മാസങ്ങളോളം നീളുന്ന കടുത്ത വരൾച്ചയിൽ ഈ ബാക്ടീരിയകൾ തന്നെ വെന്തു നശിക്കുന്നു.

മറ്റൊരു വില്ലൻ ഇടതടവില്ലാത്ത അതിതീവ്ര മഴയാണ്. ശക്തിയായ മഴ മണ്ണിലേക്ക് ആഞ്ഞടിക്കുമ്പോൾ ഗന്ധം വായുവിൽ കലർത്തുന്ന കുമിളകൾ രൂപപ്പെടാൻ കഴിയില്ല. കൂടാതെ തുടർച്ചയായ മഴയിൽ ജിയോസ്മിൻ സംഭരിക്കപ്പെടാൻ സമയവും ലഭിക്കുന്നില്ല. ഇതൊരു സാധാരണ മണ്ണുമണത്തിന്റെ നഷ്ടം മാത്രമല്ല. ഈ ഗന്ധം നഷ്ടപ്പെടുമ്പോൾ തകരുന്നത് ഒരു വലിയ ആവാസവ്യവസ്ഥയാണ്. പരിണാമപരമായി രൂപപ്പെട്ട ഇത്തരം പ്രകൃതിദത്ത സൂചനകൾ ഇല്ലാതാകുന്നത് പ്രാണികളുടെയും അവയെ ആശ്രയിക്കുന്ന മറ്റ് ജീവികളുടെയും ആവാസവ്യവസ്ഥയെ സാരമായി ബാധിക്കും. ചുരുക്കത്തിൽ,  വഴി മാറുന്ന കാലാവസ്ഥ നമ്മുടെ കാഴ്ചകളെ മാത്രമല്ല, പ്രകൃതിയുടെ അതിപുരാതനമായ ഗന്ധങ്ങളെപ്പോലും മായ്ച്ചുകളയുകയാണ്.

ENGLISH SUMMARY:

Petrichor, the distinct smell of rain, is fading due to global climate change. Scientific studies indicate that alterations in temperature and rainfall patterns are impacting the production of geosmin, the compound responsible for this beloved scent, threatening not just our nostalgic feelings but also the delicate ecosystem.