Image: instagram.com/bittu_tabahi

സോഷ്യൽ മീഡിയയിലെ വ്യൂസിനോ ലൈക്കുകൾക്കോ വേണ്ടിയല്ല, മറിച്ച് പരിസ്ഥിതിയോടുള്ള പ്രതിബദ്ധത, സ്നേഹം അതാണ് 'ബിട്ടു തബാഹി' എന്ന് അറിയപ്പെടുന്ന സുരേന്ദ്ര സിങ് ചൗധരിയെ ഇന്ന് താരമാക്കുന്നത്. മധ്യപ്രദേശിലെ ബിയോറയിലുള്ള അജ്നാർ നദി ഒറ്റയ്ക്ക് ശുചീകരിച്ച് വാർത്തകളിൽ ഇടംനേടിയിരിക്കുകയാണ് ഈ 21 കാരന്‍. പിന്നാലെ നെതർലാൻഡ്സ് ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രമുഖ രാജ്യാന്തര സംഘടനയായ 'ദി ഓഷ്യൻ ക്ലീനപ്പ്' ബിട്ടുവിന് ജോലി വാഗ്ദാനം ചെയ്ത് രംഗത്തെത്തി.

മധ്യപ്രദേശിലെ രാജ്ഗഡ് ജില്ലയിലെ ബിയാവോറ സ്വദേശിയും ബി.എസ്.സി വിദ്യാർഥിയുമാണ് സുരേന്ദ്ര സിങ് ചൗധരി. സോഷ്യൽ മീഡിയയിൽ ബിട്ടു തബാഹി എന്ന പേരിൽ അറിയപ്പെടുന്ന യുവാവ് കഴിഞ്ഞ ഏതാനും മാസങ്ങളായി വൻതോതിൽ മലിനീകരിക്കപ്പെട്ട അജ്നാർ നദി സ്വന്തം കൈകൾ ഉപയോഗിച്ച് ശുചീകരിച്ചു വരികയായിരുന്നു. പുഴയോരത്തുള്ള ക്ഷേത്രത്തിൽ സ്ഥിരമായി പോകുമ്പോൾ മാലിന്യത്തിന്റെ ദുർഗന്ധം കാരണം ആളുകൾ മൂക്കുപൊത്തി നടക്കുന്നത് കണ്ടപ്പോഴാണ് പുഴ വൃത്തിയാക്കണമെന്ന ചിന്ത മനസ്സിലുദിച്ചതെന്ന് ബിട്ടു പറയുന്നു. റിപ്പബ്ലിക് ദിനമായ ജനുവരി 26-നാണ് ബിട്ടു നദി ശുചീകരിക്കാൻ തുടങ്ങുന്നത്.

യാതൊരുവിധ സാമ്പത്തിക പിൻബലമോ അത്യാധുനിക യന്ത്രങ്ങളോ ഇല്ലാതെ, വെറുമൊരു മൺവെട്ടിയും നിശ്ചയദാർഢ്യവും മാത്രം കൈമുതലാക്കിയാണ് ബിട്ടു ഈ ദൗത്യത്തിനിറങ്ങിയത്. പുഴയിലെ പ്ലാസ്റ്റിക് മാലിന്യങ്ങൾ, കുപ്പികൾ, പായൽ എന്നിവ തനിയെ വാരി മാറ്റി. ആരുടെയും സഹായത്തിന് കാത്തുനിൽക്കാതെ, സ്വന്തം സമ്പാദ്യത്തിൽ നിന്നും പോക്കറ്റ് മണിയിൽ നിന്നും ഏകദേശം 30,000 രൂപയോളം ചെലവഴിച്ചാണ് ബിട്ടു ഈ ശുചീകരണ ദൗത്യം നടത്തിയത്. പുഴ വൃത്തിയാക്കുന്നതിന്റെ മുൻപും പിൻപുമുള്ള ദൃശ്യങ്ങൾ പകർത്തി സോഷ്യൽ മീഡിയയിൽ പങ്കുവെച്ചതോടെ സംഭവം വൈറലായി. ബിട്ടുവിന്‍റെ പ്രവൃത്തിയില്‍ അജ്നാർ നദിക്ക് പുനര്‍ജന്മവും.

‘ഞങ്ങളുടെ നഗരത്തിന്റെ നടുവിലൂടെ ഒഴുകുന്ന പുഴയാണിത്. ആ പുഴയാണ് ഞാൻ വൃത്തിയാക്കുന്നത്. ജനുവരി 26 ആയപ്പോള്‍ അർഥവത്തായ എന്തെങ്കിലും ചെയ്യാൻ ഇതിലും നല്ലൊരു ദിവസവുമില്ലെന്ന് തോന്നി. അന്ന് തുടങ്ങിയതാണ്, ഇതുവരെ നിർത്തിയിട്ടില്ല. ഞാൻ ഒറ്റയ്ക്കാണ് തുടങ്ങിയത്, എന്റെ പ്രവർത്തനം കണ്ട് പിന്നീട് നഗരസഭ സഹായവുമായി മുന്നോട്ട് വരികയായിരുന്നു’– ബിട്ടു പറയുന്നു. ബിട്ടുവിന്റെ ശ്രമം ഫലം കണ്ടതോടെ ബിയാവോറ നഗരസഭ ജെ.സി.ബി അടക്കമുളള യന്ത്രങ്ങൾ ഇറക്കി പുഴയിലെ പ്ലാസ്റ്റിക്കും മറ്റ് മാലിന്യങ്ങളും നീക്കം ചെയ്യാൻ തുടങ്ങുകയായിരുന്നു.

തുടക്കത്തിൽ, സോഷ്യൽ മീഡിയയിൽ റീച്ചും വ്യൂസും കൂട്ടാൻ വേണ്ടിയുള്ള നാടകമാണിതെന്ന് വിമര്‍ശിച്ച് നിരവധി പേർ രംഗത്തെത്തി. എന്നാൽ വിമർശനങ്ങൾ ഗൗനിക്കാതെ ബിട്ടു ദൗത്യം തുടരുകയായിരുന്നു. ഇതിനിടെ പ്രമുഖ വ്യവസായി ആനന്ദ് മഹീന്ദ്ര ബിട്ടുവിന് പിന്തുണയുമായി രംഗത്തെത്തുകയും ചെയ്ചു. ‘ലൈക്കുകൾക്ക് വേണ്ടി ചെയ്തതാണെങ്കില്‍ പോലും അത് സമൂഹത്തിന് ഉപകാരപ്രദമായ ഒരു നല്ല കാര്യത്തിന് വഴിമാറുമെങ്കിൽ അതിൽ തെറ്റൊന്നുമില്ല. ബിയാവോറയിലെ ബിട്ടു തബാഹിയാണ് എന്റെ ഇന്നത്തെ പ്രചോദനം’- ആനന്ദ് മഹീന്ദ്ര കുറിച്ചു. പിന്നാലെ പലരും ബിട്ടുവിനെ അഭിനന്ദിച്ച് രംഗത്തെത്തി.

ബിട്ടുവിനെ കുറിച്ചുള്ള പോസ്റ്റുകള്‍ ശ്രദ്ധയിൽപ്പെട്ടതോടെ, ആഗോളതലത്തിൽ കടലിലെയും പുഴകളിലെയും പ്ലാസ്റ്റിക് മാലിന്യങ്ങൾ നീക്കം ചെയ്യാൻ പ്രവർത്തിക്കുന്ന നെതർലാൻഡ്സ് ആസ്ഥാനമായുള്ള പരിസ്ഥിതി സംഘടനയായ ദി ഓഷ്യൻ ക്ലീനപ്പിന്‍റെ സ്ഥാപകനും സി.ഇ.ഒയുമായ ബോയൻസ്ലാറ്റ് അദ്ദേഹത്തെ നേരിട്ട് തങ്ങളുടെ കമ്പനിയിലേക്ക് ക്ഷണിക്കുകയായിരുന്നു. എക്സില്‍ പോസ്റ്റ് ചെയ്ത ‘ഞങ്ങളോടൊപ്പം ജോലി ചെയ്യാൻ വരൂ’ എന്ന ഒറ്റവരിയിലൂടെയായിരുന്നു ഈ ക്ഷണം. അത് ലോക ശ്രദ്ധ പിടിച്ചുപറ്റുകയും ചെയ്തു. 

കഴുത്തറ്റം വെള്ളത്തിലിറങ്ങി ബിട്ടു നടത്തിയ പോരാട്ടം ഇന്ന് രാജ്യത്തിനാകെ മാതൃകയാണ്. വെറും ഒരു നദിയല്ല ബിട്ടു ശുചീകരിച്ചത്, മറിച്ച് ഈ ദൗത്യം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ കണ്ണ് തുറപ്പിക്കുകയും നഗരസഭയുടെ നേരിട്ടുള്ള ഇടപെടലിന് വഴിയൊരുക്കുകയും ചെയ്തു. നഗരത്തിലെ 5 വലിയ ഡ്രെയിനേജുകളാണ് അജ്നാർ നദിയിലേക്ക് തുറക്കുന്നത്. ഇത് തടയാനായി 14.77 കോടി രൂപ ചെലവിൽ മലിനജല സംസ്‌കരണ പ്ലാന്റ് നിർമ്മിക്കാനുള്ള നിർദ്ദേശം തയ്യാറാക്കിയിട്ടുണ്ടെന്ന് ബിയാവോറ നഗരസഭ സബ് എന്‍ജിനീയര്‍ രൂപേഷ് കുമാർ നേതം പ്രതികരിച്ചു. സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ചിത്രങ്ങൾ വ്യാജമാണെന്ന ആരോപണങ്ങളും അദ്ദേഹം തള്ളി. ബിട്ടു പങ്കുവച്ച വിഡിയോകളും ഫോട്ടോകളും തികച്ചും യഥാർത്ഥമാണെന്ന് നഗരസഭ സ്ഥിരീകരിച്ചു.

'ഒരാൾക്ക് തനിയെ എന്ത് ചെയ്യാൻ സാധിക്കും?' എന്ന് സംശയിച്ചവർക്കുള്ള മറുപടിയാണ് തന്റെ ഈ യാത്രയെന്ന് ബിട്ടു എന്ന സുരേന്ദ്ര സിങ് പറയുന്നു. മാതൃകാപരമായ പ്രവർത്തനത്തിലൂടെ ഒരു സമൂഹത്തെ മുഴുവൻ മാറ്റത്തിലേക്ക് നയിക്കാൻ ഒരു വ്യക്തിക്ക് സാധിക്കുമെന്ന് ബിട്ടു തെളിയിച്ചിരിക്കുകയാണ്.

ENGLISH SUMMARY:

Surendra Singh Choudhary, a 21-year-old B.Sc. student from Biaora in Rajgarh district, Madhya Pradesh—popularly known online as "Bittu Tabahi"—has drawn global praise for single-handedly cleaning the polluted Ajnar River. Starting on Republic Day with just a spade, determination, and ₹30,000 from his own savings, Bittu removed plastic waste, bottles, and algae from the river, inspiring the Biaora Municipality to step in with heavy machinery like excavators. Industrialist Anand Mahindra commended his dedication, and Boyan Slat, CEO of the Netherlands-based environmental organization "The Ocean Cleanup," publicly invited Bittu via X (formerly Twitter) to join their team. Following his campaign, the municipality proposed a ₹14.77 crore sewage treatment plant to prevent urban drainage from polluting the river.