ആഗോളതാപനത്തിന്റെ പ്രത്യാഘാതങ്ങള്‍ ഏറ്റവും തീവ്രമായി അനുഭവപ്പെടുന്ന ഹിന്ദുക്കുഷ് ഹിമാലയന്‍ മേഖലകളില്‍ ഹിമാനീതടാക വിസ്ഫോടനങ്ങളും മഞ്ഞുപാളി തകര്‍ച്ചകളും അതിവേഗം വര്‍ധിക്കുന്നു. നേപ്പാളിലെ എവറസ്റ്റ് മേഖലയിലടക്കം സംഭവിച്ച അപ്രതീക്ഷിത ജലവിസ്ഫോടനങ്ങള്‍ ഇന്ത്യയുടെ അതിര്‍ത്തി സംസ്ഥാനങ്ങളിലേക്കും സമതലങ്ങളിലേക്കും വിരല്‍ ചൂണ്ടുന്ന അതിഗുരുതരമായ പാരിസ്ഥിതിക മുന്നറിയിപ്പാണ്.
സിക്കിമിലെ സൗത്ത് ലോനാക് ദുരന്തവും ഉത്തരാഖണ്ഡിലെ ചമോലി ദുരന്തവും എല്ലാം മുന്നില്‍ നില്‍ക്കെ, നേപ്പാള്‍ ദുരന്തത്തിന്റെ കൂടി പശ്ചാത്തലത്തില്‍ ഇന്ത്യന്‍ ഹിമാലയന്‍ മേഖല എത്രത്തോളം സുരക്ഷിതമാണെന്ന ചോദ്യം ശാസ്ത്രലോകം സജീവമായി ചര്‍ച്ച ചെയ്യുകയാണ്.
നേപ്പാളിലെ ദുരന്തങ്ങള്‍ ഇന്ത്യയ്ക്ക് മുന്നറിയിപ്പാകുന്നത് എന്തുകൊണ്ട്?: ഭൂമിശാസ്ത്രപരമായി നേപ്പാളുമായി അതിര്‍ത്തി പങ്കിടുന്ന ഇന്ത്യയിലെ കിഴക്കന്‍ പശ്ചിമ ഹിമാലയന്‍ സംസ്ഥാനങ്ങള്‍ വലിയ രീതിയിലുള്ള പാരിസ്ഥിതിക വെല്ലുവിളികളാണ് നേരിടുന്നത്. ശാസ്ത്രീയ കണക്കുകള്‍ പ്രകാരം രണ്ടായിരത്തിലധികം അപകട സാധ്യതാ തടാകങ്ങള്‍ സിക്കിം, ഉത്തരാഖണ്ഡ് ,ഹിമാചല്‍ മേഖലകളിലുണ്ട്. സ്ഥിരമായി ഉറഞ്ഞുകിടക്കുന്ന ഭൂഗര്‍ഭ മഞ്ഞുപാളികള്‍ ഉരുകുന്നത് മലഞ്ചരുവുകളുടെ ബലം കുറയ്ക്കുകയും ഹിമപാതങ്ങള്‍ക്ക് കാരണമാവുകയും ചെയ്യുന്നു. 2021ലെ ചമോലി ദുരന്തം ഇതിന് ഉദാഹരണമാണ്. നേപ്പാളില്‍ നിന്ന് ഉല്‍ഭവിക്കുന്ന കോസി, ഗണ്ഡക്, കര്‍ണാലി നദികള്‍ വഴി ഒഴുകിയെത്തുന്ന പാറക്കലുകളും നദീതടങ്ങളിലെ ആഴം കുറയ്ക്കുകയും ഇന്ത്യന്‍ സമതലങ്ങളില്‍ വലിയ മിന്നല്‍ പ്രളയങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യുന്നു.
എന്താണ് GLOF അഥവാ ഹിമാനീതടാക വിസ്ഫോടനം?: സമീപകാലത്തായി നേപ്പാളിലെ ഹിമാലയന്‍ മേഖലകളില്‍ ആവര്‍ത്തിക്കുന്ന ഹിമാനീതടാക വിസ്ഫോടനങ്ങള്‍ നേപ്പാളില്‍ മാത്രമല്ല ഇന്ത്യയിലെ കിഴക്കന്‍ പശ്ചിമ ഹിമാലയന്‍ മേഖലകളിലും വന്‍ ആശങ്കയാണ് സൃഷ്ടിക്കുന്നത്. സമുദ്രനിരപ്പിലുള്ള പ്രദേശങ്ങളെക്കാള്‍ ഉയര്‍ന്ന നിരക്കില്‍ മലനിരകള്‍ ചൂടാകുന്ന പ്രതിഭാസമായ ELEVATION DEPENDENT WARMING കാരണം ഹിമാലയന്‍ ഹിമാനികള്‍ അതിവേഗം ഉരുകന്നു. ഇതിന്റെ ഫലമായി പാറക്കെട്ടുകളും മണ്ണും ചേര്‍ന്ന അയഞ്ഞ പ്രകൃതിദത്ത തിട്ടകള്‍ക്ക് (MORAINES) പിന്നില്‍ വലിയ അളവില്‍ ജലം കെട്ടിക്കിടന്ന് പുതിയ മഞ്ഞുതടാകങ്ങള്‍ രൂപപ്പെടുന്നു. മൊറൈന്‍ തിട്ടകള്‍ക്ക് വിള്ളല്‍ സംഭവിക്കുമ്പോള്‍ ഇവ തകരുന്നു. നിമിഷങ്ങള്‍ക്കകം ലക്ഷകണക്കിന് ഘനമീറ്റര്‍ വെള്ളവും കല്ലും മണ്ണും എല്ലാം താഴ്‌വരകളിലേക്ക് കുതിച്ചൊഴുകുന്നു.
നേപ്പാളിലെ മാറ്റങ്ങള്‍ നല്‍കുന്ന ശാസ്ത്രീയ സൂചനകള്‍
ശൃംഖലാ ദുരന്തങ്ങള്‍ അഥവാ Cascading Hazards: നേപ്പാളിലെ എവറസ്റ്റ് മേഖലയിലടക്കം സംഭവിച്ച തടാകവിള്ളലുകള്‍ വ്യക്തമാക്കുന്നത് ഉയരത്തിലുള്ള ഒരു തടാകം തകരുമ്പോള്‍ ആ ജലപ്രവാഹം താഴെയുള്ള മറ്റ് ജലാശയങ്ങളെക്കൂടി തകര്‍ക്കുന്ന ഒരു ചെയിന്‍ റിയാക്ഷന്‍ പ്രക്രിയയാണ്. മുന്‍പ് വലിയ ഭീഷണിയായി കണക്കാക്കാതിരുന്ന ചെറിയ ഉപരിതല തടാകങ്ങള്‍ പോലും അതിവേഗം സംയോജിച്ച് വലിയ ചെളിപ്രവാഹമായി മാറുന്നു. ഭൂമിശാസ്ത്രപരമായ പ്രത്യേകതകള്‍ കാരണം നേപ്പാളിലെ മലനിരകളിലുണ്ടാകുന്ന ഒാരോ ജലവ്യതിയാനുവം ഇന്ത്യയിലെ നദീതടങ്ങളിലേക്കാണ് നേരിട്ടെത്തുന്നത്. ഹിമാലയന്‍ താഴ്‌വരകളിലെ അതിവേഗ നിര്‍മാണ പ്രവര്‍ത്തനങ്ങളും പ്രകൃതിദുരന്തങ്ങളുടെ ആഘാതം പലമടങ്ങ് വര്‍ധിക്കാന്‍ കാരണമാകുന്നുണ്ട്. ഹൈവേ വികസനപദ്ധതികളുടെ ഭാഗമായി മലഞ്ചെരുവുകള് കുത്തനെ വെട്ടിമുറിയ്ക്കുന്നതും തുരങ്ക നിര്‍മാണ അവശിഷ്ടങ്ങള്‍ നദീതീരങ്ങളില്‍ തള്ളുന്നതും മണ്ണിടിച്ചിലിന്റെ വ്യാപ്തി വര്‍ധിപ്പിക്കുന്നു. മലയോര നഗരങ്ങളിലെ ജനസാന്ദ്രതയും വിനോദസഞ്ചാരസമ്മര്‍ദവും ഭൂമിയുടെ താങ്ങാവുന്ന പരിധിക്ക് പുറത്താണ്.
ശാസ്ത്രീയ പരിഹാരങ്ങള്‍: ദുരന്തങ്ങളുടെ ആഘാതം കുറയ്ക്കാന്‍ വിദഗ്ധര്‍ മുന്നോട്ട് വയ്ക്കുന്ന പരിഹാര മാര്‍ഗങ്ങള്‍ ഇവയാണ്
1. Trans Boundary Early Warning system: ഇന്ത്യയും നേപ്പാളും സംയുക്തമായി റഡാര്‍ ഉപഗ്രഹ വിവരങ്ങളും നദീതട സെന്‍സര്‍ ഡാറ്റകളും തല്‍സമയം പരസ്പരം കൈമാറുന്ന വിപുലമായ ശൃംഖല സ്ഥാപിക്കുക
2. തടാകങ്ങളിലെ ജലനിരപ്പ് നിയന്ത്രിക്കല്‍: അപകട സാധ്യതയുള്ള ഹിമാനീതടാകങ്ങളില്‍ നിന്ന് സൈഫണിങ് വഴിയോ കനാലുകള്‍ വഴിയോ ജലത്തിന്റെ അളവ് മുന്‍കൂട്ടി കുറയ്ക്കുക. നിര്‍മാണ പദ്ധതികള്‍ക്ക് അനുമതി നല്‍കുമ്പോള്‍ ഒറ്റപ്പെട്ട പഠനങ്ങള്‍ നടത്തുന്നതിന് പകരം മുഴുവന്‍ നദീതടത്തേയും ഒരു യൂണിറ്റായി കണ്ട് സമഗ്രമായ ശാസ്ത്രീയ വിലയിരുത്തല്‍ നടത്തമെന്ന നിര്‍ദേശവും വിദഗ്ധര്‍ ആവശ്യപ്പെടുന്നു.