നേപ്പാളില്‍ വീണ്ടും മിന്നല്‍പ്രളയം.  ഗൂർഖ ജില്ലയിൽ ബുധി ഗന്ധകി നദിയിലെ ഒഴുക്ക് തടസ്സപ്പെട്ടതിനെ തുടർന്ന് വീണ്ടും ശക്തമായ മിന്നൽപ്രളയമുണ്ടാവുകയും നിരവധി വീടുകളും പാലങ്ങളും ഒലിച്ചുപോകുകയും ചെയ്തു.  ഗൂർഖ ജില്ലയിലെ ചുമ്നുബ്രി (Chumnubri) മേഖലയിലുണ്ടായ ശക്തമായ മണ്ണിടിച്ചിലിനെ തുടർന്ന് ബുധി ഗന്ധകി (Budhi Gandaki) നദിയിലെ ഒഴുക്ക് തടസ്സപ്പെടുകയും, പിന്നീട് ഈ തടസ്സം തകർന്ന് ചെളിയും അവശിഷ്ടങ്ങളും നിറഞ്ഞ വെള്ളം അതിശക്തമായി കുതിച്ചൊഴുകുകയുമായിരുന്നു.

ചുമ്നുബ്രി, ധാർച്ചെ എന്നീ റൂറൽ മുൻസിപ്പാലിറ്റികളിലെ സല്ലേരി ബസാർ, പൈയുക, ബഗർ, ജഗത്, ഘട്ടേഖോല തുടങ്ങിയ പ്രദേശങ്ങളെയാണ് പ്രളയം പ്രധാനമായും ബാധിച്ചത്.

മുപ്പത്തഞ്ചിലധികം  വീടുകൾ വെള്ളപ്പാച്ചിലിൽ ഒലിച്ചുപോവുകയോ തകരുകയോ ചെയ്തെന്നാണ് പ്രാഥമിക കണക്ക്. ഗൂർഖയെയും അയൽ ജില്ലയായ ധാഡിംഗിനെയും ബന്ധിപ്പിക്കുന്ന ഒരു ഹൈവേ സ്റ്റീൽ പാലവും (Bailey bridge), കൂടാതെ മൂന്നോളം തൂക്കുപാലങ്ങളും പൂർണ്ണമായും തകർന്നു. മേഖലയിലെ ഒരു ഹൈഡ്രോ ഇലക്ട്രിക് പ്രോജക്റ്റ് ക്യാമ്പിന് കേടുപാടുകൾ സംഭവിക്കുകയും നിർമ്മാണ ഉപകരണങ്ങൾ ഒലിച്ചുപോവുകയും ചെയ്തിട്ടുണ്ട്. 

നേപ്പാൾ പ്രധാനമന്ത്രി ബാൽ പ്രസാദ് ഷായുടെ  നിർദ്ദേശപ്രകാരം നേപ്പാൾ സൈന്യവും പൊലീസും ഹെലികോപ്റ്ററുകൾ വഴിയും കരമാർഗ്ഗവും രക്ഷാപ്രവർത്തനം നടത്തിവരികയാണ്. നദീതീരത്തുള്ള നിരവധി ഗ്രാമീണരെയും വിനോദസഞ്ചാരികളെയും സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചു. പ്രാഥമിക റിപ്പോർട്ടുകൾ പ്രകാരം 10 പേരെ കാണാതായതായും അതിൽ 6 പേരെ രക്ഷപ്പെടുത്തിയതായും അറിയിപ്പുണ്ട്.

 നദിയിലെ ജലനിരപ്പ് ഉയരുന്നതിനാൽ തനഹൂൻ, ചിത്വാൻ, ഈസ്റ്റ് നവൽപരാസി, വെസ്റ്റ് നവൽപരാസി തുടങ്ങിയ താഴ്‌വാരങ്ങളിലുള്ള പ്രദേശങ്ങളിലെ ജനങ്ങളോട് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാൻ ദേശീയ ദുരന്ത നിവാരണ അതോറിറ്റി (NDRRMA) ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്.

ENGLISH SUMMARY:

Nepal flash flood caused by a massive landslide in the Budhi Gandaki river has washed away several homes and bridges in the Gorkha district. Authorities have launched rescue operations and issued high alerts for downstream areas.