സംസ്ഥാനത്ത് കടുത്ത ചൂട് തുടരുന്നു. 12 ജില്ലകളിൽ യെലോ അലർട്ട് പ്രഖ്യാപിച്ചു . പകൽ താപനില 36 മുതൽ 38 ഡിഗ്രി സെൽഷ്യസ് വരെ ഉയരും .ഇടുക്കി, വയനാട് ജില്ലകൾ ഒഴികെയാണ് മുന്നറിയിപ്പ് നൽകിയിട്ടുള്ളത്. അതേസമയം ഇന്നു മുതൽ അഞ്ചു ദിവസം സംസ്ഥാനത്ത് എല്ലാ ജല്ലകളിലും മിതമായ മഴക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
അൾട്രാ വയലറ്റ് (യുവി) വികിരണത്തോത് ആശങ്കാജനകമായി രീതിയിലാണ് ഉയരുന്നത്. പാലക്കാട് ജില്ലയിലെ തൃത്താലയിലാണ് ഏറ്റവും ഉയർന്ന യുവി സൂചിക രേഖപ്പെടുത്തിയിരിക്കുന്നത്. ഇവിടെ 9 ആണ് യുവി നിരക്ക്. തൊട്ടുപിന്നിൽ കൊട്ടാരക്കര, കോന്നി, ചെങ്ങന്നൂർ, ചങ്ങനാശേരി, മൂന്നാർ, ഒല്ലൂർ, പൊന്നാനി എന്നീ സ്ഥലങ്ങളാണ്. ഇവിടെ സൂചിക 8 രേഖപ്പെടുത്തി. യുവി സൂചിക 8 മുതൽ 10 വരെ രേഖപ്പെടുത്തുന്ന സാഹചര്യത്തിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിക്കുക. ഇതു ശരീരത്തിനു ഹാനികരമായേക്കാവുന്ന ഉയർന്ന വികിരണത്തോതാണ്.
Read Also: എ.സിയില്ലാതെ കൂളാക്കാം; വീടിനുള്ളിലെ ചൂട് കുറയ്ക്കാന്‍ ചില ടിപ്പുകള്‍
കളമശേരി, ബേപ്പൂർ, മാനന്തവാടി (സൂചിക - 7), ധർമടം, ഉദുമ (സൂചിക - 6) എന്നിങ്ങനെയാണ് മറ്റിടങ്ങളിലെ യുവി നിരക്ക്. രാവിലെ 11 മുതൽ 4 വരെ നേരിട്ടു സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കണമെന്ന് നിർദേശമുണ്ട്. തുടർച്ചയായി വെയിലേറ്റാൽ സൂര്യാതപം, ചർമരോഗങ്ങൾ, കണ്ണിന് അസുഖങ്ങൾ എന്നിവയ്ക്ക് കാരണമാകുമെന്നും ദുരന്തനിവാരണ അതോറിറ്റി മുന്നറിയിപ്പു നൽകി.
കൊച്ചി നഗരത്തിലെ ചൂടിന് ഇരട്ടി പൊള്ളലാണ്. ഇന്ത്യൻ കാലാവസ്ഥാ വകുപ്പിന്റെ ദൈനംദിന ഡേറ്റ പ്രകാരം കേരളത്തിൽ ചൂട് കൂടുതൽ അനുഭവപ്പെടുന്ന മറ്റു ജില്ലകളുമായി താരതമ്യം ചെയ്യുമ്പോൾ ഒരാഴ്ചയായി കൊച്ചിയിലെ താപനില 28–34 ഡിഗ്രി സെൽഷ്യസിനിടയിൽ സ്ഥിരമായി നിൽക്കുന്നു. ഇതേ സമയം കൊല്ലം, കോട്ടയം, പാലക്കാട് ജില്ലകളിൽ 30–37 ഡിഗ്രി വരെ താപനില ഉയർന്നു. എന്നിട്ടും കൊച്ചിയിൽ പകൽ കൂടുതലായി അനുഭവപ്പെടുന്ന പൊള്ളലിന്റെ കാരണം ഉൾനാടൻ ഉപ്പ് ജലാശയങ്ങളുടെ സാന്നിധ്യമാണെന്നു കാലാവസ്ഥാ വിദഗ്ധർ ചൂണ്ടികാണിക്കുന്നു.
ഉപ്പിന്റെ അംശം കൂടുതൽ അടങ്ങിയ അന്തരീക്ഷ ബാഷ്പത്തിന്റെ (ഹ്യുമിഡിറ്റി) കൊച്ചിയിലെ തോത് 60 മുതൽ 70% വരെയാണു ചില ദിവസങ്ങളിൽ ഇത് 75% വരെ ഉയരാറുണ്ട്. ഏതാണ്ട് ഇതേ ഹുമിഡിറ്റി അളവുള്ള കാസർകോട്, കോഴിക്കോട്, ആലപ്പുഴ, കൊല്ലം ജില്ലകളെക്കാൾ പകൽ സമയങ്ങളിൽ കൊച്ചിയിൽ കൂടുതൽ പൊള്ളൽ അനുഭവപ്പെടാനുള്ള കാരണം ഉപ്പിന്റെ അംശത്തിനൊപ്പം അന്തരീക്ഷത്തിലെ പൊടിയുടെയും പെട്രോളിയം കണികകളുടെയും സാന്നിധ്യമാണ്. എയർകണ്ടിഷൻ ചെയ്ത വാഹനങ്ങളുടെയും കെട്ടിടങ്ങളുടെയും എണ്ണം കേരളത്തിലെ മറ്റു പട്ടണങ്ങളെക്കാൾ കൊച്ചിയിൽ കൂടുതലാണ്. ഇതും ചൂട് വർധിക്കാനുള്ള കാരണമാണ്. ഇതുകൊണ്ടാണ് കൊച്ചിയിലെ 31 ഡിഗ്രി സെൽഷ്യസ് ചൂട് പോലും പാലക്കാട്ടെയും പുനലൂരിലെയും 37 ഡിഗ്രി ചൂടിനേക്കാൾ അസഹ്യമാകുന്നതെന്നു കാലാവസ്ഥാ വകുപ്പിന്റെ (ഐഎംഡി) വെബ്സൈറ്റ് വ്യക്തമാക്കുന്നുണ്ട്.