പിരാന ഒരു ചെറിയ മീനല്ല. അപകടകാരിയാണ്. വെള്ളത്തിലെ നരഭോജി, കൊലയാളി ... വിശേഷണങ്ങള്‍ ഇങ്ങനെ പോകുന്നു. കക്ഷി ആളത്ര വെടിപ്പല്ലെന്ന് ഇപ്പോള്‍ മനസിലായിക്കാണുമല്ലോ. ആമസോണ്‍ ആണ് ഇവരുടെ തറവാട്. ലോകത്തെ ഏറ്റവും അപകടകാരികളായ മീന്‍ വര്‍ഗങ്ങളില്‍ ഒന്നാണ് പിരാന.
യുഎസ് പ്രസിഡന്റായിരുന്ന തിയഡോർ റൂസ്‌വെൽറ്റ് 1913ൽ തെക്കേ അമേരിക്ക സന്ദര്‍ശിച്ചു. അവിടെ വച്ച് ഈ മീനുകളെ കണ്ടതിനെക്കുറിച്ചുള്ള വിവരണം ലോകം ശ്രദ്ധിച്ചു. ഇതോടെയാണ് പിരാനകളെക്കുറിച്ചുള്ള വാര്‍ത്തകള്‍ പുറംലോകത്തേക്ക് നീന്തിയെത്തിയത്. ഏകദേശം 2.5 കോടി വർഷങ്ങളായി പിരാനകൾ ഭൂമിയിൽ ജീവിക്കുന്നു. ആമസോൺ. ,ഒറിനോക്കോ നദി, പരാഗ്വേ, ബ്രസീൽ, വെനിസ്വേല തുടങ്ങിയ രാജ്യങ്ങളിലെ തടാകങ്ങളിലാണ് ഇവ കൂടുതലും കാണപ്പെടുന്നത്.
എന്തു കൊണ്ടാണ് പിരാനകള്‍ ഇത്ര കുപ്രസിദ്ധരാകുന്നത്. ? ഗൂഗിളില്‍ ഒന്നു തിരഞ്ഞ് പിരാനയുടെ ചിത്രം കണ്ടു നോക്ക്. അപ്പോള്‍ മനസിലാകും അതിന്റെ കാരണം. മൂര്‍ച്ചയുള്ള പല്ലുകള്‍ തന്നെ പിരാനയെ വേറിട്ടതാക്കുന്നത്. ശത്രുക്കളെ നിമിഷങ്ങള്‍ക്കുള്ളില്‍ കടിച്ചു കീറി അകത്താക്കാന്‍ ഇവര്‍ക്കും സാധിക്കും.
മനുഷ്യരെ കടിച്ചുകീറി കൊലപ്പെടുത്തി ശാപ്പിടുന്ന പിരാനകളെ സിനിമകളില്‍ കാണാമെങ്കിലും അതത്ര ശരിയല്ല. കുറച്ചൊക്കെ ഭാവനയാണിതെന്നാണ് ശാസ്ത്രജ്ഞരുടെ പക്ഷം. പ്രജനന സമയത്ത് മുട്ടകളും മറ്റും നശിപ്പിക്കപ്പെടുമോയെന്ന ഭയത്തിൽ പിരാനകൾ മനുഷ്യരെ ആക്രമിക്കാറുണ്ട്. ഇവയുടെ സാന്നിധ്യമുള്ള സ്ഥലങ്ങളില്‍ നിര്‍ഭാഗ്യവശാല്‍ മനുഷ്യര്‍ പെട്ടു പോയാല്‍ പിന്നെ നോക്കണ്ട. ഇങ്ങനെ ഒട്ടേറെപ്പേര്‍ക്ക് ജീവന്‍ നഷ്ടമായിട്ടുണ്ട്. കൂർത്ത പല്ലുകളും മാംസത്തോട് ആർത്തിയുമുള്ള മത്സ്യമെന്നാണു പിരാനയെ വിശേഷിപ്പിക്കുന്നത്. നായ കുരയ്ക്കുന്നതിനു സമാനമായ ശബ്ദം പുറപ്പെടുവിക്കാറുമുണ്ട്.
പെട്ടെന്നു മുട്ടയിട്ട് പെരുകുന്ന പിരാനകള്‍ കൂട്ടമായി ആക്രമിക്കുന്ന പ്രകൃതക്കാരാണ്. പിരാനക്കൂട്ടം ആക്രമണത്തിനിറങ്ങിയാല്‍ മിനിറ്റുകള്‍ക്കുള്ളില്‍ ശത്രുവിന്‍റെ അസ്ഥികള്‍ വെള്ളത്തില്‍ ഒഴുകി നടക്കും. ശാസ്ത്രഞ്ജര്‍ ഒരു കാര്യം കൂടി പറയുന്നു. വെള്ളത്തില്‍ രക്തം പടര്‍ന്നാല്‍ നൊടിയിടയില്‍ ഇവറ്റകള്‍ കൂട്ടത്തോടെ കുതിച്ചെത്തും. പിന്നെ മാസ് അറ്റാക്ക് ആയിരിക്കും .ശരീരവലുപ്പം കുറവാണ്. പക്ഷെ റേസര്‍ പോലെയുള്ള പല്ലുകളാണ് ഇവയുടെ ആയുധം. ഒറ്റ കടിയിലൂടെ തന്നെ മാംസം അടര്‍ന്നു മാറും. ശക്തമായ താടി എല്ലുകളാണ് ഇവയ്ക്കുള്ളത് . ചെറിയൊരു മീനിന് ഇത്രയും മാരകമായി കടിക്കാന്‍ സാധിക്കുന്നതെങ്ങനെ എന്ന് സംശയം തോന്നിപ്പോകാം.
എന്നാല്‍ ഒരു കാര്യം കൂടി വിദഗ്ധര്‍ പറയുന്നു. പിരാനകള്‍ മനുഷ്യരെയക്കം ആരേയും ഇങ്ങോട്ടു വന്നു വേട്ടയാടില്ല. സ്വന്തം നിലനില്‍പ്പിനു ഭീഷണിയെന്നു തോന്നുമ്പോഴും ഇര തേടാനുമാണ് ഇവ ആക്രമണ സ്വഭാവം കാണിക്കുക. ചെറുമത്സ്യങ്ങളും ചത്ത മൃഗങ്ങളുടെ അവശിഷ്ടങ്ങളും മറ്റുമാണ് പ്രധാനമായും ഭക്ഷണം.
പൊതുവേ മാംസഭുക്കുകളാണന്ന് പറയപ്പെടുന്നുണ്ടെങ്കിലും ചിലയിടങ്ങളില്‍ കാണപ്പെടുന്ന പിരാന സസ്യാഹാരിയാണ്. നമ്മുടെ വേമ്പനാട്ട് കായലില്‍ പിരാന വര്‍ഗത്തില്‍പ്പെടുന്ന മത്സ്യങ്ങളെ കണ്ടെത്തിയിട്ടുണ്ട്. പക്ഷേ പേടിക്കേണ്ടതില്ല, ഇവ മനുഷ്യരെ ഉപദ്രവിക്കുന്ന കൊലയാളികളല്ല.