ആരവല്ലി മലനിരകളുടെ നിർവചനത്തിൽ മാറ്റം വരുത്തിയ വിധിയും തുടര്‍ നടപടികളും തടഞ്ഞ് സുപ്രീം കോടതി. നിർവചനത്തില്‍ വ്യക്തതയില്ലെന്ന് നിരീക്ഷിച്ച കോടതി വിശകലനത്തിന് പുതിയ വിദഗ്ദ സമിതി രൂപീകരിക്കാന്‍ നിര്‍ദേശിച്ചു. സ്വമേധയാ സ്വീകരിച്ച ഹര്‍ജയില്‍ കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് കോടതി നോട്ടീസയച്ചു.
ആരവല്ലി മലനിരകളുടെ നിര്‍വചനം മാറ്റിയതോടെയുയര്‍ന്ന ആശങ്കയ്ക്ക് താല്‍ക്കാലിക വിരാമം. പ്രാദേശിക ഭൂപ്രകൃതിയിൽനിന്ന് കുറഞ്ഞത് 100 മീറ്റർ ഉയരമുള്ള കുന്നുകളെ മാത്രമേ ആരവല്ലിയുടെ ഭാഗമായി കണക്കാക്കാനാകൂ എന്ന വിദഗ്ധ സമിതി ശുപാര്‍ശയും, ശുപാര്‍ശ ശരിവച്ച വിധിയും സുപ്രീം കോടതി സ്റ്റേ ചെയ്തു. പുതിയ നിര്‍വചനം അനിയന്ത്രിതമായ ഖനനത്തിനും പരിസ്ഥിതി നശീകരണത്തിലും വഴിവയ്ക്കുമെന്ന ആശങ്കയുയര്‍ത്തിരുന്നു. പ്രതിഷേധങ്ങളും ശക്തമാകവെ സ്വമേധയാ സ്വീകരിച്ച ഹര്‍ജിയിലാണ് ചീഫ് ജസ്റ്റിസ് സൂര്യാകാന്ത് അധ്യക്ഷനായ മൂന്നംഗ അവധിക്കാല ബെഞ്ചിന്‍റെ ഉത്തരവ്.
മുൻ സമിതിയുടെ ശുപാർശകളുണ്ടാക്കുന്ന പാരിസ്ഥിതിക ആഘാതം പഠിക്കാൻ പുതിയ വിദഗ്ദ്ധ ഉന്നതാധികാര സമിതി രൂപീകരിക്കാന്‍ കോടതി ഉത്തരവിട്ടു. വിദഗ്ധ സമിതി റിപ്പോര്‍ട്ട് നല്‍കുന്നതുവരെ ആരവല്ലിയില്‍ തുടര്‍ നടപടികള്‍ പാടില്ല. മലനിരകളുടെ ഘടനയും പരിസ്ഥിതിയും തകരരുതെന്നും കോടതി. കൂടുതല്‍ ഖനനം നടത്തരുതെന്ന് സംസ്ഥാനങ്ങളോട് നിർദ്ദേശിച്ചതായി കേന്ദ്ര സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. ഹർജി അടുത്തമാസം 21ന് വീണ്ടും പരിഗണിക്കും.
പരിസ്ഥിതി മന്ത്രാലയം നിയോഗിച്ച സമിതിയുടെ ശുപാർശയനുസരിച്ചാണ് നവംബര്‍ 20–ന് അന്നത്തെ ചീഫ് ജസ്റ്റിസ് ബി.ആർ.ഗവായി അധ്യക്ഷനായ ബെഞ്ചാണ് പുതിയ നിർവചനം അംഗീകരിച്ചത്. പിന്നാലെ പരിസ്ഥിതി സംഘടനകളടക്കം ശക്തമായ പ്രതിഷേധത്തിലായിരുന്നു. സുപ്രീം കോടതി ഉത്തരവ് സ്വാഗതംചെയ്ത കേന്ദ്ര പരിസ്ഥിതി മന്ത്രി ഭൂപേന്ദ്ര യാദവ് ആരവല്ലി മലനിരകള്‍ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും വ്യക്തമാക്കി. ഉത്തരവ് താത്കാലിക ആശ്വാസമാണെന്ന് കോണ്‍ഗ്രസും പ്രതികരിച്ചു.