ഡിറ്റ്‌വാ ചുഴലിക്കാറ്റ് ശ്രീലങ്കയെ വലച്ച് ഇന്ത്യയുടെ തീരത്തേക്ക് അടുക്കുമ്പോള്‍, 2017 നവംബര്‍ 29 ഒാര്‍മയിലെത്തും. എട്ടുവര്‍ഷം മുന്‍പ് ഇതേദിവസമായിരുന്നു കേരളത്ത വിറപ്പിച്ച ഒാഖി ചുഴലിക്കൊടുങ്കാറ്റിന്‍റെ വരവ്. ശ്രലങ്കയില്‍ വെള്ളപ്പൊക്കവും കടുത്ത നാശവും വിതച്ചശേഷമാണ് പാക്ക് കടലിടുക്കും കടന്ന് ഒാഖി കേരളത്തിന്‍റെ തീരത്തേക്കും ലക്ഷദ്വീപിലേക്കും വന്നത്. നമ്മുടെ തൊട്ടയല്‍പക്കത്തെ ശ്രീലങ്കയും തെക്കേഇന്ത്യയുമായി എത്രമാത്രം ബന്ധപ്പെട്ടു കിടക്കുന്നുവെന്നും കാലാവസ്ഥാ പ്രശ്നങ്ങള്‍ ഇരു ഭൂപ്രദേശങ്ങളെ എങ്ങിനെ ബാധിക്കുന്നുവെന്നും ആവര്‍ത്തിച്ച് വ്യക്തമാക്കുകയാണ് ചുഴലിക്കാറ്റുകളുടെ മാസമെന്ന് അറിയപ്പെടുന്ന നവംബര്‍.
ഡിറ്റ്‌വാ : ശ്രീലങ്കയെ വലച്ച് കാറ്റും മഴയും
ഡിറ്റ്‌വാ ചുഴലിക്കാറ്റില്‍ വലയുകയാണ് ശ്രീലങ്ക. 56 പേര്‍ മരിച്ചതായും 21 പേരെ കാണാതാതായെന്നുമാണ് പ്രാഥമിക വിവരം. അതിശ്കതമായ മഴയില്‍ പുഴകളും ജലാശയങ്ങളും കരകവിഞ്ഞതോടെ വന്‍വെള്ളപ്പൊക്ക ഭീഷണിയാണ് ശ്രീലങ്ക നേരിടുന്നത്. 21പേര്‍ മണ്ണിടിച്ചിലില്‍ മരിച്ചു. ബാദുല എന്ന പ്രദേശത്ത് രാത്രിയായിരുന്നു അപകടമുണ്ടായത്. കൊളംബോ നഗരമുള്‍പ്പെടെ വെള്ളപ്പൊക്കഭീഷണിയിലാണ്. അനുരാധപുരയില്‍ ഹെലിക്കോപ്റ്ററുകളില്‍ ആളുകളെ ഒഴിപ്പിച്ചു. വെള്ളം പൊങ്ങിയപ്പോള്‍ കെട്ടിടങ്ങളുടെ മേല്‍ക്കൂരകളില്‍ കുടുങ്ങിയവരെയാണ് ശീലങ്കന്‍ വ്യോമസേന രക്ഷിച്ചത്. സ്ഥിതി ഗൗരവതരമായതോടെ ഇന്ത്യയുടെ സഹായം തേടിയിരിക്കുകയാണ് ശ്രീലങ്ക.
അന്‍പതിനായിരത്തോളം പേരെ ഈ ചുഴലിക്കാറ്റും മഴയും നേരിട്ട് ബാധിച്ചതായാണ് ശ്രീലങ്കന്‍ സര്‍ക്കാരിന്‍റെ കണക്കുകള്‍. ആദ്യ മണിക്കൂറുകളില്‍ തന്നെ 25000 പേരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. റോഡ്, റയില്‍, വ്യോമഗതാഗതം അപ്പാടെ തകരാറിലാണ്. കൊളംബോയിലിറങ്ങേണ്ട പല വിമാനങ്ങളും തിരുവനന്തപുരത്തേക്ക് തിരിച്ചു വിട്ടു.
ഇന്നലെ രൂപമെടുത്ത ചുഴലിക്കാറ്റ് വരും മണിക്കൂറുകളില്‍ വീണ്ടും ശക്തി കൈവരിച്ച് മുന്നോട്ട് വടക്കു പടിഞ്ഞാറന്‍ദിശയിലേക്ക് നീങ്ങാനാണ് സാധ്യത. തമിഴ്നാട്, പോണ്ടിച്ചേരി, ആന്ധ്ര എന്നിവിടങ്ങളിലെ തീര പ്രദേശങ്ങളില്‍ അതീവ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. 30 ാം തീയതിയോടെ ചുഴലിക്കാറ്റ് ഇതര തമിഴ്നാട്ടിലോ തെക്കന്‍ ആന്ധ്രയിലോ എത്തിച്ചേരുമെന്നാണ് കരുതുന്നത്.
ഒാര്‍മയില്‍ ഒാഖി
ഡിറ്റ്‌വാ ശ്രീലങ്കയിലുണ്ടാക്കുന്ന പ്രശ്നങ്ങള്‍ 2017 ലെ ഒാഖി ചുഴലിക്കാറ്റിനെ ഒാര്‍മ്മിപ്പിക്കും വിധമാണ്. നവംബര്‍ അവസാനമായിരുന്നു ഒാഖിയുടെയും വരവ്. ന്യൂനമര്‍ദമായി ശ്രീലങ്കയില്‍ വന്‍മഴയും വെള്ളപ്പൊക്കവും സൃഷ്ടിച്ച ഒാഖി ചുഴലിക്കാറ്റ് കേരളതീരത്ത് കനത്ത നാശമുണ്ടാക്കി. കടലില്‍ പോയിരുന്ന മത്സ്യതൊഴിലാളികള്‍ക്കാണ് ജീവന്‍നഷ്ടപ്പെട്ടത്. നവംബര്‍ 29/ 30 നായിരുന്നു ഒാഖിയുടെ സംഹാരതാണ്ഡവം. മരിച്ചവരിലും കാണാതായവരിലും അധികവും മത്സ്യതൊഴിലാളികള്‍.
വേണ്ട മുന്നറിയിപ്പില്ലാതിരുന്നതും ദുരന്തനിവാരണ സംവിധാനത്തിന്‍റെ പരിമിതികളുമാണ് അന്ന് കടുത്ത നാശനഷ്ടങ്ങള്‍ക്ക് വഴിവെച്ചത്. എന്നാല്‍ ഇത്തവണ തമിഴ്നാടിനോടും ആന്ധ്രയോടും എല്ലാ മുന്‍കരുതലുകളും സ്വീകരിക്കാനാണ് കാലാവസ്ഥാ വകുപ്പ് നല്‍കിയിരിക്കുന്ന നിര്‍ദേശം. തമിഴ്നാട് , പോണ്ടിച്ചേരി, ആന്ധ്ര, കേരളം , ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനം പൂര്‍ണമായി വിലക്കിയിട്ടുണ്ട്. എത്രകരുതിയിരിക്കുന്നോ അത്രയും നാശനഷ്ടവും മരണങ്ങളും കുറക്കാമെന്നാണ് ചുഴലിക്കാറ്റുകള്‍ നല്‍കുന്ന പാഠം. ഇന്ത്യയില്‍ മുന്നൊരുക്കങ്ങള്‍ ഏറ്റവും ഫലപ്രദമായി നടപ്പാക്കിയ ഒഡീഷ മറ്റ് സംസ്ഥാനങ്ങള്‍ക്ക് മാതൃകയാണ്.
അപകടസാധ്യതയുള്ള പ്രദേശങ്ങളില്‍ നിന്ന് ആളുകളെ ഒഴിപ്പിക്കുക, മത്സ്യബന്ധനം പൂര്‍ണമായി റദ്ദുചെയ്യുക, ജാഗ്രതാ നിര്‍ദേശങ്ങള്‍ എല്ലാവരിലും എത്തുന്നുവെന്ന് ഉറപ്പാക്കുക, രക്ഷാ സേനകളെ തയ്യാറാക്കി നിര്‍ത്തുക എന്നിവ പരമപ്രധാനമാണ്. കാലാവസ്ഥാ മാറ്റത്തിന്‍റെ പശ്ചാത്തലത്തില്‍ നല്ല അയല്‍ക്കാരാവുക എന്നാല്‍ അടിയന്ത ഘട്ടങ്ങളിലും ദുരന്തമുഖത്തും പരസ്പരം താങ്ങാവുക എന്നുകൂടിയാണ്. ഇന്ത്യക്കും ശ്രീലങ്കക്കും തമിഴ്നാടിനും കേരളത്തിനുമെല്ലാം കൈകോര്‍ക്കേണ്ടിവരും, വന്‍മഴക്കാലങ്ങളെയും കൊടുങ്കാറ്റുകളെയും അതിജീവിക്കാന്‍.